ADVERTISEMENT

കുവൈത്ത് സിറ്റി ∙ പെരുന്നാൾ സായാഹ്നം ജനനിബിഢമാകേണ്ടിയിരുന്ന പാർക്കുകളും ബീച്ചുകളും ആളൊഴിഞ്ഞ അവസ്ഥയിൽ. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിരോധനം കാരണം രണ്ട് മാസത്തിലേറെയായി ആൾപ്പെരുമാറ്റമില്ലാത്ത ഈ വിനോദ കേന്ദ്രങ്ങൾ പെരുന്നാൾ ദിനത്തിലെ സായാഹ്നത്തിലും ആൾ പെരുമാറ്റമില്ലാതെ തുടർന്നു.

പാർക്കായ പാർക്കുകളെല്ലാം ആളുകളെക്കൊണ്ട് നിറയുന്ന സായാഹ്നമാണ് പൊതുവെ പെരുന്നാൾ പോലുള്ള ആഘോഷ ദിനങ്ങൾ. പ്രത്യേകിച്ച് പൊടിയൊന്നുമില്ലാത്ത തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ആളുകളുടെ എണ്ണം കൂടുകയും ചെയ്യും. ഇരിപ്പിടങ്ങളിലും പുൽതകിടിയിലും നിറയെ ആളുകളാവും. നടപ്പാത നിറഞ്ഞൊഴുകും. പ്രവേശന കവാടങ്ങളിൽ ശീതള പാനീയ വിൽ‌പന പൊടിപൊടിക്കും. ഭക്ഷണപ്പൊതികളുമായി എത്തുന്നവർ തുടങ്ങി ബാർബിക്യു സംവിധാനങ്ങളുമായി എത്തി കോഴിയും മീനും ചുട്ടെടുക്കുന്നവർ കാണും അക്കൂട്ടത്തിൽ.

ഇത്തവണ അതൊന്നും ഇല്ല. ഒറ്റമനുഷ്യന് പോലും പ്രവേശനവും ഇല്ല. ആൾപ്പെരുമാറ്റം ഇല്ലാത്തതിന്റെ  മാറ്റം പാർക്കുകളിൽ ദൃശ്യമാണ് താനും. പാർക്കുകളുടെ പച്ചപ്പ് വർധിച്ച അവസ്ഥയിലാണ്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സമ്പൂർണ കർഫ്യുവിലാണ് കുവൈത്ത്. വൈകുന്നേരം റസിഡൻഷ്യൽ മേഖലയിൽ സായാഹ്ന നടത്തിന് നിയന്ത്രണങ്ങളോടെ 2 മണിക്കൂർ ഇളവുണ്ട് എന്നതൊഴിച്ചാൽ 22 മണിക്കൂറും വീടുകളിൽ കഴിയണം. കിട്ടിയ ഇടവേളയിൽ നടക്കാനിറങ്ങുന്നവരുണ്ട്. എന്നാൽ പാർക്കുകളും ബീച്ചുകളും പ്രവേശനം നിഷേധിക്കപ്പെട്ട നിലയിലുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com