ADVERTISEMENT

ദോഹ∙ രോഗങ്ങളും അപകടങ്ങളും മൂലം പ്രവാസ മണ്ണിൽ അപ്രതീക്ഷിതമായി ജീവൻ നഷ്ടപ്പെടുന്നവർ ഏറെയുണ്ട്. ഭൂരിഭാഗം പേരുടെയും മൃതദേഹം സ്വദേശങ്ങളിലേക്കു കൊണ്ടുപോകുകയാണ് പതിവ്.

Read also : യുഎഇയിൽ മലയാളി യുവാവ് ബന്ധുവിന്റെ കുത്തേറ്റു മരിച്ചു

ഖത്തറിൽ അന്ത്യവിശ്രമം കൊള്ളുന്ന പ്രവാസികളും കുറവല്ല. വിദേശമണ്ണിൽ മരണമടയുന്ന പ്രവാസിയുടെ മൃതദേഹം മോർച്ചറിയിൽ നിന്ന് വിട്ടു കിട്ടുന്നത് മുതൽ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും ഇവിടെ തന്നെ അടക്കം ചെയ്യുന്നതിനും കൃത്യമായ നടപടിക്രമങ്ങളുണ്ട്. 

മൃതദേഹം നാട്ടിലെത്തിക്കുന്നത് വരെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഇന്ത്യൻ എംബസി എപ്പെക്‌സ് സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ (ഐസിബിഎഫ്) സഹായം തേടാം. ഇതിനു പുറമേ കെഎംസിസിയുടെ മയ്യിത്ത് പരിപാലന കമ്മിറ്റി പോലെ സൗജന്യ സേവനം നൽകുന്ന പ്രവാസി കൂട്ടായ്മകളുമുണ്ട്. നടപടിക്രമങ്ങൾ, ആവശ്യമായ സർട്ടിഫിക്കറ്റുകൾ എന്നിവയെക്കുറിച്ച് കൂടുതലറിയാം.

രേഖകൾ, നടപടിക്രമങ്ങൾ

∙ആദ്യം മോർച്ചറിയിൽ നിന്നുള്ള ഡെത്ത് നോട്ടിഫിക്കേഷൻ രേഖ വാങ്ങണം.

∙പൊലീസ് റിപ്പോർട്ട് ആണ് രണ്ടാമതായി വേണ്ടത്. സ്വാഭാവിക മരണം ആണെങ്കിലും ആശുപത്രിയിലുള്ള മരണമല്ലെങ്കില്‍ പൊലീസ് റിപ്പോര്‍ട്ട് ആവശ്യമാണ്. 

∙അപകട മരണങ്ങൾക്ക് പൊലീസ് റിപ്പോർട്ട് നിർബന്ധമാണ്. 

∙കോവിഡ് ബാധിച്ചല്ല മരണമെങ്കിൽ ഹമദ് ആശുപത്രിയുടെ മോർച്ചറി റിസപ്ഷനിൽ നിന്ന് കോവിഡ് ഇതര സർട്ടിഫിക്കറ്റും വാങ്ങണം. 

∙ഡെത്ത് നോട്ടിഫിക്കേഷൻ, മരിച്ചയാളുടെ ഖത്തർ ഐഡി, പാസ്‌പോർട്ട്, പൊലീസ് റിപ്പോർട്ട് ഉണ്ടെങ്കിൽ അത് എന്നിവ സഹിതം ആഭ്യന്തര മന്ത്രാലയത്തിന്റെ ഹ്യൂമാനിറ്റേറിയൻ ഓഫിസിൽ മരണം റിപ്പോർട്ട് ചെയ്യണമെന്നതാണ് മൂന്നാമത്തെ നടപടി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുകയാണോ ഖത്തറിൽ അടക്കം ചെയ്യുകയാണോ എന്നത് അധികൃതരെ അറിയിക്കണം. ഇവിടെ നിന്ന് മരണസർട്ടിക്കറ്റും സിഐഡി ക്ലിയറൻസും ലഭിക്കും. അൽസാദിലെ ഹമദ് മെഡിക്കൽ കോർപറേഷന്റെ പിറകിലായാണ് ഓഫിസ്. ഞായർ മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ വൈകിട്ട് 5.30 വരെയാണ് പ്രവർത്തിക്കുന്നത്. 

∙ഹ്യൂമാനിറ്റേറിയൻ ഓഫിസിൽ റിപ്പോർട്ട് ചെയ്ത ശേഷം ഒനൈസയിലെ ഇന്ത്യൻ എംബസിയിലെത്തി നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) വാങ്ങണം. എൻഒസി ലഭിക്കാൻ മേൽ പറഞ്ഞ രേഖകൾക്ക് പുറമേ കുടുംബത്തിന്റെ സമ്മതപത്രവും മരിച്ച വ്യക്തിയുടെ തൊഴിലുടമയുടെ കത്തും ആവശ്യമാണ്. മരണം റജിസ്റ്റർ ചെയ്തു കൊണ്ടുള്ള സർട്ടിഫിക്കറ്റും എംബസിയിൽ നിന്ന് ലഭിക്കും. 

∙ എംബസിയുടെ എൻഒസി ഉൾപ്പെടെയുള്ള രേഖകളുമായി വീണ്ടും ഹ്യൂമാനിറ്റേറിയൻ ഓഫിസിൽ എത്തണം. മൃതദേഹം ഖത്തറിൽ തന്നെയാണ് അടക്കം ചെയ്യുന്നതെങ്കിൽ മരണസർട്ടിഫിക്കറ്റും ഖത്തറിൽ അടക്കം ചെയ്യുന്നതിനുള്ള അനുമതി രേഖയും ലഭിക്കും. ഈ രേഖകളുമായി മോർച്ചറിയിലെത്തിയാൽ മൃതദേഹം വിട്ടുകിട്ടും. ഇസ്‌ലാമിക വിശ്വാസികളെ അബു ഹമൂറിലും ഇതര മതസ്ഥരെ ദുഖാനിലെ സെമിത്തേരിയിലുമാണ് അടക്കം ചെയ്യുന്നത്. എവിടെയാണോ അടക്കുന്നത് ആ പരിധിയിലുള്ള പൊലീസ് സ്‌റ്റേഷനിൽ എല്ലാ രേഖകളും ഹാജരാക്കി ഇക്കാര്യം റിപ്പോർട്ട് ചെയ്യണം. 

∙മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനാണെങ്കിൽ ഇന്ത്യൻ എംബസിയുടെ എൻഒസി വാങ്ങിയ ശേഷം കാർഗോയും ടിക്കറ്റും ബുക്ക് ചെയ്ത രേഖകൾ സഹിതം വേണം വീണ്ടും ഹ്യൂമാനിറ്റേറിയൻ ഓഫിസിലെത്താൻ. ഇവിടെ നിന്ന് മരണസർട്ടിഫിക്കറ്റ് വാങ്ങി എല്ലാ രേഖകളുമായി വിമാനത്താവളത്തിലെ കാർഗോ ടെർമിനലിലെ ഇമിഗ്രേഷൻ വകുപ്പിൽ ചെല്ലണം. ഖത്തർ എയർവേയ്‌സ് കാബിൻ ക്രൂ കെട്ടിടത്തിലാണിത്. 

∙ഇമിഗ്രേഷന്‍ വകുപ്പില്‍ നിന്നുള്ള രേഖകള്‍ ലഭിച്ചു കഴിഞ്ഞാല്‍ കാര്‍ഗോ ടെര്‍മിനലിലെ ഗേറ്റ് നമ്പര്‍ 31ൽ പ്രവര്‍ത്തിക്കുന്ന കസ്റ്റംസ് വകുപ്പിലെത്തി രേഖകള്‍ ഹാജരാക്കണം. 

∙ഇമിഗ്രേഷന്‍, കസ്റ്റംസ് എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള എല്ലാ രേഖകളും ആശുപത്രി മോര്‍ച്ചറി ഓഫിസില്‍ നല്‍കണം. വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് 5 മണിക്കൂർ മുൻപ് നിർബന്ധമായും രേഖകളെല്ലാം ഹാജരാക്കണം.

English Summary : Repatriation and funeral procedures for expats dying in Qatar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com