ADVERTISEMENT

ലിവർപൂൾ• ബ്രിട്ടനിലെ ലിവർപൂളിനു സമീപം മരിച്ചനിലയിൽ കണ്ടെത്തിയ മലയാളി വിദ്യാർഥിയുടെ മൃതദേഹം പോസ്റ്റുമോർട്ടം പൂർത്തിയായതിനെ തുടർന്ന് ഡിസംബർ 28 ന് ലിവർപൂൾ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ പൊതുദർശനം നടത്തും. രാവിലെ 11 മണി മുതലാണ് പൊതു ദർശനം ഉണ്ടാവുക. പൊതുദർശന ശുശ്രൂഷകൾക്ക് ഇന്ത്യൻ ഓർത്തഡോക്സ് യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസന സെക്രട്ടറിയും ലിവർപൂൾ പള്ളി വികാരിയുമായ ഫാ. ഹാപ്പി ജേക്കബ് നേതൃത്വം നൽകും. വിജിൻ കൊല്ലം ജില്ലയിലെ കൊട്ടാരക്കര കിഴക്കേത്തെരുവ് ഇരുങ്ങൂർ നീലാംവിളയിൽ വി വി നിവാസിൽ ഗീവർഗീസിന്റെയും ജെസിയുടെയും മകനാണ്. വിപിൻ വർഗീസാണ് ഏക സഹോദരൻ.

ലിവര്‍പൂളിനടുത്ത് വിരാല്‍ ബെര്‍ക്കന്‍ഹെഡ് റോക്ക് ഫെറിയിലാണു വീടിനുള്ളിൽ മരിച്ച നിലയിൽ വിജിനെ കണ്ടെത്തിയത്. ഡിസംബർ 2 ന് രാത്രി 10 മണിയോടെയാണ് മരണ വിവരം പുറത്തറിയുന്നത്. ചെസ്റ്റർ യൂണിവേഴ്‌സിറ്റിയിൽ എംഎസ്സി എൻജിനിയറിങ്ങ് മാനേജ്മെന്റ് വിദ്യാർഥിയായി കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് എത്തിയത്. മരണ ശേഷം ചെസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്നു വിജിൻ പഠിച്ച കോഴ്സിന്റെ പരീക്ഷാഫലം പുറത്തു വന്നിരുന്നു. മികച്ച വിജയമാണ് വിജിന് ഉണ്ടായത്. എന്നാൽ അതറിയാനുള്ള വിധി പോലും വിജിന് ഉണ്ടായില്ല എന്നത് മലയാളികളായ സഹപാഠികൾക്കും സുഹൃത്തുക്കൾക്കും ഏറെ നൊമ്പരമായി

പഠനത്തോടൊപ്പം സ്വകാര്യ ഏജൻസി മുഖേന പാർട്ട്‌ ടൈം ജോലിയും ചെയ്തിരുന്നു. ജോലി ചെയ്യാനുള്ള സൗകര്യം കണക്കിലെടുത്തതാണ് വിജിൻ ചെസ്റ്ററിൽ നിന്നും ബെര്‍ക്കന്‍ഹെഡില്‍ താമസമാക്കിയത്. മരണത്തിൽ മെഴ്സിസൈഡ് പൊലീസ് ആണ് കേസ് എടുത്തിട്ടുള്ളത്. കേസന്വേഷണ വിവരങ്ങൾ മാർച്ച്‌ മാസത്തോട് കൂടിയേ അറിയുവാൻ കഴിയൂ എന്നാണു സൂചന.

പൊതു ദർശനത്തിനു ശേഷം മൃതദേഹം നാട്ടിലേക്ക് ഫ്‌ളൈറ്റ് ടിക്കറ്റ് കിട്ടുന്ന മുറയ്ക്ക് എത്രയും വേഗം എത്തിക്കുമെന്നു വിജിന്റെ നെക്സ്റ്റ് ഓഫ് കിൻ ആയി പൊലീസ് ചുമതലപ്പെടുത്തിയ വിരാൽ മലയാളി കമ്മ്യൂണിറ്റി പ്രസിഡന്റ് ജോഷി ജോസഫ്, സെക്രട്ടറി ആന്റണി പ്രാക്കുഴി എന്നിവർ പറഞ്ഞു. മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുന്നതിനു കേന്ദ്രമന്ത്രി വി. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് എം പി എന്നിവർ ബ്രട്ടീഷ് ഹൈക്കമ്മിഷനിൽ ബന്ധപ്പെട്ടിരുന്നു. വിജിനു വേണ്ടി പ്രാദേശിക തലത്തിൽ വിരാൽ മലയാളി കമ്മ്യൂണിറ്റി ഫണ്ട് ശേഖരണം നടത്തിയിരുന്നു. ഏകദേശം ആറു ലക്ഷം ഇന്ത്യൻ രൂപയ്ക്ക് തുല്യമായ തുകയാണ് ശേഖരിക്കപ്പെട്ടത്. മലയാളി കമ്മ്യൂണിറ്റിയുടെ ഭാരവാഹികളുടെ അഭ്യർഥന പ്രകാരം ചെസ്റ്റർ യൂണിവേഴ്സിറ്റി മൃതദേഹം നാട്ടിൽ എത്തിക്കുവാൻ ആവശ്യമായ 3000 പൗണ്ട് നൽകിയിരുന്നു. ആയതിനാൽ ഫണ്ട് ശേഖരണത്തിലൂടെ ലഭിച്ച മുഴുവൻ തുകയും വിജിന്റെ കുടുംബത്തിനു കൈമാറുമെന്നു മലയാളി കമ്മ്യൂണിറ്റി ഭാരവാഹികൾ അറിയിച്ചു.

പൊതുദർശനം നടക്കുന്ന ദേവാലയത്തിന്റെ വിലാസം:-

St. Thomas Indian Orthodox Church, West Derby, Mill Lane, Liverpool, Merseyside L12 7JU

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com