ADVERTISEMENT

അല്‍ െഎൻ∙ മഹാമാരിയുടെ തുടക്കത്തിൽ തന്നെ ഏവരും ഭയന്നിരുന്നത് തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ലേബർ ക്യാംപുകളിൽ വൈറസ് പിടിമുറുക്കിയാലുള്ള ദുരന്തമോർത്താണ്. ഒടുവിൽ അതു തന്നെ സംഭവിച്ചു. എങ്കിലും ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം കമ്പനിയധികൃതർ ശക്തമായ ബോധവത്കരണം നടത്തിയും മാർഗനിർദേശങ്ങൾ നൽകിയും തൊഴിലാളികളെ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവന്നു. അൽ ഐനിലെ ഒരു കമ്പനിയിൽ പ്രൊഡക്ഷൻ സൂപ്പർവൈസറായ യുവ എഴുത്തുകാരൻ  കണ്ണൂർ ചെങ്ങളായി സ്വദേശി സി.പി. ചെങ്ങളായി എന്ന സി.പി. അഷ്റഫ് താൻ 17 വർഷമായി താമസിക്കുന്ന ലേബർ ക്യാംപിലെ കോവിഡ് ബാധയെക്കുറിച്ചും സ്വന്തം ക്വാറന്റീൻ അനുഭവങ്ങളെക്കുറിച്ചും പറയുന്നു:.  

uae-labour-camp-1

''നീലവിരി നീക്കി സ്ലൈഡിംഗ് ഡോർ വലിച്ചു തുറക്കാൻ ശ്രമിച്ചു. മണൽ നിറഞ്ഞ അലുമിനിയം ചാനലിൽ വീലുരയുന്ന ശബ്ദം ഉള്ളിലേക്ക് പെരുത്തു കയറി. പുറത്ത് വട്ടമിട്ടു പറക്കുന്ന വെട്ടുകിളികളിലൊന്ന് പാതി തുറന്ന ജനലിലൂടെ മുറിക്കകത്ത് കയറി എവിടെയൊക്കെയോ തട്ടി നിലത്തു വീണു പിടഞ്ഞു. ചിറകിൽ തൂക്കി അതിനെ പുറത്തേക്കെറിയുമ്പോൾ അവയുടെ വലിയ കൂട്ടം കണ്ണിൽപ്പെട്ടു. അപൂർവ്വ കാഴ്ചയായിരുന്നു അത്. അതിവിനാശകാരികളായ മരുഭൂമിയിലെ ഈ പ്രാണികൾ (Desert Locuts) എവിടുന്നാണ് ഇപ്പോൾ ഇറങ്ങി വന്നത്. സാമാന്യം വലിപ്പമുള്ള ഈ അപകടകാരികൾ വലിയ വലിയ കൂട്ടങ്ങളായി മൈലുകളോളം  സഞ്ചരിച്ചാണ് കൃഷിയിടങ്ങളിലെ തിരികൾ തിന്നു നശിപ്പിക്കുന്നത്. അവ ചെറുമൂളിച്ചയോടെ ക്യാംപിൽ തലങ്ങും വിലങ്ങും പറക്കുന്നു. റോഡിനരികിലെ കമ്പിവേലിപ്പുറത്തെ വള്ളിപ്പടർപ്പുകളിൽ നിന്നും ഈത്തപ്പനയോലകളിൽ നിന്നും പക്ഷികൾ പറന്നോടിച്ച് അവയെ കൊത്തിത്തിന്നുണ്ട്. വൈറസുകൾ രൂപം പ്രാപിച്ചതായിരിക്കുമോ ഈ പ്രാണികളെന്ന് ക്വാറൻ്റീനിലിരിക്കുന്ന എനിക്ക് തോന്നാതിരുന്നില്ല.  

uae-labour-camp-5

പ്രാർഥനാനിർഭരമായ ദിനങ്ങൾ

ജനൽഗ്ലാസ്സ് വലിച്ചടക്കുമ്പോൾ ഒരു വെളുത്ത വാൻ റോഡിൽ നിന്നുമിറങ്ങി വോളിബോൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യുന്നത് കണ്ടു. ക്യാംപിൽ പലയിടങ്ങളിലായി നിലയുറപ്പിച്ചവർ ഗ്രൗണ്ടിനു തൊട്ടടുത്തുള്ള റിക്രിയേഷൻ ക്ലബ്ബിനു മുന്നിൽ രൂപം കൊണ്ട ക്യൂവിൽ വന്നു നിന്നു. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള നിർമാണ തൊഴിലാളികളായിരുന്നു ഭൂരിഭാഗവും. എല്ലാവരും മാസ്ക് ധരിച്ചിട്ടുണ്ട്. ചിലർ കുനിഞ്ഞ് തുമ്മുകയും ചുമക്കുകയും ചെയ്യുന്നുണ്ട്.  വാനിൽ നിന്നുമിറങ്ങിയ ഫുൾ പിപിഇ ധരിച്ച രണ്ടു പേർ സാംപിൾ കലക്ട് ചെയ്ത് കൊണ്ടു പോകേണ്ട ബോക്സും മറ്റ് ഉപകരണങ്ങളുമെടുത്ത് അകത്ത് കയറി. സെക്യൂരിറ്റിക്കാരൻ ഐ ഡി കാർഡ് പരിശോധിച്ച് ഒരോരുത്തരെയാണ് കടത്തിവിടുന്നത്. കൂടുതൽ രോഗലക്ഷണങ്ങളുള്ളവരുടെ സ്രവങ്ങളാണ് പരിശോധനയ്ക്കായി എടുക്കുന്നത്. മറ്റുള്ളവരെ തിരിച്ചയക്കുന്നുണ്ട്.  ലേബർക്യാംപിലെ ഇരുനില ബ്ലോക്കുകളുടെ തണലിലേയ്ക്ക് ചിലർ മാറി നിന്നതോടെ ലൈൻ അൽപ്പം വളഞ്ഞു. ക്യൂ നിൽക്കുന്നവരുടെ മുഖത്ത് ദൈന്യത നിഴലിച്ചത് കാണാം. കുറച്ചു ദിവസങ്ങളായി വല്ലാത്ത നിരാശയിലും  ഭീതിയിലുമാണവർ. വ്രതമെടുത്ത് നന്നേ ക്ഷീണിതരായവർ ഭിത്തിയിൽ ചാരി നിൽക്കുകയും നിലത്ത് കുത്തിയിരിക്കുകയും ചെയ്യുന്നു. മനസ്സിൽ പ്രാർത്ഥനാ മന്ത്രങ്ങൾ ഉരുവിടുന്നവരുടെ കണ്ണുകൾ ഉരുകിയൊലിക്കുന്നുണ്ട്.  

uae-labour-camp-7

കൂടെ താമസിക്കുന്നവർ ഐസലേഷനിലും ക്വാറന്റീനിലുമാണ്. ആറും എട്ടും പേർ ഒരുമിച്ചു താമസിക്കുന്ന ഇടുങ്ങിയ മുറികളിൽ എന്ത് സാമൂഹ്യ അകലമാണ് ഇവർക്ക് പാലിക്കാൻ കഴിയുക. ഇരുൾക്കൂട്ടിൽ രണ്ടട്ടി കട്ടിൽ... ചുരുട്ടിക്കൂട്ടി തിരിച്ചറിയാനാവാത്ത വിധം വിരിപ്പും പുതപ്പും... പലയിടത്തും തിരുകിവച്ച പെട്ടികളും ബാഗുകളും... ചുമർ നിറയെ  ആണി തറച്ച് തൂക്കിയിട്ട മുഷിഞ്ഞ വസ്ത്രങ്ങൾ... റൂമിനകത്തു തന്നെയാണ് ഭക്ഷണപാചകം. കട്ടിലിലിരുന്ന് സിഗരറ്റ് വലിക്കലും തമ്പാക്ക് ചുണ്ടിൽ തിരികി വയ്ക്കലും. ചിലർ അകത്ത് തന്നെ തുപ്പും. എല്ലാവർക്കും ഉപയോഗിക്കാൻ പുറത്ത് വൃത്തിഹീനമായ കോമൺ ബാത്ത് റൂമുകൾ. അവിടെ എപ്പോഴും ക്യൂവും തിരക്കുമാണ്. ഈ അന്തരീക്ഷത്തിൽ എങ്ങനെയാണ് ഈ പാവങ്ങൾക്ക് സുരക്ഷിതമായിരിക്കാൻ കഴിയുക?.  രോഗമുള്ളവനും ഇല്ലാത്തവനും ഒരുമിച്ചു തന്നെ. പരിശോധനാ ഫലം വന്ന് ഒന്നോ രണ്ടോ ദിവസത്തിനു ശേഷമായിരിക്കും അവരെ മാറ്റിപ്പാർപ്പിക്കുക. ബാക്കിയുള്ളവരെ ക്വാറന്റീൻ ചെയ്യുകയോ അവിടെത്തന്നെ താമസിപ്പിക്കുകയോ ചെയ്യും. ചിലർ ഒന്നും സംഭവിക്കാത്തതു പോലെ ജോലിക്ക് പോകും. ചെറിയ തോതിൽ ചില നിയന്ത്രണങ്ങളുണ്ട്. ബസ്സിൽ രണ്ടു പേർ ഇരിക്കുന്നിടത്ത് ഒരാൾ മാത്രം. ജോലി കഴിഞ്ഞ് ക്ഷീണിതനായി തിരിച്ചു വരുമ്പോൾ ചിലർ ആരുടെയെങ്കിലും  ചുമലിൽ ചാരി ഉറങ്ങിപ്പോകും.  ഇപ്പോൾ സീറ്റിൽ തന്നെ ചുരുണ്ട് കിടക്കാം.  അവരിൽ ചിലരെയാണ് ഇപ്പോൾ പരിശോധനയ്ക്കായി പുറത്ത് ക്യൂ നിർത്തിയിരിക്കുന്നത്. വെട്ടുകിളികൾ അവരുടെ തലയ്ക്ക് മുകളിൽ ഭീതിയോടെ പാറിക്കളിച്ചു.  ഞാൻ നീലവിരി നീക്കി ജനൽ മറച്ചു.

uae-labour-camp-2

ഭൂമിയുടെ അവകാശികള്‍

ഈ മഹാമാരിയുമായി ബന്ധപ്പെട്ട എന്തെങ്കിലും സൂചനകളോ കാഴ്ചകളോ ഉണ്ടാകുമ്പോൾ തന്നെ എന്റെ മനസ്സ് വല്ലാതെ പരിഭ്രമിക്കും. എനിക്ക് ശ്വാസം മുട്ടുന്നതു പോലെ തോന്നും. തൊണ്ട വേദനിക്കും. മൂക്ക് തരിക്കും. തുമ്മാൻ തോന്നും.  മൂക്കൊലിക്കുന്നതായി അനുഭവപ്പെടും. വയറ് വേദനിക്കും.  ക്വാറന്‍റീനിന്റെ ആദ്യ ദിനങ്ങളിൽ ഈ തോന്നലുകൾ പതിവായിരുന്നു.   ടിഷ്യൂ പേപ്പർ കൊണ്ട് മുഖം തുടച്ച് ഞാൻ സോഫയിൽ കുറച്ചു നേരം ആശ്വാസത്തോടെ ചാരിയിരുന്നു. കാൽ വിരലിൽ എന്തോ ഇക്കിളിപ്പെടുത്തി. ഒരു ചെറിയ പാറ്റ. ഒരു ചവിട്ട് വച്ചു കൊടുക്കാൻ തോന്നിയെങ്കിലും അതിനെ വെറുതെ വിട്ടു. അതും ഈ ഭൂമിയുടെ അവകാശികളാണെന്ന വലിയ തിരിച്ചറിവല്ലേ കൊറോണക്കാലം നമുക്ക് സമ്മാനിച്ചത്. 

uae-labour-camp-9

പരീക്ഷണ ദിനങ്ങളിലൂടെ കടന്നുപോകുന്നു

ജീവിതത്തിന്റെ ഒരു പരീക്ഷണഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. വിധി കാത്തു കിടക്കുന്ന കുറ്റവാളിയെപ്പോലെ ദിനരാത്രങ്ങൾ തള്ളി നീക്കുന്നു.  കോവിഡിന്റെ തുടക്കം മുതൽ തന്നെ കമ്പനിയുടെ QHSC ഡിപ്പാർട്ട്മെന്റ് നിർദേശിക്കുന്ന സുരക്ഷാ സംവിധാനങ്ങൾ ഫാക്ടറിയിലെ തൊഴിലാളികൾക്ക്‌ വിശദീകരിച്ചു കൊടുക്കാറുണ്ടായിരുന്നു. വൈറസിന്റെ പ്രഭവകേന്ദ്രം മുതൽ അത് എങ്ങനെ പടരുന്നുവെന്നും പാലിക്കേണ്ട മുൻകരുതലും പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള മാർഗങ്ങളും അവർക്ക് പറഞ്ഞു കൊടുത്തു. സിമന്റ് പ്രോഡക്ട് ഫാക്ടറിയായതുകൊണ്ട് നേരത്തെ ആവശ്യമായ സുരക്ഷകൾ പാലിച്ചുകൊണ്ടാണ് ഇവിടെ ആളുകൾ ജോലി ചെയ്യുന്നത്. കൈ കഴുകേണ്ട വിധവും എങ്ങനെ സാമൂഹിക അകലം പാലിക്കണമെന്നും അവർക്ക്  കാണിച്ചു കൊടുത്തു. സാനിറ്റൈസറിന്റെയും ഹാൻസ് വാഷിന്റെയും ലഭ്യത ഫാക്ടറിയിൽ ഉറപ്പു വരുത്തി.  വർക്കേർസിന് ട്രെയിനിങ് നൽകുന്ന ദിവസങ്ങളിൽ നേർത്ത പനി വരുന്നതു പോലെ എനിക്ക് തോന്നാറുണ്ട്. ചെക്ക് ചെയ്യുമ്പോൾ ശരീരോഷ്മാവ് നോർമലായിരിക്കും.

എങ്കിലും ഞാൻ കൂടുതൽ ജാഗ്രത പ്രകടിപ്പിച്ചു. ഞാനിരിക്കുന്ന കൺട്രോൾ റൂമിലേക്ക് ആരെയും കടത്തിവിടാതെയായി. ആവശ്യക്കാർ പുറത്ത് ഡോറിൽ വന്നു തട്ടും. സിമന്റ് കൊണ്ടുവന്നതിന്റെ ഡെലിവറിനോട്ടും ഇൻവോയിസും ടാങ്ക് ഡ്രൈവറിൽ നിന്നും ചത്തപ്രാവിനെ ചിറകിൽ തൂക്കിയെടുത്തു കൊണ്ടുവരുന്നതു പോലെ കരീംമിയ എന്ന ലേബർ എന്റെ മേശപ്പുറത്ത്  വെച്ചോടും. കൈ സ്പർശിക്കാതെ റിസീവ്ഡ് കോളത്തിൽ ഒപ്പിടാനുള്ള എന്റെ സാഹസികപ്രകടനം വിജയിക്കാറില്ല. തുടർച്ചയായി സാനിറ്റൈസർ തേച്ച് തേച്ച്  കൈതൊലി പൊള്ളുകയും കരിവാളിക്കുകയും ചെയ്തു. പുറത്തു നിന്നുള്ള സപ്ലയേർസ് വരുന്നതും അവരിൽ നിന്നും പേപ്പറുകൾ സ്വീകരിക്കുന്നതും അത്ര സുരക്ഷിതമല്ലെന്ന കാര്യം ഞാൻ മാനേജരെ അറിയിച്ചു. ബോസ്  അതത്ര ഗൗരവത്തിലെടുത്തില്ല.  എന്റെ ആശങ്കകളും ആകുലതകളും വർദ്ധിച്ചതേയുള്ളൂ. നാട്ടിൽ പൂർണമായും ഇവിടെ ഭാഗികമായും ലോക്ക് ഡൗൺ നടപ്പിലാക്കുമ്പോൾ പതിവുപോലെ ജോലിക്ക് പോകേണ്ട അവസ്ഥയെക്കുറിച്ച് ഞാൻ സ്വയം ശപിച്ചു. സുരക്ഷിതരായി വീട്ടിലിരിക്കുന്നവരും റൂമിലിരിക്കുന്നവരും എത്ര ഭാഗ്യവാന്മാരാണെന്ന് എനിക്ക് തോന്നി. നാട്ടിലാണെങ്കിൽ ലോക്ഡൗൺ കാലം മക്കളോടൊപ്പം ചെലവഴിക്കുന്നതും  പച്ചക്കറികൃഷിയും ചക്കവരട്ടിയും എഴുത്തും വായനയും പാട്ടും ചിത്രരചനയും... എല്ലാം കൊതിച്ചു പോയി.  

uae-labour-camp-6

ഒടുവിൽ ഭയന്നത് സംഭവിച്ചു

സുഹൃത്താണ് ഫോൺ വിളിക്കുന്നത്. " ക്യാംപിൽ ഫസ്റ്റ് കേസ് റിപ്പോർട്ട് ചെയ്തു. ഒരു ഇന്ത്യക്കാരന്.." എന്റെ നെഞ്ചിലൂടെ ഹൈ ആംപിയർ കറന്റ് കടന്നു പോയി. പൊടുന്നനെ ഒരു ഘോരമായ ശബ്ദത്തോടെ മെഷീൻ ഓഫായി. വൈബ്രേറ്ററിന്റെ മോട്ടോർ ഷാഫ്റ്റ് പൊട്ടിവീണിരിക്കുന്നു.  എന്റെ ഹൃദയമിടിപ്പ് വർധിച്ചു. ശ്വാസംമുട്ടുന്നതു പോലെ തോന്നി. ഞാൻ മാസ്ക് വലിച്ചൂരി. പ്ലാന്റ് ബ്രെയ്ക്ക് ഡൗണും ആയതോടെ ഞാൻ ആവശ്യമില്ലാതെ ലേബർമാരോട് ദേഷ്യപ്പെട്ടു.  ഡ്യൂട്ടി കഴിഞ്ഞ് ക്യാംപിലേയ്ക്ക് പോകാൻ തോന്നിയില്ല. കൺട്രോൾ റൂമിൽ തന്നെ കുറേ നേരമിരുന്നു. ക്യാംപ് സെയ്ഫ്റ്റി ഓഫിസറെ വിളിച്ച് വാർത്ത ഒന്നുകൂടി സ്ഥിരീകരിച്ചു. തൊട്ടടുത്ത ഏതോ ബ്ലോക്കിലാണ് കേസെന്ന് അവൻ ഊഹം പറഞ്ഞു.  ഫാക്ടറിയിൽ നിന്നും നടക്കേണ്ട ദൂരമേയുള്ളൂ. വിവിധ സൈറ്റുകളിലായി ജോലി ചെയ്യുന്ന രണ്ടായിരത്തോളം പേർ താമസിക്കുന്ന ലേബർ ക്യാംപിലെത്തിയപ്പോൾ ഒരുതരം ശ്മശാന മൂകത. ചെടികളിൽ ഒരിലയനക്കമില്ല. നേർത്ത കാറ്റു പോലുമടിക്കുന്നില്ല. കാണുന്നവരുടെ മുഖത്ത് വല്ലാത്തൊരു ഭയമുള്ളതായി എനിക്ക് തോന്നി.  ഇരുമ്പുപടി ചവിട്ടി മുകളിലേക്ക് കയറുമ്പോൾ പല ബ്ലോക്കുകൾക്ക് മുന്നിലും ചെറിയ ചെറിയ ആൾക്കൂട്ടങ്ങൾ കണ്ടു. അവർ എന്തൊക്കെയോ അടക്കിപ്പറയുന്നതു പോലെ. ഇന്നലെ വരെ ഈ ആൾക്കൂട്ടത്തെ ഞാൻ ശ്രദ്ധിച്ചിരുന്നില്ല. അവരിൽ പലരും തുമ്മുകയും ചുമക്കുകയും ചെയ്യുന്നുണ്ട്. ഒരാൾ കോണിപ്പടിയുടെ മുകളിൽ നിന്നു താഴേക്ക് മൂക്ക് ചീറ്റി സ്റ്റീൽ കൈവരിയിൽ കൈ തേക്കുന്നത് കണ്ടു.  റൂമിനു മുന്നിലെത്തി സെയ്ഫ്റ്റി ഷൂ അഴിച്ച് റാക്കിൽ വയ്ക്കുമ്പോൾ സുഹൃത്തിനെ ആരോ വിളിച്ചു. 

"പോസറ്റീവ് കേസ് നമ്മുടെ ബ്ലോക്കിൽ തന്നെയാണ്. താഴെ വരാന്തയിൽ വെളുത്ത സെയ്ഫ്റ്റി ഗൗൺ ധരിച്ച് ക്ലിനിക്കിലെ ഡോക്ടറും നേഴ്സും..." 

uae-labour-camp-8

സുഹൃത്ത് താഴെയിറങ്ങി. ഞാനങ്ങോട്ട് പോയില്ല. റൂമിനകത്തു കയറി കതകടച്ചു. അമിതമായ ഉത്കണ്ഠയും ഭയവും മൂലം എന്റെ ഹൃദയം വരിഞ്ഞുമുറുകുന്നതു പോലെ. ഞാൻ സോഫയിൽ തളർന്നിരുന്നു. പച്ചവെള്ളം ഒരിറക്ക് കുടിച്ച് തെറ്റ് പറ്റിയതു പോലെ അത് മറിച്ചു കളഞ്ഞു. കെറ്റിലിൽ വെള്ളം ചൂടാക്കി ഒരു ഗ്ലാസ്സ് കുടിച്ചു.  എന്റെ റൂമിന്റെ തൊട്ടു താഴെയാണ് ആ കോവിഡ് രോഗി. എന്റെ പരിഭ്രമം കൂടി വന്നു. പെട്ടെന്ന് ആരോ വാതിലിൽ തട്ടി. മൊയ്തീൻക്കയാണ്. ഓഫിസ് ബോയിയുടെ യൂണിഫോമിലായതുകൊണ്ട് ഡ്യൂട്ടി കഴിഞ്ഞ് നേരെ ഇങ്ങോട്ടാണ് വന്നതെന്ന് മനസ്സിലായി. അയാളുടെ മുഖത്തും ഭീതി പടർന്നിട്ടുണ്ട്. ചെറിയ കാര്യത്തിനു പോലും ടെൻഷനടിക്കുന്നയാളാണ്.  

"ഇന്നിപ്പൊ ഒന്നും ണ്ടാക്കാൻ വയ്യ... നിങ്ങള് മെസ്സിപ്പോയി വല്ലതും കഴിച്ചോ..." അയാൾ അതും പറഞ്ഞ് ധൃതിയിൽ തിരിച്ചു നടന്നു. രാത്രി നേരത്തു മാത്രം റൂമിൽ നിന്നു എന്തെങ്കിലും രുചിയുള്ള കറിയുണ്ടാക്കിക്കൊണ്ടുവന്ന് ഞങ്ങളൊരുമിച്ചായിരുന്നു ഭക്ഷണം കഴിക്കാറുള്ളത്.  മെസ്സിലേക്ക് പോകുമ്പോൾ ക്യാംപിനകത്ത് വെറുതെ കറങ്ങി നടക്കുന്നവരെ സെക്യൂരിറ്റിക്കാരൻ റൂമിലേക്ക് ഓടിച്ചു വിടുന്നതു കണ്ടു. അയാൾ ഞങ്ങളുടെ നേർക്കും തിരിഞ്ഞു.  

uae-labour-camp-4

"ജൽദീ കരോ ഭായ്... " മെസ്സിലെ ഡോർ ടിഷ്യൂ പേപ്പർ കൊണ്ട് തൊടാതെ തൊട്ട് വലിച്ച് തുറന്ന് കൈയ്യിൽ കരുതിയ ഡബ്ബയിൽ ഭക്ഷണമെടുത്ത് ഞങ്ങൾ വേഗത്തിൽ പുറത്തിറങ്ങി. അപ്പോഴും ചിലർ നീളൻ കുപ്പായത്തിൽ കൈയ്യിട്ടു ചൊറിഞ്ഞു കൊണ്ട് അവിടവിടെയായി നിൽക്കുന്നത് കണ്ടു.  കാലത്ത് ഫാക്ടറിയിലെ തൊഴിലാളികളെയെല്ലാം ഒരുമിച്ചുകൂട്ടി വീണ്ടും ബോധവൽക്കരണം നടത്തി. പതിവുപോലെ തെർമൽഗൺ ഉപയോഗിച്ച് എല്ലാവരുടെയും ബോഡി ടെമ്പറേച്ചർ പരിശോധിച്ച് റെക്കോർഡിൽ രേഖപ്പെടുത്തി. ഡ്യൂട്ടി കഴിഞ്ഞ് ക്യാംപിലെത്തിയാൽ ഒരു കാരണവശാലും റൂമിൽ നിന്നും പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശം നൽകി.  അതീവ ജാഗ്രതയും സുരക്ഷയും പാലിക്കേണ്ടതിനെക്കുറിച്ച് എല്ലാവരും ഏറെക്കുറെ ബോധവാന്മാരായിരുന്നു. എങ്കിലും ചിലർ ഫാക്ടറിക്കകത്തു തന്നെ കാർക്കിച്ചു തുപ്പുകയും മൂക്ക് ചീറ്റുകയും ചെയ്യുന്നത് കണ്ടപ്പോൾ ദേഷ്യം വന്നു. അവരെ മാത്രം വിളിച്ച് ശകാരിക്കുകയും ഉപദേശിക്കുകയും ചെയ്തു.  ഞങ്ങൾ താമസിക്കുന്ന ബ്ലോക്ക് ഒരു പ്രേതാലയം പോലെ തോന്നിച്ചു. എവിടെയും സ്പർശിക്കാതെ വായുവിലൂടെയെന്നപോലെയാണ് പോക്കും വരവും. ആ റൂമിനു മുന്നിലെത്തുമ്പോൾ ഉള്ളൊന്നു പിടയും. അൽപം വഴിമാറിയാണ് നടന്നു പോവുക. റൂമിനകത്തെ വെളിച്ചത്തിൽ നീല ജനൽവിരി തെളിഞ്ഞു കാണുമെങ്കിലും പിന്നിൽ ഒരു നിഴലാട്ടം പോലുമുണ്ടാവാറില്ല.  ഞങ്ങൾ സെയ്ഫ്റ്റി ഓഫിസറോട് വിവരങ്ങൾ അന്വേഷിച്ചു. ഇപ്പോൾ രോഗി റൂമിൽ തന്നെയാണെന്നും അധികൃതർക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അയാൾ പറഞ്ഞു. ഞങ്ങളുടെ ആശങ്ക വർദ്ധിച്ചു. 

നോർക്കയുടെയും കെഎംസിസി യുടെയും ഹെൽപ്പ് ഡെസ്ക്കിലേക്ക് വിളിച്ചു. സ്ലോട്ട് ഒഴിവുവരുന്നതിനുസരിച്ച് മാത്രമേ ഹോസ്പിറ്റലിലേക്ക് മാറ്റുകയുള്ളൂവെന്നും ഹൈ സിംറ്റംസ് ഉണ്ടെങ്കിലേ എമർജൻസിയായി കൊണ്ടു പോവുകയുള്ളൂവെന്നും  അവരറിയിച്ചു.  അയാളുടെ ഇപ്പോഴത്തെ അവസ്ഥ എന്തായിരിക്കും. ഞങ്ങൾക്ക് വിഷമം തോന്നി. ആരെങ്കിലും അത് അന്വേഷിക്കുന്നുണ്ടാവുമോ? ക്യാംപ് ക്ലിനിക്കിലെ നഴ്സ് വന്ന് പരിശോധിക്കാറുണ്ടത്രേ. എങ്കിലും ഞങ്ങൾ അയാളുടെ നമ്പർ സംഘടിപ്പിച്ച് സുഖവിവരങ്ങൾ അന്വേഷിച്ചു. തുടക്കത്തിൽ വന്ന പനിയല്ലാതെ ഇപ്പോൾ കുഴപ്പമില്ലെന്നും അയാൾ പറഞ്ഞു. അപരിചിതരായ ഞങ്ങളുടെ വിളിയിൽ അയാൾക്ക് അതിയായ സന്തോഷം തോന്നി. അറിയുന്ന ഒരാൾ പോലും ഇതുവരെ വിളിച്ചിട്ടില്ലെന്ന് അയാൾ പരിഭവപ്പെട്ടു. ഞങ്ങൾ അയാളെ ആശ്വസിപ്പിക്കുകയും ആത്മധൈര്യം നൽകുകയും ചെയ്തു. ഇത്തരം ആശ്വാസവാക്കുകൾ ഞങ്ങളിൽ നിന്ന് എങ്ങനെയാണ് നിർഗളിച്ചതെന്നറിയില്ല. കാരണം ആ സമയം ആത്മധൈര്യം ഏറെക്കുറെ  നഷ്ടപ്പെട്ടവരായിരുന്നു ഞങ്ങൾ.  

സമ്മർദങ്ങളിലൂടെ യാത്ര; ആത്മവിശ്വാസം രക്ഷയായി

ക്യാംപിൽ പോസറ്റീവ് കേസ് റിപ്പോർട്ട് ചെയ്ത കാര്യം പുറത്തുള്ള ആരെയെങ്കിലും അറിയിക്കാനാവാതെ ഞാൻ വിർപ്പുമുട്ടി. ഒടുവിൽ സുഹൃത്തിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. എന്നോട് അതിയായ സഹതാപവും അനുകമ്പയും തോന്നുമെന്നാണ് വിചാരിച്ചത്. പക്ഷേ, അവൻ ചിരിച്ചു. " കോളടിച്ചല്ലോ ...'' ഞാൻ തരിച്ചുനിന്നു പോയി. 

"എടാ... സീപീ, ഇത് പരക്കെയുണ്ട് ടാ... എന്റെ ഫ്ലാറ്റിൽ റിപ്പോർട്ട് ചെയ്തിട്ട് രണ്ടാഴ്ചയായി. അവിടെ ഇപ്പൊ എത്തിയതല്ലേയുള്ളൂ... ഇത് എല്ലാർക്കും വന്ന് പോകും. ചിലർക്ക് വന്നതേ അറിഞ്ഞിട്ടില്ല. ടെസ്റ്റ് ചെയ്ത്  പോസറ്റീവാണെന്നറിഞ്ഞാലും റൂമിത്തന്നെ കിടക്കണം. പെട്ടെന്നൊന്നും ആരെയും ഹോസ്പിറ്റലിലേക്ക് മാറ്റില്ല. അവിടെയൊന്നും ബെഡ് ഒഴിവില്ല.  ഹൈ സിംറ്റംസ് ഉണ്ടെങ്കിൽ മാത്രമേ പേടിക്കേണ്ടതുള്ളൂ.. അല്ലെങ്കിൽ ഒരു ജലദോഷപ്പനി വന്നു പോകുന്നതു പോലെ പോകും.... "  

സുഹൃത്തിന്റെ നിസ്സാരഭാവം എന്നെ അത്ഭുതപ്പെടുത്തി. പക്ഷേ, അതെന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. ക്യാംപിൽ സെക്കൻഡറി കോൺടാക്ട് ഉള്ളവരെയെല്ലാം ടെസ്റ്റ് ചെയ്യിക്കുകയും അവരെ ക്വാറന്റീൻ ചെയ്യുകയും ചെയ്തു. ദിവസേന പോസറ്റീവ് കേസുകളുടെ എണ്ണം വർധിച്ചു. ആംബുലൻസ് തലങ്ങും വിലങ്ങും പാഞ്ഞു. തൊട്ടടുത്ത ക്യാംപിലെ ഐസലേഷൻ ബ്ലോക്കിലേക്ക് പലരേയും മാറ്റി. മറ്റുള്ളവരെ ക്യാംപിനകത്തു തന്നെ ഐസലേറ്റ് ചെയ്തു. പരിശോധനകൾ തുടർച്ചയായി നടന്നു കൊണ്ടിരുന്നു.  വെള്ളിയാഴ്ച വൈകിയാണ് എഴുന്നേറ്റത്. അമിതമായ ഉറക്കം മൂലമാണ് കണ്ണ് ഇടുങ്ങുകയും ചുവക്കുകയും ചെയ്തതാണെന്നാണ് ആദ്യം വിചാരിച്ചത്. പക്ഷേ, പനിയുടെ ലക്ഷണങ്ങളും വന്നു തുടങ്ങി. ആകെ ഒരു അസ്വസ്ഥത. എന്റെ കലങ്ങിയ മുഖം കണ്ട് തൊട്ടടുത്ത മുറിയുടെ വാതിൽക്കലിൽ നിന്നും സുഹൃത്ത് മനീഷ് കളിയാക്കി. 

"പണി പാളിയാ..." മറ്റു ലക്ഷണങ്ങളൊന്നുമില്ലാത്തതിനാലും മുമ്പത്തെക്കാൾ മനസ്സിന് കരുത്തുള്ളത് കൊണ്ടും ഞാൻ പതറിയില്ല. കൈയ്യിലുള്ള പാരസെറ്റ്മോൾ രണ്ടെണ്ണം വിഴുങ്ങി. വൈകിട്ടോടെ പനി പമ്പ കടന്നു. കണ്ണിൽ ചെറിയ ചോപ്പ് ബാക്കിയുണ്ട്. പിറ്റേന്ന് ഡ്യൂട്ടിക്ക് പോവുകയും ശരീരോഷ്മാവ് പരിശോധിക്കുകയും ചെയ്തു. റീഡിങ് നോർമൽ. എങ്കിലും ശരീരത്തിന് ചെറിയ ക്ഷീണം തോന്നി. പിന്നീടുള്ള ദിവസങ്ങളിൽ ഇടയ്ക്കിടയ്ക്ക് പനി വരികയും പോവുകയും ചെയ്തു.  ഫാക്ടറിയിൽ ഓരോ ദിവസവും ഓരോരുത്തർ പനിപിടിച്ച്  വരാതെയായി. അസ്വാഭാവികമായ എന്തെങ്കിലും ശാരീരിക പ്രശ്നങ്ങളുണ്ടെങ്കിൽ ഡ്യൂട്ടിക്ക് വരേണ്ടതില്ലെന്ന് കമ്പനി നേരത്തെ തന്നെ അറിയിച്ചിരുന്നു. ചിലർ നിസ്സാര കാരണങ്ങൾ പറഞ്ഞ്  അത് മുതലെടുക്കുകയും ചെയ്തു. രണ്ടു പ്ലാന്റ് ഓപ്പറേറ്റർമാർ നാട്ടിൽ പോയി തിരിച്ചു വരാൻ കഴിയാത്തതിനാൽ സൂപ്പർവൈസങ്ങിന് പുറമെ പ്ലാന്റ് ഓപ്പറേറ്റ് ചെയ്യുകയെന്ന അധിക ജോലി കൂടി എനിക്കുണ്ടായിരുന്നു. അതു കൊണ്ടു തന്നെ ഒരു ദിവസം പോലും ലീവെടുക്കാൻ പറ്റാതെയായി.  പനിയുള്ള കാര്യം മാനേജരെ വിളിച്ചറിയിച്ചു. ആശുപത്രിയിൽ പോകാൻ പറഞ്ഞുവെങ്കിലും ഉച്ചയ്ക്ക് ശേഷം അൽപം ഭേദം തോന്നിയതിനാൽ അതിനു മെനക്കെട്ടില്ല. പിറ്റേന്ന് സുഹൃത്ത് മനീഷിനും നല്ല പനിവന്നപ്പോൾ ഞങ്ങൾ ആശുപത്രിയിൽ കാണിക്കാൻ തീരുമാനിച്ചു.  

ആശുപത്രിയിലും പരിസരത്തും ഒരു മൂകത തളം കെട്ടി നിൽക്കുന്നതായി അനുഭവപ്പെട്ടു. ഫിവർ ക്ലിനിക്കിന് മുന്നിലെ ഷെഡ്ഡിലിരിക്കുന്നവരുടെ മുഖത്ത് ദൈന്യതയും നിരാശയും കാണാം. വല്ലാത്തൊരു ഉൾഭയത്തോടെയാണ് ഞങ്ങൾ അകത്ത് കയറിയത്. റിസപ്ഷൻ കൗണ്ടറിനു മുന്നിലും വെയിറ്റിങ് ഏരിയയിലും നിറയെ ആളുകളുണ്ടായിരുന്നു. എല്ലാവരും മാസ്കും ചിലർ ഗ്ലൗസും ധരിച്ചിട്ടുണ്ട്. ആരുടെയും മുഖത്ത് നോക്കുവാനുള്ള ശക്തിയില്ലാതെ എവിടെയും സ്പർശിക്കാതെയെന്നപ്പോലെ ഒരു സീറ്റിൽ അരച്ചന്തി മാത്രം മുട്ടിച്ച് മുന്നോട്ട് കൂനിയിരുന്നു. വെളുത്ത പ്ലാസ്റ്റിക് ഗൗൺ ധരിച്ച രൂപങ്ങൾ കാണുമ്പോൾ ഏതോ  ഗ്രഹത്തിലെത്തപ്പെട്ടതു പോലെ.  തൊട്ടടുത്ത് വന്നിരിക്കുന്നവരെ അപൂർവ്വ ജീവികളോടെന്ന പോലെ വിരക്തിയോടെ ഒരു തവണ മാത്രം നോക്കും. അവർ നന്നേ ക്ഷീണിതരും രോഗികളുമായിരുന്നു. അന്തരീക്ഷത്തിൽ വൈറസുകൾ പാറിക്കളിക്കുന്നതു പോലെ. അവിടെ നിന്നും ഓടി രക്ഷപ്പെടാനാണ് എനിക്ക് തോന്നിയത്. എത്ര നേരമാണ് ഹൃദയമിടിപ്പോടെ ഇങ്ങനെ കാത്തിരിക്കാനാവുക. ഒടുവിൽ മണിക്കൂറുകൾക്ക് ശേഷമാണ് ഡോക്ടർ പരിശോധിക്കുന്നതും സ്രവമെടുക്കുന്നതും. റിസൾട്ട് വരുന്നതുവരെ ക്വാറന്‍റീനിൽ കഴിയണമെന്ന് നഴ്സ് നിർദ്ദേശിക്കുകയും പേപ്പറും തന്നു. അപ്പോൾ അതുവരെയില്ലാത്ത ഒരു മനോധൈര്യവും സന്തോഷവും തോന്നി. ഇനി റൂമിൽ സ്വസ്ഥമായി ഇരിക്കാലോ. എത്ര നാളുകളായി ഇങ്ങനെയൊരു വിശ്രമം ആഗ്രഹിക്കുന്നു.  തൊട്ടടുത്തുള്ള മാളിലെ മെഡിക്കൽ ഷോപ്പിൽ കയറി മരുന്ന് വാങ്ങി തിരിച്ചിറങ്ങുമ്പോഴാണ് പിറ്റേന്ന് നോമ്പ് തുടങ്ങുന്ന കാര്യം ഓർമ വന്നത്. കുറച്ച് ഫ്രൂട്സ് വാങ്ങാമെന്നു കരുതി മുന്നിലെ സൂപ്പർ മാർക്കറ്റിലേക്ക് നടന്നപ്പോൾ ഗെയ്റ്റിനു മുന്നിൽ പനി പിടിക്കാൻ തോക്കെടുത്ത് നിൽക്കുന്ന സെക്യൂരിറ്റിക്കാരൻ. ഞങ്ങൾ കള്ളന്മാരെപ്പോലെ തിരിച്ചു നടന്നു.  

എന്റെ ക്വാറന്റീൻ ദിനങ്ങൾ

ക്വാറന്‍റീനിന്റെ ആദ്യ ദിനം തന്നെ ഞങ്ങൾ ഓരോ തുരുത്തുകളായി മാറി. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും രാഷ്ട്രീയം പറയുകയും ചെയ്ത ഞങ്ങൾക്കിടയിൽ വലിയ കടലിടുക്കുകൾ രൂപപ്പെട്ടു. നാരായണേട്ടനും ശ്രീജിത്തിനും ഒന്നിച്ചുള്ള വെള്ളമടി മുട്ടിയതായിരുന്നു സങ്കടം.  പുലിക്കൂട്ടിലേക്ക് ഭക്ഷണമെത്തിക്കുന്നതു പോലെ അതിസാഹസികമായിട്ടാണ് മെസ്സിൽ നിന്നും ക്യാംപ് ബോയ് ഞങ്ങൾക്കുള്ള ഭക്ഷണമെത്തിച്ചിരുന്നത്. അവൻ പാർസൽപൊതി ഡോറിൽ ഒന്നു തട്ടി റൂമിനു മുന്നിൽ വച്ചോടും. ഒരു ദിവസം പാർസൽ കാണാതായപ്പോഴാണ് അവനും ക്വാറന്റീനിലാണെന്നറിഞ്ഞത്. ഞങ്ങൾക്ക് ആവശ്യമായ മറ്റു സാധനങ്ങൾ ലിൻസും സിജുവും അൽപ്പം പേടിയോടെ തന്നെ റൂമിൽ എത്തിച്ചു തന്നു.   ക്വാറന്റീനിന്   മുൻപ് ഈ ദിവസങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്നൊരു ചെറിയ ധാരണയുണ്ടായിരുന്നു. വായിക്കാതെ കിടക്കുന്ന ധാരാളം പുസ്തകങ്ങളുണ്ട്. അതൊക്കെ ഓരോന്നായി വായിച്ചു തീർക്കണം. കുറച്ചൊക്കെ എഴുതണം. ആരാധനകൾ വർധിപ്പിക്കണം. പക്ഷേ, ഒരു തരം നിസ്സംഗതയും അലസതയും. ഒന്നും ചെയ്യാൻ തോന്നുന്നില്ല. മുഴുവൻ സമയവും ആവശ്യമില്ലാത്ത ചിന്തകൾ... ഓരോ കാര്യങ്ങളും ആലോചിച്ച് മനസ്സ് പെരുപ്പിക്കുക. നേടിയെടുത്ത ആത്മധൈര്യമൊക്കെ ചോർന്നു പോകുന്നതു പോലെ. നിരാശയും ഭയവും കൊണ്ട് മാനസിക സമ്മർദ്ദം കൂടിക്കൂടി വന്നു. നാട് ... വീട്... കുടുംബം ...കുട്ടികൾ വല്ലാത്തൊരു നഷ്ടബോധം വേട്ടയാടിക്കൊണ്ടിരുന്നു. 

നാട്ടിലേക്ക് പറന്നു പോകാൻ ചിറകുകൾ മുളച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കാതിരുന്നില്ല. ഇപ്പോഴത്തെ നിസ്സഹായതയെക്കുറിച്ച് സ്വയം പഴിക്കും. ടിവിയിൽ കാണുന്ന മരണ നിരക്കുകൾ പരിഭ്രാന്തി കൂട്ടും. ഉറക്കമില്ലാതെയായി. കണ്ണടച്ചാൽ ദു:സ്വപ്നങ്ങൾ കടന്നു വരും. വെളുത്ത ഗൗണണിഞ്ഞ മാലാഖമാർ വന്നു കൂട്ടിക്കൊണ്ടു പോകുന്നതുപോലെ. അപ്പോൾ ശ്വാസം മുട്ടും. തൊണ്ട വരളും.  ഒടുവിൽ ഇതൊക്കെയും വെറും മനസ്സിന്റെ തോന്നലുകളാണെന്ന് സ്വയം ബോധ്യപ്പെടുത്തും. മനോധൈര്യം വീണ്ടെടുക്കാൻ താൽപര്യമുള്ള കാര്യങ്ങളിൽ വ്യാപൃതനാവും. എഫ്ബിയിൽ പഴയ പോസ്റ്റുകൾ കുത്തിപ്പൊക്കും. സമകാലിക വിഷയങ്ങളെക്കുറിച്ച് എന്തെങ്കിലും കുറിപ്പിടും. വാട്ട്സപ്പ് ഗ്രൂപ്പുകളിൽ വെറുതെ തലയിട്ടു നോക്കും. സുഹൃത്തുക്കൾക്ക് മെസേജയക്കും. മാർട്ടിൻ ലിങ്സിന്റെ മുഹമ്മദ് എന്ന പുസ്തകം ബാക്കി ഭാഗം വായിക്കും. ഖുർആൻ ഉറക്കെ പാരായണം ചെയ്യും. ആശുപത്രിയിൽ കിടക്കുന്ന ഉപ്പായ്ക്ക് വേണ്ടി മനസ്സുരുകി പ്രാർത്ഥിക്കും. പതിവു പ്രാർഥനകളിൽ കൂടുതൽ ഭക്തിസാന്ദ്രമാകും.  ക്വാറന്റീനിന്റെ ആദ്യ രണ്ടു ദിനങ്ങൾ പിന്നിട്ടപ്പോൾ തന്നെ ബോറടി തുടങ്ങിയിരുന്നു. ഒരേ ഇരിപ്പും കിടപ്പുമായി ശരീരഭാഗങ്ങളിൽ കടച്ചിൽ അനുഭവപ്പെട്ടു. മൊബൈൽ നോക്കി നോക്കി കഴുത്തിലെ പേശികൾ വേദനിച്ചു. റൂമിലിരിക്കുന്നതിനേക്കാൾ ഡ്യൂട്ടി തന്നെയായിരുന്നു നല്ലതെന്ന് പിന്നീട് തോന്നാതിരുന്നില്ല.  ഗുളിക കഴിക്കാനുണ്ടായതിനാൽ ആദ്യത്തെ കുറച്ചു ദിവസങ്ങൾ നോമ്പെടുത്തിരുന്നില്ല.  റൂമിൽ പൂർണ വിശ്രമത്തിലായതുകൊണ്ട് പിന്നീട് നോമ്പെടുക്കാൻ വലിയ ബുദ്ധിമുട്ട് തോന്നിയില്ല. നോമ്പുമുറിക്കാനുള്ള വിഭവങ്ങളൊക്കെ മൊയ്തീൻക്ക ലിൻസിന്റെ കൈയ്യിൽ കൊടുത്തയക്കും. തെരിക്കഞ്ഞിയും ഒന്നോ രണ്ടോ പലഹാരങ്ങളുമുണ്ടാകും. ഫ്രൂട്ട്സ് ഞാൻ തന്നെ വെട്ടി ശരിപ്പെടുത്തി വയ്ക്കും. പതിവു നോമ്പുതുറയിൽ നിന്നും വ്യത്യസ്തമായി തണുത്തതൊന്നുമുണ്ടാകാറില്ല.  ദിവസവും ഉപ്പുവെള്ളം ഗാർഗിൾ ചെയ്യുകയും ആവി പിടിക്കുകയും ചെയ്തു. ധാരാളം ചൂടുവെള്ളം കുടിച്ചു. നല്ലതുപോലെ ഉറങ്ങാൻ നോക്കി. ഭക്ഷണത്തിൽ പച്ചക്കറിയുടെയും ഫ്രൂട്ട്സിന്റെയും അളവുകൾ വർദ്ധിപ്പിച്ചു. ലൈംടീ കടിച്ചു. പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള എല്ലാ മാർഗങ്ങളും നോക്കി. വാർത്തകൾ കാണുന്നത്  കുറച്ചു. ഓരോ ദിവസവും ആകാംഷയോടെ വിധിക്കു വേണ്ടി കാത്തു നിന്നു.  

പുതിയ പുലരിയിലേയ്ക്ക് ജാലകം തുറക്കുന്നു

അടുത്ത പുലരിയിലേക്ക് ഞാൻ ജാലകം തുറന്നു. സൂര്യപ്രകാശത്തിന്റെ നവ്യമായ ഒരു ചൂട് മുഖത്തടിച്ചു. ഒരു ചെറു കാറ്റ് അകത്തേക്ക് അരിച്ചു കയറി. നല്ല ശുദ്ധമായ വായു. മനസ്സിനും ശരീരത്തിനും വല്ലാത്തൊരു കുളിർമ്മയും അനുഭൂതിയും. കണ്ണുകളിൽ തെളിച്ചം പടർന്നു. തെളിഞ്ഞ നീലാകാശം. പകലിന്റെ പുത്തനുടുപ്പണിഞ്ഞ് മരുഭൂമി തിളങ്ങി നിൽക്കുന്നു. വേലിപ്പടർപ്പുകളിലെ പേരറിയാ പൂക്കൾ ചിരിതൂകി നിൽക്കുന്നു. ജൂലൈ മാസച്ചൂട് കാത്ത് ഈന്തപ്പനയോലകളിൽ തൂങ്ങുന്ന പച്ചക്കുലകൾ. വൃക്ഷക്കൊമ്പുകളിൽ മൈന ചിലച്ചു. അരിപ്രാവും  കാരക്കക്കുരുവികളും മണലിൽ പറന്നിറങ്ങി എന്തൊക്കെയോ കൊത്തിപ്പെറുക്കുന്നു. ഒരു വെട്ടുകിളിയെപ്പോലും എങ്ങും കാണാനില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com