ADVERTISEMENT

ദുബായ്∙ ജൈറ്റക്സിന്റെ ഭാഗമായി ദുബായ് മറീന ഹാർബറിൽ സ്റ്റാർട്ടപ് സംരംഭങ്ങളുടെ മേള. കേരളത്തിൽ നിന്നടക്കം 250 സ്റ്റാർട്ടപ്പുകളാണ് ഇന്ത്യൻ കൊടിക്കീഴിൽ അണിനിരന്നിരിക്കുന്നത്. ഇതിൽ 50 സ്റ്റാർട്ടപ്പുകളും കേരള സ്റ്റാർട്ടപ് മിഷനിൽ പ്രവർത്തിക്കുന്നവയാണ്. വിവരസാങ്കേതിക വിദ്യ, റോബട്ടിക്സ്, എആർ, വിആർ, ഇന്റർനെറ്റ് ഓഫ് തിങ്സ്, സോഫ്റ്റ്‌വെയർ, ഇലക്ട്രിക് വെഹിക്കിൾ, ഫുഡ് വിഭാഗങ്ങളിലാണ് കേരള സ്റ്റാർട്ടപ്പുകൾ എത്തിയിരിക്കുന്നത്. മറ്റു രാജ്യങ്ങളിലെ മികച്ച ആശയങ്ങളുമായി കൈകോർക്കാനും നിക്ഷേപകരെ തേടാനും വിദേശ വിപണിയിലേക്കു ചുവടു വയ്ക്കാനും കൊതിച്ചെത്തിയവയാണ് കേരള സ്റ്റാർട്ടപ്പുകളിൽ ഏറെയും. 

കളിയും കാര്യവും എളുപ്പമാക്കാൻ
മാധ്യമ പ്രവർത്തകൻ ഡെൻസിൽ ആന്റണിയുടെ എക്സ്ആർ ഹൊറൈസൺ വെർച്വൽ റിയാലിറ്റിയുടെ അനന്ത സാധ്യതകളാണ് അവതരിപ്പിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലും മാധ്യമ രംഗത്തും പ്രോജക്ട് അവതരണത്തിലും ആധുനിക സാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ മേഖലകൾ തുറന്നിടുകയാണിവിടെ. 

ദിനോസറുകളെക്കുറിച്ചു പഠിക്കുന്ന കുട്ടി ദിനോസറിനൊപ്പം ഇരുന്നും നടന്നും പഠിക്കുന്ന മായിക ലോകമാണ് എക്സ്ആർ ഹൊറൈസൺ മുന്നോട്ടു വയ്ക്കുന്നത്. ടിവി റൂമുകളിൽ വാർത്താ അവതാരകൻ ചന്ദ്രയാനിൽ സഞ്ചരിക്കുന്നതു പോലുള്ള സാങ്കേതിക സംവിധാനം ഒരുക്കാൻ സഹായിക്കുന്ന കമ്പനിയാണിത്. 

ആറു മാസത്തേക്ക്, ബാക്ടീരിയ ഇല്ലാതെ 
കോഴിക്കോട് സ്വദേശി ടി.സി. ഫവാസിന്റെ ഫൂ ഫൂഡ്സ് ഭക്ഷണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നതാണ്. പാകം ചെയ്ത ഭക്ഷണം തണുപ്പിക്കാതെ 6 മാസം വരെ കേടു കൂടാതെ സൂക്ഷിക്കുന്ന സാങ്കേതിക വിദ്യയാണ് ഇവരുടേത്. ഭക്ഷണ സാധനം തയാറാക്കി പായ്ക്ക് ചെയ്ത ശേഷം ബാക്ടീരിയകളെ പൂർണമായും നശിപ്പിച്ചാണ് ഇവ കേടുകൂടാതെ സൂക്ഷിക്കുന്നത്. ശരീരത്തിനു ദോഷകരമായ ഒരു രാസ വസ്തുവും ഉപയോഗിക്കുന്നില്ല. ഭക്ഷണം കേടാക്കുന്ന ബാക്ടീരിയകൾ ഇല്ലാതാകുന്നതോടെ 6 മാസം വരെ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കാനാകുമെന്നാണ് ഫവാസ് പറയുന്നത്. ആദ്യം കല്ലുമ്മക്കായ നിറച്ചതും ഇപ്പോൾ പോത്തിറച്ചി വരട്ടിയതുമാണ് കമ്പനി ഇറക്കിയിരിക്കുന്നത്. വൈകാതെ മറ്റു വിഭവങ്ങളും വിപണിയിൽ എത്തും. റെഡി ടു ഈറ്റിനു പുറമെ റെഡി ടു കുക്കും പുറത്തിറക്കുമെന്നു ഫവാസ് പറഞ്ഞു. 

മിന്നും വേഗത്തിൽ ഇല്ക്ട്രിക് ചാർജിങ്
ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുമായി കേരളത്തിൽ സജീവമായ ചാർജ്മോഡ് ദുബായിലും വ്യാപാര പങ്കാളികളെ തേടി എത്തിയതാണ്. അരമണിക്കൂറിൽ ചാർജ് ചെയ്യാവുന്ന ഡിസി ചാർജറും 3 മണിക്കൂറിൽ ചാർജ് ചെയ്യാവുന്ന എസി ചാർജറുമാണ് ചാർജ് മോഡിന്റെ ഉൽപ്പന്നങ്ങൾ. കേരളത്തിൽ ഇതിനോടകം കെഎസ്ഇബി പോസ്റ്റുകളിലെ ചാർജിങ് സ്റ്റേഷനുകളുടെയും റസ്റ്ററന്റ് കേന്ദ്രീകരിച്ചുള്ള ചാർജിങ് സ്റ്റേഷനുകളുടെയും കുത്തക ചാർജ്മോഡിനാണ്. കോഴിക്കോട് ഗവ. എൻജിനീയറിങ് കോളജിൽ നിന്നു പഠനം പൂർത്തിയാക്കിയ തിരുവനന്തപുരം സ്വദേശികളായ എം. രാമനുണ്ണി, മിഥുൻകൃഷ്ണ, കോഴിക്കോട് സ്വദേശി വി. അനൂപ് എന്നിവരുടെ സംരംഭമാണ് ചാർജ്മോഡ്. വീടുകളിൽ ഉപയോഗിക്കാൻ കഴിയുന്നത് 3 മണിക്കൂർ ചാർജർ. സാധാരണ വീടുകളിലെ സ്വിച്ച് ബോർഡിൽ നിന്നു നേരിട്ടു വൈദ്യുതി എടുക്കുമ്പോൾ 15 മണിക്കൂറാണ് ചാർജിങ്ങിനു വേണ്ടി വരുന്നത്, ഇതേ വൈദ്യുതി ഉപഭോഗത്തിൽ 3 മണിക്കൂറിൽ ചാർജ്മോഡിന്റെ ചാർജർ ഉണ്ടെങ്കിൽ ചാർജിങ് പൂർത്തിയാക്കാം. 60000 രൂപയാണ് വില. വാണിജ്യ അടിസ്ഥാനത്തിൽ ചാർജിങ് സ്റ്റേഷൻ തുറക്കുന്നവർക്കു വേണ്ടിയുള്ളതാണ് ഹൈസ്പീഡ് ചാർജർ. ഇതിന് 12 ലക്ഷം രൂപയാണ് വില. 

ഉപഭോക്താവിന്റെ ഉള്ളുലയ്ക്കാൻ 
സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾ തേടി നടക്കുമ്പോൾ ചില കമ്പനിയുടെ ഉൽപന്നങ്ങൾ റാക്കിൽ നിന്നു പുറത്തേക്ക് ചാടി നിങ്ങളുടെ മുന്നിൽ നിന്നാലോ? അങ്ങനൊരാശയം പ്രാവർത്തികമാക്കിയിരിക്കുകയാണ് ഇസ്ട്രോ ടെക്കിന്റെ ഉടമ രാജേഷ് മലമേൽ. ഏതു കമ്പനിക്കും അവരുടെ ഉൽപന്നത്തിന്റെ പ്രചാരണത്തിനായി റോബാഡ് എന്ന ഉപകരണം ഉപയോഗിക്കാം. റോബാഡിന്റെ സഹായത്തോടെ ആ കമ്പനിയുടെ ഉൽപന്നം റാക്കിൽ നിന്ന് ഉയർന്ന് കസ്റ്റമറുടെ മുന്നിലേക്കു വരും. 

വാങ്ങാൻ ആലോചിക്കാത്തവരുടെ പോലും മനസ് ഒരു നിമിഷം ഒന്നുലയുമെന്നാണ് രാജേഷ് പറയുന്നത്. ലോകോത്തര സംരംഭകർക്ക് മുന്നിൽ സ്റ്റാർട്ടപ്പുകളുടെ ആശയം അവതരിപ്പിക്കാൻ ജൈറ്റക്സ് നടത്തുന്ന സൂപ്പർനോവ ചലഞ്ചിന്റെ സെമിഫൈനലിൽ കേരളത്തിൽ നിന്നുള്ള 8 സ്റ്റാർട്ടപ്പുകൾ ഇടം പിടിച്ചു. പതിനായിരക്കണക്കിന് അപേക്ഷകരെ പിന്തള്ളിയാണ് കേരളത്തിന്റെ നേട്ടം. ജെൻറോബോട്ടിക്സ്, ബ്രെയിൻ വയേഡ്, ഹൈപ്പർ കോഷ്യന്റ്, അക്യൂട്ട്രോ ടെക്നോളജീസ്, ഐറോവ്, നോവൽ സസ്റ്റെയിനബിലിറ്റി, ടൂട്ടിഫ്രൂട്ടി, ഇസ്ട്രോടെക്, എന്നിവരാണ് സെമിയിൽ എത്തിയ കേരള സ്റ്റാർട്ടപ്പുകൾ.

English Summary:

Gitex world largest tech and start up event at Dubai harbour.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com