ADVERTISEMENT

ദോഹ ∙ ഖത്തർ ദേശീയദിന ആഘോഷങ്ങളുടെ പ്രധാന വേദിയായ ദർബ് അൽ സായിയിൽ സന്ദർശക തിരക്കേറി. കത്താറയിലും ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കമായി.

ദർബ് അൽസായിയിൽ 10 ദിവസത്തെ പ്രൗഢഗംഭീരമായ ആഘോഷങ്ങൾക്ക് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് തുടക്കമായത്. ദേശഭക്തിയും പൈതൃക പെരുമയും പ്രതിഫലിപ്പിക്കുന്ന ആഘോഷ പരിപാടികളാണ് നടക്കുന്നത്.  സാംസ്‌കാരിക സംഗമങ്ങൾ, പരമ്പരാഗത സൂഖ്, സാംസ്‌കാരിക, കലാ പരിപാടികൾ എന്നിവ കാണാനെത്തുന്നവരുടെ തിരക്കേറി തുടങ്ങി. സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും ദർബ് അൽ സായിയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. 

പരമ്പരാഗത സൂഖ് ആണ് ദർബ് അൽ സായിയുടെ ആകർഷണങ്ങളിലൊന്ന്. ഖത്തറിന്റെ പരമ്പരാഗത വിഭവങ്ങൾ, കല, കരകൗശല ഉൽപന്നങ്ങൾ, പരമ്പരാഗത വസ്ത്രങ്ങൾ, മധുരപലഹാരങ്ങൾ, കോഫി, ചായ എന്നിവയെല്ലാം സൂഖിലുണ്ട്. കുട്ടികൾക്കായി തൽസമയ പരിപാടികളും സജീവമാണ്. രാജ്യത്തിന്റെ ചരിത്രവും പൈതൃകവും പുതുതലമുറയ്ക്ക് പകർന്നു നൽകുന്നതാണ് ഇവിടുത്തെ അൽ ബെയ്ത് അൽ ഖത്തരി എന്ന ഖത്തരി ഹൗസ്. 20-ാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിലെ വാസ്തു ഡിസൈനും ജീവിതവും ഉയർത്തിക്കാട്ടുന്ന ഇടനാഴികൾ, നടുമുറ്റങ്ങൾ,  മുറികൾ എന്നിവയാണ് ഖത്തരി ഹൗസിന്റെ പ്രത്യേകത. 

qatar-national-day-celebrations
ദർബ് അൽ സായിയിലെ കാഴ്ചകളിൽ നിന്ന്.

രാജ്യത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലൂടെയുള്ള യാത്രയാണ് ദർബ് അൽ സായിയിലെ തിയറ്റർ നൽകുന്നത്. പപ്പെറ്റ് ഷോ, പഴയ കാല നാടകങ്ങളുടെയും തിയറ്റർ പ്രവർത്തനങ്ങളുടെയും ചിത്രങ്ങളുൾപ്പെടുന്ന മ്യൂസിയം എന്നിവയാണ് ഇവിടെയുള്ളത്. ഖത്തറിന്റെ പഴയകാല ജീവിതം പ്രതിപാദിക്കുന്ന സ്വദേശി, പ്രവാസി കലാകാരന്മാരുടെ  കലാസൃഷ്ടികളും പെയിന്റിങ്ങുകളുടെയും ഖത്തറിന്റെ സമ്പന്നമായ സസ്യജാലങ്ങളുടെ പ്രദർശനവും കാണാം. പക്ഷികളുടെ ഫോട്ടോഗ്രഫി,  പെയിന്റിങ്, കമ്പിളി തുന്നൽ തുടങ്ങിയവയിൽ ശിൽപശാലകളുമുണ്ട്.

കത്താറയിലും കാഴ്ചകളേറെ
കത്താറ കൾചറൽ വില്ലേജിൽ  ദേശീയ ദിന പരിപാടികൾ ആരംഭിച്ചു. കത്താറ കോർണിഷിലും  ദോഹ തുറമുഖത്തുമായാണ് കത്താറയുടെ പരിപാടികൾ നടക്കുന്നത്. കത്താറ കോർണിഷിൽ സായുധ സേനയുടെ മ്യൂസിക് ബറ്റാലിയൻ ബാൻഡിന്റെ പരേഡ്, പരമ്പരാഗത വാൾ നൃത്തമായ അർധ, ക്ലാസിക് കാറുകളുടെ പ്രദർശനം, 40 കലാകാരന്മാരുടെ പ്രദർശനം, പൗരന്മാർക്കും പ്രവാസികൾക്കുമായി ഡ്രോയിങ് മത്സരങ്ങൾ, അൽ ഗന്നാസ് സൊസൈറ്റിയുടെ പരമ്പരാഗത ടെന്റുകൾ, പൈതൃക ഉൽപന്നങ്ങളുമായി കത്താറ കൾചറൽ മാർക്കറ്റ്, കരകൗശല വിപണി, കവിതാ സായാഹ്നം, ഖത്തർ സെന്റർ ഫോർ ഇന്റർഫെയ്ത് ഡയലോഗിന്റെ ഇന്ററാക്ടീവ് പ്രോഗ്രാമുകൾ, ബലൂൺ ഷോ ദോഹ തുറമുഖത്ത് രാജ്യാന്തര സെറാമിക് പ്രദർശനം എന്നിവയാണ് കത്താറയുടെ ദേശീയ ദിന പരിപാടികൾ.

വിന്റർ ഫെസ്റ്റിവലിലും ആഘോഷമേളം
ദോഹ തുറമുഖത്ത് നടക്കുന്ന വിന്റർ ഫെസ്റ്റിവലിൽ ദേശീയ ദിന പരിപാടികളും. ബുധൻ മുതൽ ശനി വരെയാണ് വിന്റർ ഫെസ്റ്റിവൽ നടക്കുന്നതെങ്കിലും ദേശീയ ദിന പരിപാടികൾ കൂടി ഉൾപ്പെടുത്തി പൊതു അവധി ദിനങ്ങളായ 17,18 തീയതികളിലും ഫെസ്റ്റിവൽ നടക്കുമെന്ന് തുറമുഖം അധികൃതർ വ്യക്തമാക്കി. വിന്റർ ഫെസ്റ്റിവലിൽ കരകൗശല വിപണികളും വിനോദ പരിപാടികളും ഉൾപ്പെടെയുള്ള ആഘോഷങ്ങളാണ് നടക്കുന്നത്. പൊയ്ക്കാൽ കലാകാരന്മാരുടെ പ്രകടനങ്ങൾ, തൽസമയ ചിത്രരചനകൾ, ഫെയ്സ് പെയിന്റിങ് തുടങ്ങി പരിപാടികളാണ് നടക്കുന്നത്. ദേശീയ ദിന പ്രമേയത്തിലൂന്നിയ വ്യത്യസ്ത പരിപാടികളാണ് ഞായർ, തിങ്കൾ ദിവസങ്ങളിലായി നടക്കുക. ജനുവരി 7 വരെയാണ് തുറമുഖത്ത് വിന്റർ ഫെസ്റ്റിവൽ നടക്കുന്നത്. 

English Summary:

Qatar National Day Celebrations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com