ADVERTISEMENT

ഷാർജ∙ നവംബർ 1 മുതൽ 12 വരെ ഷാർജയിലെ എക്‌സ്‌പോ സെന്ററിൽ ന‌ടക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേളയുടെ (എസ്‌ഐബിഎഫ്) 42-ാമത് വാർഷിക പതിപ്പിൽ 1981-ൽ  ആരംഭിച്ചതിന് ശേഷം ഏറ്റവും കൂടുതൽ രാജ്യങ്ങൾ പങ്കെടുക്കും. ഇന്ത്യയടക്കം  108 രാജ്യങ്ങളിൽ നിന്നുള്ള 2,033 പ്രസാധകരും പ്രദർശകരും പുതിയ നാഴികക്കല്ല് പിന്നിടുന്ന ഇൗ മേളയിൽ ആതിഥേയത്വം വഹിക്കും. ഞങ്ങൾ പുസ്തകങ്ങളെക്കുറിച്ച് പറയുന്നു എന്നതാണ് ഷാർജ ബുക്ക് അതോറിറ്റി (എസ്‌ബി‌എ) സംഘടിപ്പിക്കുന്ന മേളയുടെ ഇപ്രാവശ്യത്തെ പ്രമേയം. അതിഥി രാജ്യമായ ദക്ഷിണ കൊറിയയെ ആദരിക്കും. ഇന്ത്യയിൽ നിന്ന് വളരെ ചുരുക്കം അഥികളെത്തുമെങ്കിലും മലയാളത്തിൽ നിന്ന് ഇപ്രാവശ്യം ആരുടെ പേരും എല് ബിഎ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

15 ലക്ഷം ടൈറ്റിലുകളാണ് ഇപ്രാവശ്യം പ്രദർശിപ്പിക്കുക. ഇവ വിലയ്ക്ക് വാങ്ങാനുള്ള അവസരവുമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 600 എഴുത്തുകാർ അവരുടെ പുതിയ കൃതികളിൽ ഒപ്പിടാൻ മേളയിലെത്തും.  69 രാജ്യങ്ങളിൽ നിന്നുള്ള 215 അതിഥികൾ നയിക്കുന്ന 1,700-ലേറെ സാഹിത്യ കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറും.

സാഹിത്യം, കല, സാങ്കേതികവിദ്യ, സംസ്കാരം എന്നിവ ഉൾക്കൊള്ളുന്ന ദക്ഷിണ കൊറിയയുടെ അതുല്യമായ അറിവും സാംസ്കാരിക ഭൂപ്രകൃതിയും പ്രദർശിപ്പിച്ചുകൊണ്ടാണ് ആ രാജ്യത്തെ ആദരിക്കുക. പോർച്ചുഗീസ് യൂണിവേഴ്‌സിറ്റി ഓഫ് കോയിംബ്രയുമായി സഹകരിച്ച് 60 ചരിത്ര കലാരൂപങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രദർശനവും സാംസ്‌കാരിക പരിപാടിയും സംഘടിപ്പിക്കും. കൂടാതെ, സന്ദർശകരുടെ അറിവ് സമ്പന്നമാക്കുന്നതിനായി 6 സംവേദനാത്മക ഇടങ്ങൾ ഒരുക്കിയിട്ടുണ്ട്.  

sharjah-international-book-fair-2023-grand-celebration-of-books-kareena-kapoor-wole-soyinka

∙ ഇന്ത്യയിൽ നിന്ന് 120 പ്രസാധകർ; എഴുത്തുകാർ കുറവ്
രാജ്യാന്തര തലത്തിൽ ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യയിൽ നിന്നാണ് കൂടുതൽ പ്രസാധകർ മേളയ്ക്കെത്തുക–120. ആകെ 1043 അറബ് പ്രസാധകരും 900 രാജ്യാന്തര പ്രസാധകരും പങ്കെടുക്കും. എന്നാൽ അതിഥികളായെത്തുന്ന ഇന്ത്യൻ എഴുത്തുകാർ വളരെ കുറവാണ്. പക്ഷേ, വരും ദിവസങ്ങളിൽ കൂടുതൽ പ്രമുഖരുടെ പേരുകൾ വെളിപ്പെടുത്തുമെന്ന്  സിഇഒ അഹമ്മദ് ബിൻ റക്കാദ് അൽ അമേരി  പറഞ്ഞു.

അറബിക് ഭാഷയില്‍ നിന്ന് എട്ട് ലക്ഷം, മറ്റ് ഭാഷകളിൽ നിന്ന് ഏഴ് ലക്ഷം എന്നിവയുൾപ്പെടെ 15 ലക്ഷത്തിലേറെ ശീർഷകങ്ങളാണ് പ്രദർശിപ്പിക്കുക. അറബ് പ്രസാധകരുടെ പട്ടികയിൽ യുഎഇ, ഈജിപ്ത്, ലബനൻ എന്നിവ മുന്നിലാണ്. രാജ്യാന്തര തലത്തിൽ ഇന്ത്യ കൂടാതെ, യുകെ, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ള കൂടുതൽ പ്രസാധകർ എത്തിച്ചേരും.  460 സാംസ്കാരിക പരിപാടികൾക്ക് നേതൃത്വം നൽകുന്ന 127 അതിഥികളിൽ നൊബേൽ സമ്മാന ജേതാക്കളും വിശിഷ്ട അറബ്, രാജ്യാന്തര ബഹുമതികൾ നേടിയവരും ഉൾപ്പെടും. കൂടാതെ, എഴുത്തുകാർ, ചിന്തകർ, ബുദ്ധിജീവികൾ, കലാകാരന്മാർ എന്നിവരുടെ ഒരു സംഘം സംബന്ധിക്കും. 33 രാജ്യങ്ങളിൽ നിന്നുള്ള 127 അറബ്, രാജ്യാന്തര അതിഥികൾ 460 സാംസ്കാരിക പരിപാടികൾ നയിക്കും. ഇതിൽ പാനൽ ചർച്ചകൾ, ശില്പശാലകൾ, വിവിധ കലാ ആവിഷ്‌കാരങ്ങൾ, സാഹിത്യ പരിപാടികൾ എന്നിവ ഉൾക്കൊള്ളുന്ന സെഷനുകളുമുണ്ട്.  എമിറാത്തിയും അറബ്  കവിയുമായ ഖാലിദ് അൽ ബദൗ, ഡോ. മഷേൽ അൽ നബൂദ, അദേൽ ഖോസാം, മുഹമ്മദ് അൽ ജോക്കർ, സുആദ് അൽ അറൈമി, ഫാത്തിയ അൽ നിമർ, ഡോ. ഐഷ അൽ ഗൈസ്, സയീദ് അൽ തുടങ്ങിയ പ്രമുഖ എമിറാത്തി എഴുത്തുകാരും ബുദ്ധിജീവികളും മേളയെ ധന്യമാക്കും. അൾജീരിയൻ നോവലിസ്റ്റ് അഹ്‌ലാം മോസ്റ്റെഗനെമി, ഈജിപ്ഷ്യൻ എഴുത്തുകാരനും തിരക്കഥാകൃത്തുമായ അഹമ്മദ് മൗറാദ്, മുഹമ്മദ് അൽ ഗന്ദൂർ, കുവൈത്ത് എഴുത്തുകാരൻ ബോതയ്ന അൽ ഇസ്സ, ലബനീസ് കവി തലാൽ ഹൈദർ, ഈജിപ്ഷ്യൻ കവി നൂർ അബ്ദുൽ മെഗുയിഡ്, ഈജിപ്ഷ്യൻ മാധ്യമ പ്രവർത്തകൻ റെഹം അയാദ്, കുവൈത്ത് കവി ഷെറിയൻ അൽ ദിഹാനി, ഈജിപ്ഷ്യൻ നോവലിസ്റ്റും മാധ്യമപ്രവർത്തകനുമായ താരീഖ് ഇമാം, സൗദി കവി ഫഹദ് അൽ ഷഹ്‌റാനി,  ഖത്തറി കവി നാസർ അലോബർ എന്നിവരും പങ്കെടുക്കും. 

∙ ഇന്ത്യയിൽ നിന്ന് ബോളുവുഡ് നടി കരീനാ കപൂർ; വോൾ സോയിങ്കയും എത്തും
ഇന്ത്യയിൽ നിന്ന്  നടി കരീന കപൂർ ആണ് ഇപ്രാവശ്യമെത്തുന്ന പ്രമുഖരിലൊരാൾ. ‌തന്റെ കരീനാ കപൂർ ഖാൻസ് പ്രഗ്നൻസി ബൈബിൾ; ദി അൾടിമേറ്റ് മാന്വൽ ഫോർ മംസ് ടു ബി എന്ന പുസ്തകവുമായാണ് താരം എത്തുക. 1986 ലെ സാഹിത്യ നൊബേൽ ജേതാവ് നൈജീരിയൻ നാടകകൃത്തും നോവലിസ്റ്റുമായ വോൾ സോയിങ്കയാണ് മറ്റൊരു പ്രധാന അതിഥി.

കൂടാതെ ഇന്ത്യൻ എഴുത്തുകാരി മോണിക്ക ഹാലൻ, ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്, ഡച്ച് എഴുത്തുകാരൻ സ്വാമി പൂർണചൈതന്യ, , സ്വീഡിഷ് എഴുത്തുകാരൻ തോമസ് എറിക്സൺ, ബ്രിട്ടീഷ്-പാക്കിസ്ഥാൻ നോവലിസ്റ്റും എഴുത്തുകാരനുമായ മൊഹ്‌സിൻ ഹമീദ്, ചെക്ക്-കനേഡിയൻ ശാസ്ത്രജ്ഞൻ വക്ലാവ് സ്മിൽ എന്നിവരാണ് മറ്റു പ്രമുഖർ.

sharjah-international-book-fair-2023-grand-celebration-of-books-kareena-kapoor-wole-soyinka

∙ ഗൾഫിലെ പോർച്ചുഗീസ് സാന്നിധ്യം; പ്രദർശനം ശ്രദ്ധേയമാകും
കോയിംബ്ര സർവകലാശാലയുമായി സഹകരിച്ച് 60 ചരിത്രവസ്തുക്കൾ ഉൾക്കൊള്ളുന്ന  പ്രദർശനം മേളയിലെ ആകർഷണമാണ്. ഗൾഫിലെ പോർച്ചുഗീസ് സാന്നിധ്യവും പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ അവിടെയുണ്ടായ സാംസ്‌കാരിക ബന്ധങ്ങളെക്കുറിച്ചും ഈ പ്രദർശനം പരിശോധിക്കുന്നു.  

∙ ത്രില്ലർ എഴുത്തുകാർ വായനക്കാരെ തേടിയെത്തും
ആകാംക്ഷയോടെ കാത്തിരിക്കുന്ന ത്രില്ലർ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് ത്രില്ലർ ഫെസ്റ്റിവൽ എൻവൈയുടെ പങ്കാളിത്തത്തോടെ നവംബർ 8-10 തീയതികളിൽ നടക്കും. ഈ 3-ദിവസത്തെ പരിപാടടിയിൽ ത്രില്ലർ, ക്രൈം വിഭാഗത്തിലെ എഴുത്തുകാർ അവരുടെ വായനക്കാരുമായി സംവദിക്കും. 

∙ 130 നാടകങ്ങൾ
12 രാജ്യങ്ങളിൽ നിന്നുള്ള 31-ലധികം അതിഥികൾ നയിക്കുന്ന 900 ശില്പശാലകൾ പുതിയതും വ്യത്യസ്തവുമായ അറിവുകൾ വാഗ്ദാനം ചെയ്യുന്നു.  14 രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരും കലാകാരന്മാരും സംവിധാനം ചെയ്ത 130 നാടകങ്ങളുടെ പ്രദർശനമാണ് മറ്റു പ്രധാന പരിപാടി. എമിറാത്തി തിയേറ്റർ പ്രൊഡക്ഷൻ "ബാർകോഡ് പ്രിസൺ" എന്ന സംഗീത നാടകവും പ്രദർശിപ്പിക്കും.   കുട്ടികളുടെ സംഗീത പരിപാടിയുമുണ്ടായിരിക്കും.

∙ കുക്കറി കോർണർ; ഷെഫ് സുരേഷ് പിള്ള എത്തുന്നു
ഈ വർഷം പങ്കെടുക്കുന്ന 12 രാജ്യാന്തര പാചകക്കാരിൽ ഇന്ത്യയിൽ നിന്ന് മലയാളി ഷെഫ് സുരേഷ് പിള്ളയുമുണ്ട്.  ഓരോരുത്തരും 45 തത്സമയ പാചക പരിപാടികൾ അവതരിപ്പിക്കും.  സമൂഹമാധ്യമ സ്റ്റേഷനിൽ വിവിധ ശിൽപശാലകൾ അരങ്ങേറും. 

∙ പ്രസാധക സമ്മേളനം 29 മുതൽ 31 വരെ
മേളയ്ക്ക് മുന്നോടിയായി 13-ാമത് പ്രസാധക സമ്മേളനം ഇൗ മാസം 29 മുതൽ 31 വരെ മൂന്ന് ദിവസം നീണ്ടുനിൽക്കും. 42-ലധികം പ്രഭാഷകരും വിദഗ്ധരും പ്രസിദ്ധീകരണ മേഖല അഭിമുഖീകരിക്കുന്ന സുപ്രധാന പ്രശ്‌നങ്ങളും വെല്ലുവിളികളും  ചര്‍ച്ച ചെയ്യുന്ന 4 മുഖ്യ പ്രഭാഷണങ്ങൾക്കും 31 റൗണ്ട് ടേബിളുകൾക്കും നേതൃത്വം നൽകും. രണ്ട്, മൂന്ന് ദിവസങ്ങളിൽ, പ്രസാധകർ തമ്മിലുള്ള മുഖാമുഖ സെഷനുകൾ, അവകാശങ്ങൾ വാങ്ങുന്നതും വിൽക്കുന്നതും, വിവർത്തന കരാറുകൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തും. 

ആത്യന്തികമായി പ്രസാധക മേഖലയെ ശക്തിപ്പെടുത്തുന്നതിനും വൈദഗ്ദ്ധ്യം പങ്കിടുന്നതിനും പുതിയ കരാറുകൾ ഉറപ്പിക്കുന്നതിനുമുള്ള വഴികൾ ചർച്ച ചെയ്യുന്നതിനുള്ള ഒരു വേദിയായി സമ്മേളനം വർത്തിക്കും.  ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സൺ ഷെയ്ഖ ബദൂർ അൽ ഖാസിമി ഉൾപ്പെടെയുള്ള പ്രസിദ്ധീകരണ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്.

∙ ഷാർജ പബ്ലിഷർ റെക്കഗ്നിഷൻ അവാർഡും എബിസി അവാർഡുകളും
പ്രസാധക സമ്മേളനത്തിൽ ഷാർജ പ്രസാധക അംഗീകാര അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കും. അവാർഡിന് അപേക്ഷിച്ച 58 രാജ്യങ്ങളിൽ നിന്നുള്ള 16 പ്രസാധകരും  42 സാഹിത്യ ഏജന്റുമാരും ഉൾപ്പെടെ 58 പേർ പങ്കെടുക്കും.  കൂടാതെ, ആക്‌സസിബിൾ ബുക്‌സ് കൺസോർഷ്യം (എബിസി) കാഴ്ച വൈകല്യമുള്ളവർക്കായി പുസ്‌തകങ്ങൾ നിർമ്മിക്കുന്ന പ്രസാധകരെ ആദരിക്കാൻ ലക്ഷ്യമിട്ടുള്ള ആക്‌സസിബിൾ പബ്ലിഷിങ്ങിനുള്ള എബിസി ഇന്റർനാഷണൽ എക്‌സലൻസ് അവാർഡിന്റെ രണ്ടാം പതിപ്പിന്റെ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യും.

∙ ഷാർജ രാജ്യാന്തര ലൈബ്രറി സമ്മേളനം
അമേരിക്കൻ ലൈബ്രറി അസോസിയേഷന്റെ പങ്കാളിത്തത്തോടെ   ഷാർജ രാജ്യാന്തര ലൈബ്രറി സമ്മേളനത്തിന്റെ പത്താം പതിപ്പ് നവംബർ 7 മുതൽ 9 വരെ നടക്കും. 30 ലേറെ രാജ്യങ്ങളിലെ വൈവിധ്യമാർന്ന ലൈബ്രറികളെ പ്രതിനിധീകരിക്കുന്ന 400-ലേറെ രാജ്യാന്തര ലൈബ്രേറിയൻമാരും സ്പെഷ്യലിസ്റ്റുകളും പങ്കെടുക്കും. 

എസ്‌ബി‌എ ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ ദുബായിലെ ദക്ഷിണ കൊറിയൻ കോൺസൽ ജനറൽ  മൂൺ ബ്യൂങ്-ഇയുൻ, ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി ഡയറക്ടർ സാലെം അൽ ഗൈത്തി, എസ്ഐബിഎഫ് ജനറൽ കോഒാർഡിനേറ്റർ ഖൗല അൽ മുജൈനി,  എസ്ബിഎയിലെ പ്രസാധകരുടെ സേവനങ്ങളുടെ ഡയറക്ടർ മൻസൂർ അൽ ഹസ്സനി, മുഹമ്മദ് അൽ അമീമി തുടങ്ങിയവർ സംബന്ധിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com