ADVERTISEMENT

ദുബായ്∙ ഖത്തറിനുള്ള ഉപരോധം നീങ്ങിയതോടെ ഗൾഫ് മേഖലയിലെ വാണിജ്യ-വ്യാപാര മേഖലകളിലടക്കം വൻ കുതിപ്പ് പ്രതീക്ഷിക്കാം. ഗൾഫ് രാജ്യങ്ങളുമായി ഊഷ്മള ബന്ധം പുലർത്തുന്ന ഇന്ത്യയ്ക്കും ഇതു നേട്ടമാകും.

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക  പ്രതിസന്ധി അതിവേഗം മറികടക്കാൻ ഇതു സഹായകമാകും. 2022ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് മത്സരത്തിനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനിടെ ഉണ്ടായ നിർണായക പ്രഖ്യാപനം ഒട്ടേറെ കമ്പനികൾക്ക് ഗുണകരമാകും. അറബ് രാജ്യങ്ങളും  ഇസ്രയേലും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിച്ചതാണ് മറ്റൊരു സുപ്രധാന മാറ്റം.

സമാധാന മേഖലയായ ഗൾഫിൽ മുതൽമുടക്കാൻ നിക്ഷേപകർക്ക് കൂടുതൽ ആത്മവിശ്വാസം പകരുമെന്നും രാജ്യാന്തര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഫിഫ ലോകകകപ്പിനോട് അനുബന്ധിച്ചുള്ള നിർമാണ പ്രവർത്തനങ്ങളിൽ ഇന്ത്യക്കാർക്കു പങ്കാളിത്തമുള്ള ധാരാളം കമ്പനികൾക്ക് ഉപകരാർ  ലഭിച്ചിരുന്നു. ഇതിൽ ഏറെക്കുറെ എല്ലാ കമ്പനികളും   യുഎഇ ആസ്ഥാനമായി പ്രവർത്തിച്ചിരുന്നതാണ്. നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിവസവും ഖത്തറിൽ പോയിവന്നിരുന്നവരുമുണ്ട്.

ഉപരോധം ഈ കമ്പനികളെ തളർത്തിയിരുന്നു. ഇരുരാജ്യങ്ങൾക്കുമിടയിൽ ചരക്ക് നീക്കത്തിനുള്ള വഴിയടഞ്ഞതോടെ നൂറുകണക്കിനു ട്രക്ക് ഉടമകളും ഈ മേഖലയിലെ തൊഴിലാളികളും പ്രതിസന്ധിയിലായിരുന്നു. ഇറാനുമായുള്ള  അടുപ്പം, ഖത്തറിലെ തുർക്കി സൈനികത്താവളം പൂട്ടുക, ഭീകര സംഘടനകളുമായുള്ള  ബന്ധം വിഛേദിക്കുക തുടങ്ങിയ 13  ആവശ്യങ്ങൾ ഉന്നയിച്ചാണ്  യുഎഇ,  സൗദി, ബഹ്‌റൈൻ,  ഈജിപ്ത്  എന്നീ  രാജ്യങ്ങൾ  ഉപരോധം പ്രഖ്യാപിച്ചത്.

എക്സ്പോയ്ക്കും ഗുണകരം

സമാധാനം നിലനിൽക്കുന്നത് യുഎഇയിൽ ഒക്ടോബറിൽ ആരംഭിക്കുന്ന എക്സ്പോയ്ക്കും ഗുണകരമാകും.

സാമ്പത്തിക മേഖലയ്ക്ക് ഊർജമേകുന്ന ബന്ധങ്ങൾ

∙ ഖത്തറിൽ നിന്നുള്ള വാതകവിതരണം പുനരാരംഭിക്കുന്നതും സാമ്പത്തിക മേഖലയ്ക്ക് ഊർജമേകും. ലോകത്ത് ദ്രവീകൃത പ്രകൃതിവാതകം കയറ്റി അയയ്ക്കുന്ന ഏറ്റവും വലിയ രാജ്യങ്ങളിലൊന്നാണു ഖത്തർ.പുനരുപയോഗ ഊർജ ഉൽപാദനം കൂട്ടിയാണ് വാതകവിതരണത്തെ തുടർന്നുള്ള പ്രതിസന്ധി യുഎഇ മറികടന്നത്. ബറാക ആണവോർജ പദ്ധതിയും പൂർത്തിയായി.

∙ ഖത്തറിലേക്കുള്ള പഞ്ചസാര കയറ്റുമതി യുഎഇയും സൗദി അറേബ്യയും പുനരാരംഭിക്കാനും വഴിയൊരുങ്ങി. ഖത്തറിലേക്കുള്ള പാൽ വിതരണം സൗദി നിർത്തിവച്ചത് ഖത്തറിനു തിരിച്ചടിയായിരുന്നു. പാലിനു പകരം പശുക്കളെ ഇറക്കുമതി ചെയ്താണ് ഖത്തർ ഈ പ്രതിസന്ധി മറികടന്നത്. ഇന്നു പാൽ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഖത്തർ മാറിയെന്നാണ് റിപ്പോർട്ട്.

∙ യുഎഇയിലും ഒമാനിലുമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കാനും ബന്ധുക്കളെ കാണാനും ഖത്തറിലെ പ്രവാസികൾക്കുണ്ടായ  തടസ്സവും നീങ്ങുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com