ADVERTISEMENT

ഇന്ത്യയുടെ സമുദ്രവ്യാപാര രംഗത്തെ നാഴികകല്ലായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ മദർഷിപ്പ് ജൂലൈയിൽ തീരമണഞ്ഞിരുന്നു. വാണിജ്യാടിസ്ഥാന ത്തിലുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായ ട്രയൽ റണ്ണിന്റെ ഭാഗമായി ആയിരത്തിലധികം കണ്ടെയ്നറുകൾ ഉള്ള മദർഷിപ്പാണ് തുറമുഖത്തു നങ്കൂരമിട്ടത്. 

സമുദ്രാധിഷ്ഠിത ചരക്കു നീക്കത്തിൽ രാജ്യത്തിനു സുപ്രധാന സ്ഥാനം ലഭ്യമാക്കുന്ന വിഴിഞ്ഞം തുറമുഖം അത്യാധുനിക ഓട്ടോമേറ്റഡ് ക്രെയിനുകളും നൂതന ഓട്ടോമേഷൻ സംവിധാനങ്ങളോടും കൂടി ഷിപ്പിംഗ് കാര്യക്ഷമതയിൽ മുൻപന്തിയിലുള്ള എല്ലാ തുറമുഖങ്ങളോടും കിടപിടിക്കുന്ന തരത്തിൽ നൂതന സജ്ജീകരണങ്ങളോടെയാണ് യാഥാർത്ഥ്യമാകുന്നത്.

ഇതിനിടെ തൃശൂരില്‍ വിഴിഞ്ഞം തുറമുഖത്തേക്കാള്‍ വലിയ തുറമുഖം  യാഥാര്‍ഥ്യമാക്കുമെന്ന്  കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞെന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മനോരമ ഓൺലൈൻ ഫാക്‌ട് ചെക്ക് വാട്‌സാപ് നമ്പറില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റര്‍ വസ്തുത പരിശോധനയ്ക്കായി ഞങ്ങൾക്ക് ലഭിച്ചു.എന്നാൽ ഈ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം.

∙ അന്വേഷണം

വിഴിഞ്ഞം തുറമുഖത്തിനെക്കാളും വല്യ ഒരു തുറമുഖം തൃശൂരിൽ യാഥാർഥ്യമാക്കും എന്നെഴുതിയ പോസ്റ്ററിനൊപ്പമാണ് സുരേഷ് ഗോപിയുടെ ചിത്രത്തിനൊപ്പമുള്ള പോസ്റ്റ് പ്രചരിക്കുന്നത്.

suresh1

സുരേഷ് ഗോപി ഇത്തരമൊരു പരാമർശം നടത്തിയത് സംബന്ധിച്ച റിപ്പോർട്ടുകളെന്തെങ്കിലും മാധ്യമങ്ങള്‍ നല്‍കിയിട്ടുണ്ടോയെന്ന് പരിശോധിച്ചെങ്കിലും സുരേഷ്ഗോപി ഈ പ്രസ്താവന നടത്തിയതായിട്ടുള്ള വാർത്തകൾ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

കീവേഡുകളുടെ തിരയലിൽ വിഴിഞ്ഞം തുറമുഖത്ത് മദർഷിപ്പ് എത്തിയതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി ഇത്തരമൊരു പരാമർശം നടത്തിയതായി അവകാശപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ചിലർ പോസ്റ്റുകളിട്ടിരുന്നതായി ശ്രദ്ധയിൽപ്പെട്ടു.

സ്ഥിരീകരണത്തിനായി ഞങ്ങൾ സുരേഷ് ഗോപിയുടെ ഓഫീസ് വൃത്തങ്ങളുമായി സംസാരിച്ചു. വിഴിഞ്ഞം തുറമുഖത്തിനായി നിരവധി വർഷങ്ങൾ പ്രവർത്തിച്ച വ്യക്തിയാണ് സുരേഷ് ഗോപി.അദ്ദേഹം പറഞ്ഞെന്ന തരത്തിൽ അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. പ്രധാനമന്ത്രി മോദിയുമായുള്ള ആദ്യ കൂടിക്കാഴ്ച്ചയിൽ തന്നെ വിഴിഞ്ഞം തുറമുഖത്തിനു വേണ്ടിയാണ് അദ്ദേഹം സംസാരിച്ചത്.സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ മനോരമ ഓൺലൈനോട് വ്യക്തമാക്കി.

കേന്ദ്ര മന്ത്രി ആയശേഷം ആദ്യമായി തുറമുഖ സന്ദർശനത്തിയപ്പോൾ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ തുടർ വികസനത്തിന് ആക്കം കൂട്ടാൻ കേന്ദ്ര റെയിൽ, ഷിപ്പിങ് മന്ത്രിമാരെ വൈകാതെ ഇവിടേക്കു കൊണ്ടുവരുമെന്ന്  സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. ഇരു കേന്ദ്രമന്ത്രിമാരെയും നേരിൽ കണ്ട് ഇക്കാര്യം ആവശ്യപ്പെടും. സംസ്ഥാനത്തെ വിനോദ സഞ്ചാരമേഖലയിൽ പ്രധാനമന്ത്രിക്ക് പ്രത്യേക താൽപര്യമുണ്ടെന്നു പറഞ്ഞ സുരേഷ് ഗോപി വിനോദ സഞ്ചാര കേന്ദ്രങ്ങളായ ശംഖുമുഖത്തിനും കോവളത്തിനും പ്രത്യേക പരിഗണന നൽകുമെന്ന് അറിയിച്ചു.

ഇതോടനുബന്ധിച്ച് കോവളത്ത് മോട്ടൽ സൗകര്യമുൾപ്പെടെ സജ്ജമാക്കും. ശുദ്ധജലതടാകമായ വെളളായണിക്കായലിൽ ഉറവകൾ തെളിച്ചും ആഴം കൂട്ടിയും ജലലഭ്യത വർധിപ്പിക്കും. വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്ന പദ്ധതിയുടെ ഭാഗമായി കായലിനു ചുറ്റും സൈക്കിൾ, നടപ്പാതകൾ, പക്ഷി ആവാസ കേന്ദ്രങ്ങൾ എന്നിവ സജ്ജമാക്കും. മുതലപ്പൊഴിയിലെ അപകടങ്ങൾ ഒഴിവാക്കാൻ സത്വര നടപടികൾ സ്വീകരിക്കും. ഇതിനായി ഹാർബർ എൻജിനീയറിങ്, ജിയോളജി വിഭാഗം, അദാനി തുറമുഖ കമ്പനി എന്നിവരുമായി സഹകരിച്ചു പദ്ധതി തയാറാക്കുമെന്നും പറഞ്ഞിരുന്നു 

ലഭ്യമായ വിവരങ്ങളിൽ നിന്ന് വിഴിഞ്ഞം തുറമുഖത്തിനെക്കാളും വല്യ ഒരു തുറമുഖം തൃശൂരിൽ യാഥാർഥ്യമാക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞതായുള്ള പോസ്റ്റുകൾ വ്യാജമാണെന്ന് വ്യക്തമായി.

∙ വസ്തുത

വിഴിഞ്ഞം തുറമുഖത്തേക്കാളും വല്യ തുറമുഖം തൃശൂരിൽ യാഥാർഥ്യമാക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞതായുള്ള പോസ്റ്റുകൾ വ്യാജമാണ്.

English Summary :The posts where Suresh Gopi said that a port bigger than Vizhinjam port will be realized in Thrissur are fake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com