ADVERTISEMENT

ദോഹ ∙ ഖത്തർ ദേശീയ മ്യൂസിയത്തിൽ ദേശീയ ദിനാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തിലൂന്നിയ പരിപാടികളിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാം. ഇന്നും നാളെയും ഉച്ചകഴിഞ്ഞ് 3 മുതൽ വൈകിട്ട് 7 വരെ മ്യൂസിയത്തിലെ ബരാഹ, ലഗൂൺ ഏരിയകളിലാണ് ഖത്തറിന്റെ പൈതൃകവും സംസ്‌കാരവും പ്രകടമാക്കിയുള്ള വ്യത്യസ്ത ദേശീയ ദിന പരിപാടികൾ നടക്കുന്നത്.

പരമ്പരാഗത പാനീയങ്ങളും സ്വീറ്റ്‌സുകളുമായാണ് ഹോസ്പിറ്റാലിറ്റി റിസപ്ഷനിൽ സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. അറബിക് കോഫി ഉണ്ടാക്കുന്ന വിധവും സന്ദർശകർക്കായി പരിചയപ്പെടുത്തും. കുലീനറി ഹബ്ബിൽ പരമ്പരാഗത രുചികളറിയാം. തൽസമയ പാചകത്തിലൂടെ വിഭവങ്ങളും രുചിക്കാം.  ഇന്ററാക്ടീവ് കോർണറിൽ ഹെയർ ബ്രെയ്ഡിങ്, ഹെന്ന ഡിസൈൻ, മാഷ്മൂം നെക്‌ലേസ് തുടങ്ങി രാജ്യത്തിന്റെ സംസ്‌കാരവും പൈതൃകവുമായി ബന്ധപ്പെട്ടുള്ള വ്യത്യസ്ത കലകളും കരകൗശലങ്ങളും ഇവിടെയുണ്ട്.

പരമ്പരാഗത ശൈലിയിലുള്ള ചിത്രങ്ങളെടുക്കുന്നതിന്  ഫോട്ടോ ലോഞ്ചും സജ്ജമാണ്. പരമ്പരാഗത ഖത്തരി വസ്ത്രമണിഞ്ഞ് ചിത്രങ്ങളെടുക്കാൻ പ്രഫഷണൽ ഫോട്ടോഗ്രാഫറും ഇവിടെയുണ്ട്. സന്ദർശകർക്ക് കലാകാരന്മാരുമായി ചർച്ചകൾക്കും അവസരവുമുണ്ട്. 

തടവുകാർക്ക് പൊതുമാപ്പ്
ദേശീയ ദിനത്തോട് അനുബന്ധിച്ച് ഒട്ടേറെ തടവുകാർക്ക് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പൊതുമാപ്പ് നൽകി. ആനുകൂല്യം എത്ര തടവുകാർക്കാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. ചെറിയ കുറ്റകൃത്യങ്ങളിൽ തടവിലുള്വവർക്കാണ് പൊതുമാപ്പ് നൽകുന്നത്. എല്ലാ വർഷവും ദേശീയ ദിനത്തിലും റമസാനിലുമാണ് നിശ്ചിത എണ്ണം തടവുകാർക്കു മാപ്പ് നൽകുന്നത്.

ധനകാര്യ സ്ഥാപനങ്ങൾക്ക് 17നും18നും അവധി
ദേശീയ ദിനം പ്രമാണിച്ച് ഖത്തറിലെ ബാങ്കുകൾക്ക് ഈ മാസം 17, 18 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു. ഖത്തർ സെൻട്രൽ ബാങ്ക് ആണ് അവധി പ്രഖ്യാപിച്ചത്. രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. 19 മുതൽ ബാങ്കുകൾ തുറക്കും. 18ന് ആണ് ദേശീയ ദിനം. 17, 18 തീയതികളിൽ അമീരി ദിവാൻ രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary:

Qatar National Day Celebrations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com