ADVERTISEMENT

ഡബ്ലിൻ ∙ അയർലൻഡിൽ വെള്ളിയാഴ്ച നടന്ന കൗണ്ടി കൗൺസിൽ തിരഞ്ഞെടുപ്പിൽ മലയാളികളായ അച്ഛനും മകനും മിന്നും വിജയം.  താല സൗത്ത് മണ്ഡലത്തിൽ നിന്നും മത്സരിച്ച  ബേബി പെരേപാടനെയും, താല സെൻട്രലിൽ നിന്ന് മത്സരിച്ച മകൻ ഡോ. ബ്രിട്ടോ പെരേപാടനെയും വൻ ഭൂരിപക്ഷത്തോടെയാണ് ജനങ്ങൾ തിരഞ്ഞെടുത്തത്.

ബേബി പെരേപാടൻ നിലവിലെ താല സൗത്ത് കൗൺസിലർ ആണ്. ഇത് രണ്ടാം തവണയാണ് തുടർച്ചയായി അതേ മണ്ഡലത്തിൽ നിന്ന് വിജയിക്കുന്നത്. രാഷ്ട്രീയത്തിൽ പുതുമുഖവും താല സർക്കാർ ആശുപത്രി ഡോക്ടറും, ഗായകനുമായയ മകൻ ബ്രിട്ടോയുടെ വിജയവും ജനങ്ങൾ നൽകിയ വലിയ അംഗീകാരമാണ്.  ഭരണകക്ഷിയായ ഫൈൻഗെൽ പാർട്ടിയുടെ സ്ഥാനാർഥികളായാണ് ജനവിധി തേടിയത്.

താല സൗത്തിൽ നിന്നും ആകെ തിരഞ്ഞെടുക്കപെടുന്ന അഞ്ച് കൗൺസിലർമാരിൽ രണ്ടാമനായി ബേബി പെരേപാടൻ വിജയകൊടി നാട്ടിയപ്പോൾ, താല സെൻട്രലിൽ നിന്നും ആകെ തിരഞ്ഞെടുക്കപെടുന്ന ആറ് പേരിൽ  മൂന്നാമൻ ആയാണ് മകൻ ബ്രിട്ടോ വെന്നികൊടി പാറിച്ചു വിജയിച്ചത്. ആദ്യ റൗണ്ട് വോട്ട് എണ്ണി തീർന്നപ്പോൾ തന്നെ ഇവർ രണ്ടുപേരും വ്യക്തമായ ഭൂരിപക്ഷത്തോടെ മുൻപിൽ എത്തിയിരുന്നു.

ഒരു ഡസനോളം മലയാളികൾ ഉൾപ്പെടെ ധാരാളം കുടിയേറ്റക്കാർ മാറ്റുരച്ച ഈ തവണത്തെ കൗണ്ടി കൗൺസിൽ ഇലക്ഷനിൽ കുടിയേറ്റക്കാർക്കെതിരെയുള്ള വികാരങ്ങളും സമൂഹമാധ്യമത്തിലൂടെ ഉള്ള ആക്രമണങ്ങളും ഉണ്ടായിരുന്നു. അതിനെയെല്ലാം അതിജീവിച്ചാണ്  ഈ പിതാവും മകനും താലായിൽ വിജയിച്ചത്. ഇവരുടെ അഭിമാനാർഹമായ നേട്ടത്തിൽ ഫൈൻഗെൽ പാർട്ടി ലീഡറും അയർലൻഡ് പ്രധാനമന്ത്രിയുമായ സൈമൺ ഹാരിസ് നേരിട്ട് വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു.

അങ്കമാലി, പുളിയനം സ്വദേശിയായ ബേബി പെരേപ്പാടൻ ഇരുപതു വർഷത്തിലധികമായി താലായിൽ താമസിക്കുന്നു. ഭാര്യ പീമൗണ്ട് ഹോസ്പിറ്റലിൽ അഡ്വാൻസ്ഡ് നേഴ്സ് പ്രാക്റ്റീഷനർ ആയി ജോലി ചെയ്യുന്നു. മകൾ ബ്രോണ ട്രിനിറ്റി കോളേജിൽ ഡെന്‍റൽ മെഡിസിൻ വിദ്യാർഥിയാണ്. 

English Summary:

Malayali Father and Son Win the County Council Elections in Ireland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com