ADVERTISEMENT

ലണ്ടൻ • മലയാളികൾ അടക്കമുള്ള നൂറുകണക്കിന് വിദേശ ദന്ത ഡോക്ടർമാർക്ക് യുകെയിൽ ജോലി അനായാസം നേടുന്നതിനുള്ള വഴിതുറക്കുന്നു. വിദേശത്ത് നിന്നുള്ള ദന്ത ഡോക്ടർമാർക്ക് യുകെയിൽ പ്രാക്ടീസ് നടത്താൻ ഇതുവരെ ആവശ്യമായിരുന്ന യോഗ്യതാ ടെസ്റ്റ് ഒഴിവാക്കാനാണ് പുതിയ തീരുമാനം. വിദേശത്തുനിന്നുള്ള ദന്ത ഡോക്ടർമാരുടെ വിദ്യാഭ്യാസവും വൈദഗ്ധ്യവും പരിശോധിക്കാൻ ഇപ്പോൾ നടത്തിവരുന്ന പരീക്ഷയില്ലാതെ അവരെ യുകെയിലെമ്പാടും ജോലി ചെയ്യാൻ അനുവദിക്കുന്ന പദ്ധതിയാണ് സർക്കാർ പരിഗണിക്കുന്നത്.

രാജ്യത്തെ എൻഎച്ച്എസ് ആശുപത്രികളിലും ഇതര ആരോഗ്യകേന്ദ്രങ്ങളിലും നിലവിലുള്ള ദന്ത ഡോക്ടർമാരുടെ കടുത്ത ക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി. ദന്ത ഡോക്ടർമാരുടെ വേതന വർധനവും സ്‌പെഷ്യൽ ബോണസും  ഇൻസെന്റീവും അടക്കം കൂടുതൽ ആനുകൂല്യങ്ങളും പദ്ധതിയിലുണ്ട്. പുതിയ പദ്ധതി മൂന്ന് മാസത്തെ പബ്ലിക് കൺസൾട്ടേഷന് ശേഷമായിരിക്കും നടപ്പിലാക്കുക. വേഗത്തിലുള്ള പ്രക്രിയ കൂടുതൽ ദന്തഡോക്ടർമാരെ രാജ്യത്തേക്ക് ആകർഷിക്കുമെന്നും നിലവിലെ കുറവ് പരിഹരിക്കുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.

എൻഎച്ച്എസിൽ ആവശ്യത്തിന് ദന്ത ഡോക്ടർമാർ ഇല്ലാത്തതിനാൽ  ദന്തരോഗങ്ങളുമായി ആയിരക്കണക്കിന് രോഗികൾ മാസങ്ങളോളം വേദന സഹിച്ച് കഴിയുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഈ മാസം ആദ്യം പ്രഖ്യാപിച്ച ഇംഗ്ലണ്ടിനായുള്ള ഗവൺമെൻ്റിൻ്റെ 200 മില്യൻ പൗണ്ടിൻ്റെ എൻഎച്ച്എസ് ഡെൻ്റൽ റിക്കവറി പ്ലാനിൻ്റെ ഭാഗമായാണ് നിർദേശം. നിലവിൽ വിദേശ ദന്ത ഡോക്ടർമാർ യുകെയിൽ ജോലി ആരംഭിക്കുന്നതിന് മുമ്പ്  യോഗ്യതാ പരീക്ഷ പാസാകേണ്ടതുണ്ട്. പുതിയ തീരുമാനം ജനറൽ ഡെൻ്റൽ കൗൺസിലിന് (ജിഡിസി) പരീക്ഷ നടത്താതെ തന്നെ വിദേശ ഡോക്ടർമാരെ താൽക്കാലികമായി നിയമിക്കാനുള്ള അധികാരം നൽകും.

English Summary:

Move to Tackle UK Dentist Shortage; Qualifying Test for Foreign Nationals will be Waived, Including Malayalis.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com