ADVERTISEMENT

ദുബായ് ∙  രജത ജൂബിലി ആഘോഷിക്കുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഈ സീസണിൽ ഇതുവരെ 96 പേർക്ക് 1395 സ്വർണനാണയങ്ങൾ സമ്മാനം നൽകിയതായി ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് അറിയിച്ചു. ഇവരിൽ 36 പേർ വിനോദസഞ്ചാരിളും 60 പേർ സ്വദേശികളുമാണ്.

ഷോപ്പിങ് ഫെസ്റ്റിവൽ മൂന്നാഴ്ച കൂടി തുടരുന്നതിനാൽ ദുബായ് സിറ്റി ഓഫ് ഗോൾഡിന്റെ 1500 ൽ അധികം പ്രത്യേക സ്വർണനാണയങ്ങൾ നേടാനുള്ള അവസരമുണ്ട്. 18 ദിവസം പിന്നിട്ട ഡിഎസ്എഫിൽ ഇരുന്നൂറോളം സ്വർണാഭരണ ഷോപ്പുകളാണു പങ്കെടുക്കുന്നത്.  സമ്മാനം നൽകിയതിൽ 75 എണ്ണം പ്രത്യേക എഡിഷൻ നാണയങ്ങളാണെന്നും അധികൃതർ അറിയിച്ചു. 

വില ഉയർന്നിട്ടും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങുന്നവരുടെ എണ്ണം വർധിച്ചതായി ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് ഭാരവാഹികൾ വ്യക്തമാക്കി. ആദ്യ 18 ദിവസങ്ങളിൽതന്നെ ആയിരത്തിലധികം പേർ പങ്കെടുത്തതിനാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് സ്വർണ്ണ വിപണിയിൽ നേട്ടം പ്രതീക്ഷിക്കുന്നതായി ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ തവാഹിദ്‌ അബ്ദുല്ല പറഞ്ഞു. വിനോദസഞ്ചാരികളുടെ എണ്ണം കൂടിയതും വിൽപ്പന മൂല്യം വർധിക്കാൻ കാരണമായതായി ജോയ് ആലുക്കാസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് പറഞ്ഞു. വരും ദിവസങ്ങളിൽ വില സാധാരണ നിലയിലേക്കു വരുമെന്ന് ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് ബോർഡംഗം അനിൽ ധാനക് പറഞ്ഞു. 

ഫെബ്രുവരി ഒന്നുവരെ നറുക്കെടുപ്പ് തുടരും. അഞ്ചുവിജയികളെയാണ് തിരഞ്ഞെടുക്കുന്നത്. ആദ്യ സ്ഥാനക്കാർക്ക് 25 പവനാണ് സമ്മാനം. അഞ്ചാം സ്ഥാനക്കാർക്ക് അഞ്ചുപവനും ലഭിക്കും. അഞ്ഞൂറ് ദിർഹത്തിന് വജ്രാഭരണങ്ങളോ പേൾ ജ്വല്ലറിയോ വാങ്ങുമ്പോഴും ദുബായ് സിറ്റി ഓഫ് ഗോൾഡ് സ്‌പെഷ്യൽ എഡിഷൻ നാണയങ്ങൾ വാങ്ങുമ്പോഴും രണ്ടു നറുക്കെടുപ്പ് കൂപ്പണുകൾ ലഭിക്കും. വിസ കാർഡ് ഉപയോഗിച്ച് സ്വർണ്ണം വാങ്ങുമ്പോഴും രണ്ട് കൂപ്പണുകൾ നേടി സമ്മാനത്തിനുള്ള സാധ്യത ഇരട്ടിയാക്കാമെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. 

ഇന്ത്യക്കാരിക്ക് 25 പവൻ സമ്മാനം

ദുബായ് ∙ ഗോൾഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പിന്റെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 25 പവൻ വീണ്ടും ഇന്ത്യക്കാരിക്ക്. ലിഷയാണ് 25 പവൻ നേടിയത്. അഞ്ജലി സോൻപാൽ (ബ്രിട്ടൺ), രാഗിണി സേതി (ഇന്ത്യ), സൊഹൈല്‍ (പാക്കിസ്ഥാൻ), ഭരത് (ഇന്ത്യ) എന്നിവരാണ് യഥാക്രമം അഞ്ചുവരെ സ്ഥാനങ്ങൾ നേടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com