ADVERTISEMENT

ദുബായ് ∙ പ്രവാസ ലോകത്ത് ജീവിക്കുന്ന മലയാളി എഴുത്തുകാരിൽ ഭൂരിഭാഗവും നാട്ടിലെ കഥകളാണ് കൂടുതലും എഴുതാറ്. എങ്കിലും പ്രവാസ ജീവിതത്തിലെ അനുഭവങ്ങൾ പലപ്പോഴും മികച്ച രചനകളില്‍ ഇടം പിടിക്കുന്നു. അവ മലയാളത്തിലെ മുഖ്യധാരാ ആഴ്ചപ്പതിപ്പുകളിലും മാസികകളിലും പ്രസിദ്ധീകരിക്കാറുമുണ്ട്. പ്രവാസ കഥകളും നാട്ടിലെ ഗൃഹാതുരത്വമുണർത്തുന്ന കഥകളും ഒരുപോലെ എഴുതി വിജയിപ്പിക്കുന്നവരുമേറെ. അതേസമയം, പ്രവാസ കഥകൾ പറയുന്ന നോവലുകൾ ചുരുക്കമാണ്. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇത്തരത്തിൽ ഒട്ടേറെ കഥാസമാഹാരങ്ങൾ പ്രകാശനം ചെയ്യപ്പെടുന്നു. ഇവരിരൊരാളാണ് ദുബായിൽ ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി ജോയ് ഡാനിയൽ. ഇദ്ദേഹത്തിന്റെ ആദ്യ  കഥാസമാഹാരം 'അമ്മിണിപ്പിലാവ്' കണ്ണൂരിലെ കൈരളി ബുക്‌സ് ആണ് പ്രസിദ്ധീകരിക്കുന്നത്. വിവിധ അവാർഡുകൾ ലഭിച്ച കഥകൾ ഉൾപ്പെടെ പതിനൊന്ന് കഥകളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ജോയ് ഡാനിയൽ പറയുന്നു:

book-cover-sibf
ജോയ് ഡാനിയലിന്റെ പുസ്തകത്തിന്റെ കവർ ചിത്രം

പത്തനംതിട്ട ജില്ലയിലെ കൂടൽ സ്വദേശിയാണ് ഞാൻ.  സ്‌കൂൾ കാലഘട്ടത്തിലാണ് അക്ഷരങ്ങളെ സ്നേഹിച്ച് തുടങ്ങിയത്. വീട്ടിലോ ബന്ധുക്കളിലോ ആരും സാഹിത്യവുമായി ബന്ധം ഉള്ളവരായിരുന്നില്ല. സ്‌കൂൾ ലൈബ്രറി ഞാൻ കണ്ടിട്ടുപോലുമില്ല.  എങ്കിലും ഞാൻ ഇങ്ങനെയായി. ആദ്യകാലത്ത് ബാലപ്രസിദ്ധീകരണങ്ങൾ വലിയ ആവേശമായിരുന്നു. പിന്നീടത് മനോരമ, മംഗളം തുടങ്ങിയ ആഴ്ചപ്പതിപ്പുകളിലേക്കും ബിരുദത്തിന് മുമ്പ് ഗൗരവമുള്ള വായനയിലേക്കും കടന്നു. 1995-ൽ ആദ്യ കഥ പ്രസിദ്ധീകരിച്ചു, പ്രതിഫലവും ലഭിച്ചു. പിന്നീട് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ഇടയ്ക്കിടെ കഥകൾ വന്നുകൊണ്ടിരുന്നു.

2002 മുതൽ 2016 വരെ എഴുത്തിൽ നിന്നും വായനയിൽ നിന്നും സമ്പൂർണമായി വിട്ടു നിന്നു. റൈറ്റേഴ്‌സ് ബ്ലോക്ക് എന്നൊന്നും പറയാനാകില്ല. പിന്നീടൊരിക്കൽ എഴുതാം, വായിക്കാം  എന്ന ചിന്തയിൽ ഒരു പതിറ്റാണ്ടിനപ്പുറം കടന്നു. 2003-ൽ യുഎഇയിൽ എത്തിയ ഞാൻ, ഷാർജ രാജ്യാന്തര പുസ്തകമേള പോലും 2015-ലാണ് ആദ്യമായി സന്ദർശിക്കുന്നത്. ഈ പുസ്തകമേള എന്നിൽ ചാരം മൂടിക്കിടന്ന കനൽ തട്ടിമാറ്റി. വായന പതിയെപ്പതിയെ തിരികെ വന്നു. ഇന്നും ഓർക്കുന്നു, ആൽക്കമിസ്റ്റ് ആണ് വലിയ ഇടവേളയ്ക്ക് ശേഷം വീണ്ടും വായിച്ച പുസ്തകം.  പിന്നെ ഡാൻ ബ്രൗൺ, ഖാലിദ് ഹൊസ്സൈനി ഇവരുടെ എല്ലാ പുസ്തകങ്ങളും വായിച്ചു തീർത്തു. ഒപ്പം മലയാളവും. നീണ്ടകാലത്തെ ഇടവേളയിൽ നഷ്ടപെട്ട ഒരുപാട് എഴുത്തുകാർ, പുസ്തകങ്ങൾ ഒക്കെ തിരികെപ്പിടിക്കുവാൻ വായന ശക്തമാക്കി. ക്രമേണ എഴുത്തും തിരികെവന്നു. തിരികെ വന്നപ്പോൾ കഥകളായിരുന്നു പ്രിയം. എഴുതിയ കഥകൾ ആനുകാലികങ്ങളിൽ അയച്ചു കൊടുക്കുകയും പ്രസിദ്ധീകരിക്കുകയും ചർച്ചചെയ്യപ്പെടുകയും ചെയ്‌തു എന്നതാണ് തുടന്നുള്ള എഴുത്തിനുള്ള ഊർജം.

2018 ൽ ഷാർജ പുസ്തകകമേളയിൽ പ്രസിദ്ധീകരിച്ച മഷി സാഹിത്യകൂട്ടായ്മയുടെ 'ഖിസ്സ' എന്ന പുസ്‌തകത്തിന്റെ എഡിറ്റർ ആകുവാൻ  സാധിച്ചത് എഴുത്തിലെ വഴിത്തിരിവായി. എഴുത്തുകാരൻ ഒരേസമയം വായനക്കാരനും എഡിറ്ററും എങ്ങനെ ആകാമെന്ന് ആ അനുഭവം പഠിപ്പിച്ചു. എങ്കിലും സ്വന്തം പുസ്തകം പുറത്തിറക്കുവാൻ ധൈര്യം പോരായിരുന്നു. എന്നാൽ 2021 പാം അക്ഷരതൂലിക പുരസ്‌കാരം ലഭിച്ചതോടെ ആദ്യനോവൽ പുസ്തകമാക്കുവാൻ തീരുമാനിച്ചു. അങ്ങനെ 'പുക്രൻ' എന്ന നോവൽ ഡോൺ ബുക്‌സ്, കോട്ടയം വഴി പുറത്തിറങ്ങി. പുസ്തകം നന്നായി സ്വീകരിക്കപ്പെട്ടു.

ഇത്തവണത്തെ ഷാർജ പുസ്തകമേളയിൽ 'അമ്മിണിപ്പിലാവ്' പ്രകാശനം ചെയ്യും.  പ്രവാസവും ചരിത്രവും ഗ്രാമവും ഇതിഹാസവ്യാഖാനങ്ങളും ഒക്കെ കഥകളായി എഴുതുവാനുള്ള ശ്രമം അതിലുണ്ട്. എന്നിലെ എഴുത്തുകാരൻ എത്രത്തോളം വിജയിച്ചു എന്നത് വായനക്കാരൻ തീരുമാനിക്കട്ടെ. 2023 എനിക്ക് രണ്ട് പുരസ്‌കാരങ്ങൾ ലഭിച്ചു. സൗദി അറേബ്യയിലെ ദമാം നവോദയ സാംസ്‌കാരിക വേദിയുടെ പുരസ്‍കാരവും കഴിഞ്ഞ ദിവസം  പ്രഖ്യാപിച്ച  യുഎഇയിലെ അസ്‌മോ പുത്തൻചിറ കഥാപുരസ്‍കാരവും. ഈ അംഗീകാരങ്ങൾ എന്നിലെ എഴുത്തുകാരന് നൽകുന്ന ഭാരം അറിയുന്നു. അതിനാൽത്തന്നെ കൂടുതൽ വായനയും കുറച്ച് എഴുത്തും എന്നതാണ് ഇപ്പോൾ ഇഷ്ടം. ഇനിയും മലയാളത്തിൽ ഒരുപാട് വായന ബാക്കിയാണ് എനിക്ക്.

അമ്മിണിപ്പിലാവിനെപ്പറ്റി പ്രിയ എഴുത്തുകാരൻ ബെന്യാമിൻ പറഞ്ഞ വാക്കുകൾ ഹൃദയത്തോട് ചേർക്കുന്നു. "പ്രവാസ ലോകത്തു നിന്ന് പിറക്കുന്ന ഓരോ പുസ്തകത്തേയും സന്തോഷത്തോടെയും പ്രതീക്ഷയോടെയുമാണ് ഞാൻ നോക്കിക്കാണുന്നത്. നമുക്കന്യമായ കഥകൾ പറഞ്ഞു തരാൻ ഒരാൾ കൂടി കൂട്ടുചേരുന്നു എന്നതാണ് അതിനു കാരണം. മലയാള വാരികകളിൽ ഇതിനോടകം തന്നെ മികച്ച കഥകൾ എഴുതി ശ്രദ്ധേയനായ യുവ എഴുത്തുകാരനാണ് ജോയ് ഡാനിയൽ. അദ്ദേഹത്തിന്റെ ആദ്യ കഥാസമാഹാരത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു".

ഒരിക്കൽ നിന്നുപോയ എഴുത്തും വായനയും തിരികെ എന്നിലേക്ക് കൊണ്ടുവന്ന് തന്ന ഷാർജ പുസ്തക മേളയോടുള്ള നന്ദിയും കടപ്പാടും പറഞ്ഞറിയിക്കാനാകാത്തതാണ്.

എഴുത്തുകാർക്ക് പുസ്തകങ്ങൾ പരിചയപ്പെടുത്താം

 നവംബർ 1 മുതൽ 12 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന 42–ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്യുന്ന പുതിയ പുസ്തകങ്ങളെക്കുറിച്ച് രചയിതാവിന് സ്വയം പരിചയപ്പെടുത്താം. എഴുത്തിന് പിന്നിലെ സഞ്ചാരവും ഒാർമകളും സഹിതം 500 ൽ കുറയാത്ത വാക്കുകളിൽ സ്വന്തം പുസ്തകം പരിചയപ്പെടത്താം. അതോടൊപ്പം, പുസ്തകം പ്രകാശനം ചെയ്യുന്ന തിയതി, സമയം എന്നിവയും എഴുതാം. പുസ്തകത്തിൻ്റെ കവർ(jpeg ഫയൽ), രചയിതാവിന്റെ  5.8 x 4.2   സൈസിലുള്ള പടം എന്നിവ mybook4monline@gmail.com എന്ന മെയിലിലേയ്ക്ക് നവംബർ 5ന് മുൻപ് അയക്കുമല്ലോ. സബ്ജക്ടിൽ My BOOK@SIBF 2023 എന്ന് എഴുതാൻ മറക്കരുതേ. ഇ– മെയിൽ-  mybook4monline@gmail.com  . 0567371376 (വാട്സാപ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com