ADVERTISEMENT

കുവൈത്ത് സിറ്റി ∙ മേഖലയിലെ സങ്കീർണ സാഹചര്യത്തിൽ രാജ്യത്തിന്റെ സുരക്ഷയും ജനങ്ങളുടെ സം‌രക്ഷണവും ഉറപ്പാക്കാൻ സാമൂഹിക ഐക്യവും ജാഗ്രതയും വേണമെന്ന് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ആഹ്വാനം ചെയ്‌തു. റമസാനിലെ അവസാനത്തെ 10 പ്രമാണിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അമീർ. മേഖലയിലെ അവസ്ഥ അപകടകരമായ വിതാനത്തിലേക്കാണു നീങ്ങുന്നത്.

പ്രക്ഷുബ്ധമായ ഈ സാഹചര്യത്തിൽ ദേശീയ ഐക്യത്തിന് പ്രാമുഖ്യം നൽകണമെന്നും അമീർ പറഞ്ഞു. ദൈവികമായ സഹായവും അതിന് അനിവാര്യമാണ്. ആഭ്യന്തരമായ ഒത്തൊരുമയും അത് നശിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരായ യോജിപ്പും ശക്തിപ്പെടുത്തണം. നമ്മുടെ രാജ്യം നമുക്കുള്ളതാണ്. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ പുരോഗതിക്കായി എല്ലാവരും ഒന്നിച്ച് കൈകോർക്കണം. രാജ്യാന്തര സമാധാനത്തിനും സുരക്ഷയ്ക്കും കുവൈത്ത് നടത്തുന്ന ശ്രമങ്ങൾ ലോക രാജ്യങ്ങൾ ശ്രദ്ധിക്കുന്നുവെന്നത് കുവൈത്തിന് അഭിമാനം നൽകുന്നു. മാനുഷികം, ജീവകാരുണ്യ, സഹിഷ്ണുത, സമാധാനം എന്നീ മേഖലകളിലെല്ലാം കുവൈത്ത് സജീവ സാന്നിധ്യമാണ്.

രാജ്യത്തിന്റെ സ്ഥിരതയും സുരക്ഷയും നിലനിർത്തുന്നതിന് ജനാധിപത്യപരമായ സമീപനമാണ് ഭരണകൂടം കൈക്കൊള്ളുന്നത്. ഭരണഘടനാ വ്യവസ്ഥകൾക്ക് അനുസൃതമായാണ് കാര്യങ്ങൾ ചെയ്യുന്നത്. സർക്കാരും പാർലമെന്റും തമ്മിൽ ക്രിയാത്മക സഹകരണം വേണമെന്ന് അമീർ അഭ്യർഥിച്ചു. രാജ്യത്തെ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുകയും നിയമവാഴ്ച ഉറപ്പാക്കുകയും വേണം. വികസനവും പരിഷ്കരണവും സമഗ്രമാക്കണം. സമർപ്പിക്കപ്പെട്ടിട്ടുള്ള കരട് ബില്ലുകൾ നിയമമാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണം. സാമ്പത്തിക സ്രോതസ് വൈവിധ്യവത്കരിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കണം. വികസന ചക്രങ്ങളുടെ വേഗം കൂട്ടാൻ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരം ലഭ്യമാക്കണം.

മാധ്യമങ്ങളോട്

രാജ്യത്തിന്റെ ഐക്യത്തിനും സാമൂഹിക സുരക്ഷയ്ക്കും ഭംഗം വരുത്തുന്നതും ദേശ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതുമായ രീതിയിലുള്ള മാധ്യമ പ്രവർത്തനം ഉപേക്ഷിക്കണം. മാധ്യമങ്ങൾ നാഗരികതയുടെ വിളക്കുമാടങ്ങളാകണം. വികസനത്തിനും നിർമാണങ്ങൾക്കുമുള്ള ആയുധങ്ങളുമായിരിക്കണം മാധ്യമങ്ങൾ. സ്വാതന്ത്യവും പൊതുവികാരങ്ങളും ഉത്തരവാദിത്തത്തോടെ പ്രകടമാകുന്ന വേദിയുമാകണം അത്. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള ശ്രമം സമൂഹ മാധ്യമങ്ങളിൽ പ്രകടമാകുന്നുണ്ട്. അതു നിരുത്സാഹപ്പെടുത്തണം.

യുവാക്കളോട്

യുവസമൂഹമാണ് രാജ്യത്തിന്റെ യഥാർഥ സമ്പത്ത്. ഏറ്റവും മികച്ച ദേശീയ നിക്ഷേപവും യുവതയാണ്. യുവാക്കൾക്കായി വിവിധ പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. അവരുടെ വൈദഗ്ധ്യം രാജ്യത്തിന്റെ പുരോഗതിക്കായി പ്രയോജനപ്പെടുത്താൻ സാധിക്കണം.‘യുവ സമൂഹമേ.. പല തവണകളിലായി ഞാൻ പറഞ്ഞിട്ടുള്ളതുപോലെ നിങ്ങളാണ് പ്രതീക്ഷയുടെ സ്രോതസ്’- അമീർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com