ADVERTISEMENT

ഷാർജ ∙ നവംബർ 1 മുതൽ 12 വരെ നമുക്ക് പുസ്തകങ്ങളെക്കുറിച്ച് പറയാം എന്ന പ്രമേയത്തിൽ നടക്കുന്ന 42–ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ നൊബേൽ സമ്മാന ജേതാവ് അടക്കമുള്ള ഒട്ടേറെ പ്രശസ്ത എഴുത്തുകാരും ചിന്തകരും പ്രഭാഷകരുമെത്തും. സംഘാടകരായ ഷാർജ ബുക്ക് അതോറിറ്റി(എസ് ബിഎ) യുടെ ഔദ്യോഗിക അതിഥികളല്ലെങ്കിലും മലയാളത്തിൽ നിന്നും പ്രമുഖ എഴുത്തുകാരും കലാകാരന്മാരും രാഷ്ട്രീയ നേതാക്കളും മേളയിൽ നിറസാന്നിധ്യമാകും.

നൈജീരിയൻ നോവലിസ്റ്റും 1986ലെ നൊബേൽ ജേതാവുമായ വോൽ സോയിങ്ക, മാൽക്കം തിമോത്തി ഗ്ലാഡ് വെൽ, റോബർട് ഹാരിസ്, തോമസ് എറിക് സൺ, മൊഹ്സിൻ ഹമിദ്, സുനിതാ വില്യംസ്, കരീനാ കപൂർ, മോണിക്ക ഹാലൻ, സ്വാമി പൂർണചൈതന്യ, വാക് ലവ് സ്മിൽ എന്നിവരാണ് മറ്റു പ്രമുഖർ. ആഫ്രിക്കയിലെ ആദ്യ നൊബേൽ ജേതാവാണ് വോള്‍ സോയിങ്ക. ഇംഗ്ലണ്ടിൽ ജനിച്ച കനേഡിയൻ പത്രപ്രവർത്തകനും എഴുത്തുകാരനും പ്രഭാഷകനുമായ മാൽക്കം തിമോത്തി ഗ്ലാഡ്‌വെലിന്റെ ആദ്യത്തെ ആറ് പുസ്‌തകങ്ങൾ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടംപിടിച്ചിരുന്നു. സ്വീഡിഷ് ബെസ്റ്റ് സെല്ലിങ് പുസ്തകങ്ങളുടെ രചയിതാവ് റോബർട് ഹാരിസ് തോമസാണ് അതിഥിയായെത്തുന്ന മറ്റൊരു പ്രമുഖ എഴുത്തുകാരൻ. 60 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും 7 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിക്കുകയും ചെയ്ത പുസ്തകങ്ങളുടെ രചയിതാവാണ് ഇദ്ദേഹം. കൂടാതെ 'എക്‌സിറ്റ് വെസ്റ്റി'ന്റെ രചയിതാവും ബ്രിട്ടിഷ് –പാക്കിസ്ഥാൻ നോവലിസ്റ്റുമായ മൊഹ്‌സിൻ ഹമീദും വായനക്കാരുടെയും പുസ്തകപ്രേമികളുടെയും മനംകവരുമെന്ന് പ്രതീക്ഷിക്കുന്നു.

സാഹിത്യ പ്രതിഭകൾക്ക് പുറമേ, ബഹിരാകാശ, സിനിമ, സാമ്പത്തിക മേഖലകളിലെ പ്രമുഖരും മേളയിൽ പങ്കെടുക്കും. അമേരിക്കൻ ബഹിരാകാശ സഞ്ചാരിയും യുഎസ് നേവി ഓഫിസറുമായ ഇന്ത്യൻ വംശജ സുനിത വില്യംസ് വായനക്കാരുമായി സംവദിക്കും. ബോളിവുഡ് താരം കരീന കപൂർ, 'കരീന കപൂർ ഖാന്റെ പ്രെഗ്നൻസി ബൈബിൾ’ എന്ന പുസ്തകവുമായാണ് എത്തുന്നത്. ഇന്ത്യൻ എഴുത്തുകാരി മോണിക്ക ഹാലനും കരീനയോടൊപ്പം എത്തും. പ്രഭാഷകയും ടെലിവിഷൻ വ്യക്തിത്വവും മണി മാനേജ്മെന്റ്– നിക്ഷേപ വിദഗ്ധയാണ് ഇവർ. നടി കാജലാണ് ഇപ്രാവശ്യത്തെ മറ്റൊരു ബോളിവുഡ് ആകർഷണം. ഐറിഷ് എഴുത്തുകാരനും പ്രഭാഷകനുമായ വിവിയൻ ജെയിംസ് റിഗ്‌നിയാണ് മറ്റൊരു പ്രമുഖ അതിഥി. എവറസ്റ്റ് കൊടുമുടി കയറിയ വിവരണം നൽകുന്ന പുസ്തകം 'നേക്ക്ഡ് ദ് നൈഫ്-എഡ്ജ്' അദ്ദേഹം പരിചയപ്പെടുത്തും.

 മുരളി തുമ്മാരുകുടി, െഎഎസ് ആർ ഒ ചെയർമാൻ, മന്ത്രിമാർ

എസ്ബിഎയുടെ അതിഥികളായി ഇപ്രാവശ്യം രണ്ടു പേരുകളേ ഇതുവരെ അധികൃതർ പ്രഖ്യാപിച്ചിട്ടുള്ളൂ– മുരളി തുമ്മാരുകുടിയും നോവലിസ്റ്റും മാധ്യമപ്രവർത്തകനുമായ അജയ് പി.മങ്ങാട്ടും. എന്നാൽ വിവിധ പ്രസാധകരുടെ നേതൃത്വത്തിൽ ഒട്ടേറെ എഴുത്തുകാരും പ്രഭാഷകരും കലാകാരന്മാരും മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും മറ്റും വിവിധ ദിവസങ്ങളിലായി മേളയിലെത്തും.  പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. മുരളി തുമ്മാരുകുടി, മുൻ സംസ്ഥാന ജയിൽ മേധാവി ഋഷിരാജ് സിങ്,  െഎഎസ് ആർ ഒ ചെയർമാൻ എസ്.സോമനാഥ്, മന്ത്രിമാരായ എം.ബി.രാജേഷ്, പി.രാജീവ്, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരാണ് കേരളത്തിൽ നിന്നെത്തുന്ന പ്രമുഖർ.  

മനോരമ പബ്ലിക്കേഷൻസ് സജീവമാകും

മുൻവർഷത്തേക്കാളും കൂടുതൽ ടൈറ്റിലുകളും അതിഥികളുമായാണ് ഇപ്രാവശ്യം മനോരമ പബ്ലിക്കേഷൻസ് എത്തുക.  ഇരുമുഖിയും മറ്റു പ്രിയ നോവെല്ലകളും എന്ന പുസ്തകവുമായി കഥാകൃത്ത് ജേക്കബ് ഏബ്രഹാം, കെ.എസ്.ചിത്രയുടെ ജീവിത കഥ പറയുന്ന ചിത്രഗീതവുമായി ഷാജൻ സി.മാത്യു, സീതി ഹാജിയുടെ നിയമസഭാ പ്രസംഗങ്ങൾ എന്ന പുസ്തകവുമായി മനോരമ ന്യൂസിലെ നിഷാ പുരുഷോത്തമൻ, ആനന്ദ് ഗംഗൻ, റി ഡിസൈനിങ് ദ് വേൾഡ്; എ ഗ്ലോബൽ കോഗൾ ടു ആക് ഷൻ എന്ന  പുസ്തകത്തിന്റെ മലയാളം വിവര്‍ത്തനം 'വരിക–ലോകം പുനർനിർമിക്കാൻ' പ്രകാശനത്തിനായി സാം പിട്രോഡയും എത്തും. ഇവയെല്ലാം മനോരമ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചവയാണ്.

ഇപ്രാവശ്യം മേളയിൽ 108 രാജ്യങ്ങളിൽ നിന്നുള്ള 2033 പ്രസാധകർ ആതിഥേയത്വം വഹിക്കും. തങ്ങളുടെ 15 ലക്ഷത്തിലധികം ശീർഷകങ്ങൾ അവർ പ്രദർശിപ്പിക്കും.  69 രാജ്യങ്ങളിൽ നിന്നുള്ള  215 അതിഥികൾ പങ്കെടുക്കുന്ന 1700 പരിപാടികൾ അരങ്ങേറും. ആകെ 460 പരിപാടികൾ 12 ദിവസം നടക്കും. 

English Summary:

Sharjah International Book Fair from 1st to 12th November

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com