ADVERTISEMENT

ദോഹ ∙ ലോകത്തിലെ പ്രഥമ സുസ്ഥിര ഡൗൺടൗൺ റീജനറേഷൻ  പദ്ധതിയായ മിഷെറിബ് ഡൗൺടൗൺ ദോഹയുടെ നിർമാണം വർഷാവസാനത്തോടെ പൂർത്തിയാകും. അടുത്ത വർഷം മുതൽ പൂർണതോതിൽ പ്രവർത്തന സജ്ജമാകും. 

4 ഘട്ടമായുള്ള നിർമാണത്തിന്റെ 3 ഘട്ടവും പൂർത്തിയായപ്പോഴേക്കും ഹോട്ടലുകൾ, റീട്ടെയ്ൽ കടകൾ, പാർപ്പിട യൂണിറ്റുകൾ എന്നിവയെല്ലാം പ്രവർത്തനം തുടങ്ങിയതായി മിഷെറിബ് പ്രോപ്പർട്ടീസ് ഡിസൈൻ-ഡെലിവറി ചീഫ് ഓഫിസർ മുഹമ്മദ് ഇസ അൽ ബൊനെയ്ൻ പറഞ്ഞു. നിർമാണം പൂർത്തിയാകുന്നതോടെ 100 മിശ്രിത ഉപയോഗത്തിനുള്ള കെട്ടിടങ്ങൾ, 800 പാർപ്പിട യൂണിറ്റുകൾ, 300ലേറെ  റീട്ടെയ്ൽ യൂണിറ്റുകൾ, 17 വാണിജ്യ കെട്ടിടങ്ങൾ, 4 ഹോട്ടലുകൾ, ഒരു സ്‌കൂൾ, 3 പള്ളികൾ, മിഷെറിബ് മ്യൂസിയം, ഗല്ലേറിയ മാൾ തുടങ്ങിയവ തയാറാകും. 

നിർമാണച്ചെലവ് 550 കോടി ഡോളർ

550 കോടി ഡോളർ  ചെലവിട്ടാണ് 3,10,000 ചതുരശ്രമീറ്റർ ഡൗൺ ഡൗൺ നിർമാണം. 80 കുടുംബങ്ങൾ മിഷെറിബിൽ താമസം തുടങ്ങി കഴിഞ്ഞു. അടുത്ത വർഷം മുതൽ 2,500ലേറെ താമസക്കാർ, വിവിധ സ്ഥാപനങ്ങളിലായി 12,000 ജോലിക്കാർ, പ്രതിദിനം 50,000 സന്ദർശകർ എന്നിവരെ ഉൾക്കൊള്ളും. പദ്ധതിയിലെ ഏഴ് ശതമാനം ഊർജവും പുനരുപയോഗിക്കുന്ന സൗരോർജത്തിൽ നിന്നുള്ളതാണ്. 

ആധുനിക യാത്രാ സൗകര്യങ്ങളും

മിഷെറിബിനുള്ളിലെ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് അടുത്തിടെയാണ് ട്രാം സർവീസ് തുടങ്ങിയത്. പരമാവധി 100 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ട്രാമുകളാണ് സർവീസ് നടത്തുന്നത്.

കൂടാതെ ദോഹ മെട്രോയിലെ ഏറ്റവും വലിയ ഇന്റർചേഞ്ച് സ്‌റ്റേഷനും മിഷെറിബിലാണ്. മെട്രോയുടെ റെഡ്, ഗ്രീൻ, ഗോൾഡ് ലൈനുകളുടെ പ്രധാന ജംക്‌ഷനാണിത്. 10,000 ത്തിലധികം വാഹന പാർക്കിങ് സൗകര്യവും മിഷെറിബ് ഡൗൺ ടൗണിലുണ്ട്.  

ശോഭയോടെ ഹരിത കെട്ടിടങ്ങള്‍

പഴയ വാണിജ്യ ജില്ലയെ പരമ്പരാഗത ഖത്തറി പൈതൃകം പ്രതിഫലിപ്പിച്ചുകൊണ്ടുള്ള ആധുനിക നഗരമാക്കി മാറ്റി. ഹരിത കെട്ടിടങ്ങളാണ് ഇവിടുത്തെ പ്രത്യേകത. പൂർണമായും നിർമിച്ചെടുത്ത ലോകത്തിലെ ഏറ്റവും മനോഹരവും സുസ്ഥിരവുമായ 7,000 ചതുരശ്രമീറ്ററിലുള്ള ബരാഹത് നഗരമാണ്  സവിശേഷതകളിൽ ഒന്ന്. പഴയ അങ്ങാടി ശൈലിയിൽ ചതുരാകൃതിയിലുള്ള നഗരത്തിന്റെ വലിയ മേൽക്കൂര ഉള്ളിലേക്ക് മടക്കിവയ്ക്കാവുന്ന തരത്തിലുള്ളതാണ്. മേഖലയിൽ ഇത്തരം വലിയ മേൽക്കൂരയിലുള്ള നഗരം ഇതാദ്യമാണ്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com