ADVERTISEMENT

ദോഹ ∙ നാട്ടിലും യൂറോപ്യൻ രാജ്യങ്ങളിലുമൊക്കെയായി മധ്യവേനൽ അവധി ചെലവഴിക്കുന്നവരാണ് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളിൽ ഭൂരിഭാഗം പേരും. എന്നാൽ, ഈ കോവിഡ് കാലത്ത് വിദേശയാത്ര പോയിട്ട് സ്വദേശത്തേക്ക് പോലും പോകാൻ കഴിയാത്ത സാഹചര്യവും. അപ്പോൾ പിന്നെ അവധിക്കാലത്തിന്റെ പതിവ് ശൈലി ഒന്ന് മാറ്റിപ്പിടിച്ചാലോ.

ഹോട്ടൽ താമസവും ഖത്തറിന്റെ കാണാക്കാഴ്ചകളിലേക്ക് യാത്രയും മരുഭൂമിയിലെ മണൽകൂനകളിലൂടെയുള്ള സാഹസിക സവാരികളും കടലിൽ മീൻപിടുത്തവും ഒക്കെ കോർത്തിണക്കി കൊണ്ടുള്ള അടിപൊളി അവധിക്കാലം ദോഹയിൽ തന്നെയാക്കാം. രാജ്യത്തെ ജനങ്ങൾക്ക് വ്യത്യസ്തമായ അവധിക്കാലം ദോഹയിൽ തന്നെ ചെലവിടാൻ ഖത്തർ നാഷനൽ ടൂറിസം കൗൺസിൽ (ക്യുഎൻടിസി) ആണ് മികച്ച ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

avadhikkoottam

കാഴ്ചകൾ കാണാം, ഷോപ്പിങ് നടത്താം

അവധിയാഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ദോഹയിൽ തന്നെ വേറിട്ടൊരു അവധിക്കാലം ആസ്വദിക്കാനുള്ള അവസരം നൽകുകയാണ് ക്യുഎൻടിസിയുടെ ലക്ഷ്യം. ഒപ്പം ആഭ്യന്തര വിനോദ സഞ്ചാര മേഖലയ്ക്ക് ഉണർവ് പകരാനും ഷോപ്പിങ്, ആതിഥേയ മേഖലകൾ സജീവമാക്കാനും കഴിയും.

ഖത്തർ മ്യൂസിയം, യുണൈറ്റഡ് ഡവലപ്‌മെന്റ് കമ്പനി തുടങ്ങി പൊതു, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുമായി ചേർന്നാണ്  'ഖത്തർ സമ്മർ പ്രോഗ്രാ'മിലൂടെ ക്യുഎൻടിസി മികച്ച ഓഫറുകൾ നൽകുന്നത്. രാജ്യത്തുടനീളമായി ആതിഥേയ മേഖലയിലെ 40 തിലധികം സ്ഥാപനങ്ങളാണ് ഖത്തർ സമ്മർ പ്രോഗ്രാമിൽ പങ്കാളികളായിരിക്കുന്നത്.  

ഈ വേനൽക്കാലത്ത് പ്രാദേശിക ഡിസൈനർമാരുടെ വെർച്വൽ ഫാഷൻ ഷോയും കാണാം. ഇതാദ്യമായാണ് ക്യുഎൻടിസി ഫാഷൻ ഷോ ഓൺലൈനിൽ ലൈവ് ആയി നടത്തുന്നത്. ക്യുഎൻടിസിയുടെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യു ട്യൂബ് ലൈവ് എന്നിവയിലൂടെ ഷോ കാണാം.

സാഹസിക സവാരിയും ക്യാംപിങ്ങും

എല്ലാ പ്രായക്കാർക്കും മികച്ച ആസ്വാദനം ഉറപ്പാക്കുന്നതാണ് പാക്കേജ്. ഇൻലാൻഡ് സീയിലേക്ക് ഡെസേർട്ട് സഫാരിയും അവിടുത്തെ അൽ ബഹാർ ബീച്ചിൽ ക്യാംപിങ്ങും കരയും കടലും ഒരുമിച്ചു ചേരുന്ന തീരത്തിരുന്ന് ബാർബിക്യു ഉച്ചഭക്ഷണം അല്ലെങ്കിൽ അത്താഴം, മണൽകൂനകൾക്ക് നടുവിലൂടെയുള്ള സാഹസിക സവാരി, മീൻപിടുത്തം, പാരാട്രക്കിങ്, സ്‌കൂബ ഡൈവിങ്, ബോട്ടു യാത്ര, തോണി യാത്ര തുടങ്ങി ഉല്ലാസ, സാഹസിക യാത്രകളുടെ പാക്കേജുകളാണുള്ളത്. പോക്കറ്റിന് അനുസരിച്ച് പാക്കേജ് തിരഞ്ഞെടുക്കാം.

വരവേൽക്കാനൊരുങ്ങി ഹോട്ടലുകളും

കോവിഡ് ഭീതിയിൽ നിന്ന് രാജ്യം വിമുക്തമായതോടെ അതിഥികളെ വരവേൽക്കാൻ ഹോട്ടലുകളും തയാറെടുത്തു കഴിഞ്ഞു. കോവിഡ്-19 മുൻകരുതൽ, അണുവിമുക്ത പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ടാണ് ഹോട്ടലുകളുടെ പ്രവർത്തനം. പൊതുജനാരോഗ്യ മന്ത്രാലയം നിഷ്‌കർഷിച്ചിരിക്കുന്ന വ്യവസ്ഥകൾ നടപ്പാക്കുന്ന ഹോട്ടലുകൾക്ക് ഖത്തർ ക്ലീൻ പ്രോഗ്രാം സർട്ടിഫിക്കറ്റും നൽകുന്നുണ്ട്. ആരോഗ്യസുരക്ഷ ഉറപ്പാക്കി കൊണ്ടുള്ള അവധിക്കാലമാണ് ആതിഥേയ, വിനോദസഞ്ചാര മേഖല വാഗ്ദാനം ചെയ്യുന്നത്.

ഓളമൊരുക്കി ഓഫറുകൾ 

∙  ഹോട്ടൽ മുറികൾ ബുക്ക് ചെയ്യുന്നതിൽ 50 % വരെ ഇളവ്.

∙ ഭക്ഷണ, ശീതള പാനീയങ്ങളിലും 50 % വരെ ഇളവ്.

∙ പ്രഭാത ഭക്ഷണത്തിന് പണം വേണ്ട.  

 ∙ 3 രാത്രിയോ അതിൽ കൂടുതലോ മുറി ബുക്ക് ചെയ്യുന്നവർക്ക് അത്താഴം സൗജന്യമായിരിക്കും.

∙ 2 രാത്രി താമസിക്കുന്നവർക്ക് ഒരു രാത്രി സൗജന്യ താമസവും ലഭിക്കും.

∙ സ്പാ സേവനങ്ങൾക്ക് 25 % വരെ ഇളവ്.

∙ ഖത്തർ മ്യൂസിയത്തിന്റെ കൾചറൽ പാസിന്  20 % ഇളവ്.

അവധിക്കാല ഓഫറുകൾ അറിയാൻ : https://www.qatarstaycation.com. ക്യുഎൻടിസി ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും സന്ദർശിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com