ADVERTISEMENT

ദോഹ/കൊല്ലം∙ മഴക്കാലത്ത് സാധാരണ ഉറക്കം നഷ്ടപ്പെടുത്താറുള്ളത് കടൽക്ഷോഭ ഭീതിയാണെങ്കിൽ ഇന്നലെ അഴീക്കൽ നിവാസികൾ ഉറങ്ങാതിരുന്നത് അയൽവാസികളായ മൂന്നുപേരുടെ ദുർവിധിയോർത്താണ്. ഒരു കുടുംബത്തിന്റെ അത്താണിയായിരുന്നവരാണ് ഖത്തർ അപകടത്തിൽ മരിച്ചത്.

Read Also: ഖത്തറില്‍ വാഹനാപകടത്തില്‍ കരുനാഗപ്പള്ളി സ്വദേശികളായ 3 മലയാളികള്‍ ഉള്‍പ്പെടെ 5 മരണം

ഇന്നലെ പുലർച്ചെയാണ് അപകട വാർത്ത നാട്ടിൽ അറിയുന്നത്. ബന്ധുക്കൾ ആൻസിയുടെയും ജിജോയുടെയും വീട്ടിൽ ആരെയും വിവരം അറിയിച്ചില്ല. ആൻസിയുടെ പിതാവ് മത്സ്യത്തൊഴിലാളിയായ ജോസഫ് ഗോമസും മാതാവ് മെർലിനും ജിജോയുടെ ഭാര്യ പ്രിൻസിയും പത്തു മാസം പ്രായമുള്ള മകൻ ഗോഡ്ഫിനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

ഹൃദയം പിളർക്കുന്ന വാർത്ത അവരോടു പറയാൻ ആർക്കും ധൈര്യമുണ്ടായില്ല. വീട്ടിലേക്ക് എത്തിയവരെ കഴുകൻ തുരുത്തിൽവച്ചു തന്നെ നാട്ടുകാർ തടഞ്ഞു തിരികെ അയച്ചു. ഈ സമയം ജിജോയുടെ ഭാര്യ പ്രിൻസി മകൻ ഗോഡ്ഫിനെ ഖത്തറിൽനിന്നു പിതാവ് കഴിഞ്ഞ ദിവസം അയച്ച പാട്ടുകളുടെ പശ്ചാത്തലത്തിലുള്ള വിഡിയോകൾ കാണിക്കുകയായിരുന്നു.

ഇതിനിടെ,  പതിവ് ഫോൺ വിളി ഇല്ലാതിരുന്നതിന്റെ കാരണം പ്രിൻസി  ബന്ധുക്കളോട് അന്വേഷിച്ചെങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞു വിഷയം മാറ്റാൻ‍  അവർ ബുദ്ധിമുട്ടി. രണ്ടു വർഷം മുൻപ് വിവാഹിതനായ ജിജോ മകൻ ജനിച്ച് ഒൻപതാം ദിവസം ഖത്തറിലേക്ക് പോയതാണ്.

ഒന്നര വർഷം മുൻപ് ആൻസിയുടെയും ജിജോയുടെയും പിതാവ് ജോസഫ് ഗോമസിന് വാഹന അപകടത്തിൽ കാലിന് സാരമായി പരുക്കേറ്റിരുന്നു. രണ്ടു മാസം മുൻപാണ് നടക്കാൻ ആരംഭിച്ചത്. മകന്റെ വരവ് കാത്തിരിക്കുകയാണ് അദ്ദേഹം.

English Summary: 3 Malayalis from a family died in Qatar accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com