ADVERTISEMENT

ദുബായ് ∙ തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകിയത് യാത്രക്കാരെ വലച്ചു. ഇന്നലെ രാത്രി 8.45നു പോകേണ്ട വിമാനം വൈകിയതോടെ ശനിയാഴ്ച രാത്രി ദുബായിൽ മരിച്ച കൊല്ലം ഭരണിക്കാവ് സ്വദേശി സുഭാഷ് പിള്ളയുടെ (50) സംസ്കാര ചടങ്ങും അനിശ്ചിതത്വത്തിലായി. മൃതദേഹം ഇന്നു വൈകിട്ട് 4ന് നാട്ടിൽ സംസ്കരിക്കാനിരിക്കുകയായിരുന്നു. വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിലാണ് മൃതദേഹം. സംസ്കാരം സംബന്ധിച്ച വിവരം വിമാന ജീവനക്കാരെ അറിയിച്ചിട്ടും ബദൽ സംവിധാനം ഒരുക്കാൻ തയാറായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. 

air-india-expfress-delayed

സുഭാഷ് പിള്ളയുടെ ഭാര്യയും 2 മക്കളും 2 ബന്ധുക്കളും ഇതേ വിമാനത്തിൽ യാത്ര ചെയ്യാനായി വിമാനത്താവളത്തിൽ എത്തിയപ്പോൾ മാത്രമാണ് വിമാനം വൈകുന്ന വിവരം പറയുന്നത്. അർധരാത്രി 12.15ന് പോകുമെന്നായിരുന്നു ആദ്യ അറിയിപ്പ്. പിന്നീട് പുലർച്ചെയാകുമെന്ന് പറഞ്ഞു. യാത്രക്കാർ ബഹളം വച്ചപ്പോൾ ഇന്ന് ഉച്ചകഴിഞ്ഞേ പുറപ്പെടൂവെന്ന് ജീവനക്കാർ അറിയിച്ചു. അത്യാവശ്യക്കാരെ ഷാർജ വിമാനത്തിലേക്കു മാറ്റിയെങ്കിലും മൃതദേഹം മാറ്റാനാകില്ലെന്ന് പറഞ്ഞു. രാത്രി 9.30ന് കൊച്ചിയിലേക്കുള്ള വിമാനത്തിൽ അയയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ സാധിക്കില്ലെന്ന് അറിയിച്ചു. 

ഇന്ന് ഉച്ചകഴിഞ്ഞ് വരുന്ന വിമാനത്തിലേ അയക്കാനാകൂ എന്നായിരുന്നു വിമാന ജീവനക്കാരുടെ ശാഠ്യം. ആ വിമാനവും വന്നില്ലെങ്കിൽ ഇന്നു രാത്രി ഇതേ സമയത്തുള്ള വിമാനത്തിൽ അയയ്ക്കാമെന്നാണ് വിമാന ജീവനക്കാരുടെ നിലപാട്. എന്നാൽ വെള്ളിയാഴ്ച സംസ്കാരം പറ്റില്ലെന്നും മറ്റു വിമാനത്തിൽ അയയ്ക്കാൻ സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ വിമാനത്താവളത്തിൽ കുത്തിയിരിക്കുകയാണ്. 

air-india-express-dubai-tvm-delayed

വിമാനം വൈകുന്ന വിവരം ജീവനക്കാർ വൈകിട്ട് 3ന് അറിഞ്ഞിട്ടും യാത്രക്കാരെ മുൻകൂട്ടി അറിയിച്ചില്ലെന്നും പറഞ്ഞു. നേരത്തേ അറിഞ്ഞിരുന്നെങ്കിൽ ദുബായിൽനിന്നോ ഷാർജയിൽനിന്നോ ഉള്ള വിമാനത്തിൽ മൃതദേഹം നാട്ടിൽ എത്തിച്ച് നിശ്ചയിച്ച സമയത്ത് സംസ്കരിക്കാമായിരുന്നുവെന്നും വിമാന ജീവനക്കാരുടെ നിരുത്തരവാദ സമീപനം വല്ലാതെ വേദനിപ്പിച്ചെന്നും ബന്ധുക്കൾ പറഞ്ഞു.

English Summary: Dubai-Kochi flight Air India Express delayed.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com