ADVERTISEMENT

അജ്മാൻ ∙ വീട്ടുജോലിക്കെത്തി യുഎഇയിൽ ദുരിതപർവം താണ്ടിയ ബീന ഒടുവിൽ നാ‌ട്ടിലെത്തി. ഒന്നര മാസത്തോളം ശ്രീലങ്കൻ സ്വദേശിയുടെ റിക്രൂട്ടിങ് ഏജൻസിയുടെ അനധികൃത തടവിൽ മാനസിക പീഡകളേറ്റുകഴിഞ്ഞ എറണാകുളം കോതമംഗലം സ്വദേശിയായ ബീന(50)യുടെ വാർത്ത മനോരമ ഓൺലൈനിൽ വായിച്ചറിഞ്ഞ സാമൂഹിക പ്രവർത്തകരുടെ ഇടപെടലിലൂടെ കഴിഞ്ഞ ദിവസമാണ് മോചിപ്പിക്കപ്പെട്ടത്.

നാട്ടുകാരുടെ സംഘടനയായ ആശ്രയം യുഎഇയുടെ ഭാരവാഹികളുടെ സംരക്ഷണയിൽക്കഴിഞ്ഞ ഇവർക്ക് ഉടൻ തന്നെ പൊതുമാപ്പിലൂടെ ഔട്ട് പാസ് ലഭിച്ചു. ഇതേത്തുടർന്ന് ഇന്നലെ വൈകിട്ട് 5ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേക്കു പറഞ്ഞയക്കുകയായിരുന്നു. ഇതിനായി പരിശ്രമിച്ച ആശ്രയം യുഎഇയുടെ പ്രസിഡന്‍റ് റഷീദ് കോട്ടയിലും ഇവരോടൊപ്പം നാട്ടിലേയ്ക്ക് പോയി. ബീനയെ സ്വീകരിക്കാൻ ബന്ധുക്കൾ വിമാനത്താവളത്തിലെത്തിയിരുന്നു.

സാമ്പത്തിക പരാധീനത അനുഭവിച്ചിരുന്ന കുടുംബത്തെ കരകയറ്റാനും നല്ലൊരു വീടും മക്കളുടെ വിദ്യാഭ്യാസവും സ്വപ്നം കണ്ട് കഴിഞ്ഞ ജൂൺ ആറിനായിരുന്നു ബീന യുഎഇയിലെത്തിയത്. സമൂഹമാധ്യമത്തിൽ കണ്ട പരസ്യം വഴി കോട്ടയത്തെ ഒരു റിക്രൂട്ടിങ് ഏജൻസിയെ ബന്ധപ്പെട്ടപ്പോൾ അവരാണ് ബീനയെ  ടൂറിസ്റ്റ് വീസയിൽ യുഎഇയിലെത്തിച്ചത്. വിമാനത്താവളത്തിൽ നിന്ന് സെയിൽസ് മാനായ മലപ്പുറം സ്വദേശി ഷംസു  ബീനയെ കൂട്ടിക്കൊണ്ടുവന്ന് അജ്മാനിലെ റിക്രൂട്ടിങ് ഏജൻസിയുടെ ചുമതലക്കാരനായ ശ്രീലങ്കക്കാരനെ ഏൽപിക്കുകയായിരുന്നു.

ഇതിന് ഇയാൾ പണം കൈപ്പറ്റുകയും ചെയ്തു. തുടർന്ന് അവർ ബീനയെ അജ്മാനിലെ സ്വദേശി വീട്ടിൽ ജോലിക്ക് നിർത്തിയെങ്കിലും വൈകാതെ അവിടെ നിന്ന് പിരിച്ചുവിട്ടതോടെ, ഓഗസ്റ്റ് 14 മുതൽ അജ്മാനിലെ  ശ്രീലങ്കക്കാരന്‍റെ തടങ്കലിൽ കഴിയുകയായിരുന്നു. രണ്ടര ലക്ഷം രൂപ തന്നാൽ മാത്രമേ ബീനയെ നാട്ടിലേക്ക് വിടുകയുള്ളൂ എന്നായിരുന്നു ശ്രീലങ്കക്കാരന്‍റെ നിലപാട്. ഇത് അവരെ ഏൽപിച്ച ഷംസു നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇയാൾ അതിന് തയ്യാറായിരുന്നില്ല. തുടർന്ന് ഇവരുടെ മോചനത്തിനായി നാട്ടിലുള്ള ഭർത്താവും ഇടവക  വികാരി  ഫാ. കെ.വൈ.നിഥിനും ദുബായിൽ ജോലി ചെയ്യുന്ന ബിനു മാത്യു വഴി മനോരമ ഓൺലൈനിൻ്റെ സഹായം തേടി.

വാർത്ത വായിച്ച് ബീനയുടെ നാട്ടുകാരായ ആശ്രയം യുഎഇ ഭാരവാഹികളും ഇന്ത്യൻ കോൺസുലേറ്റിലെ മെഡിക്കൽ വെൽഫയർ പ്രതിനിധി പ്രവീണും പ്രശ്നത്തിൽ ഇടപെട്ടു. കൂടാതെ, സാമൂഹിക പ്രവർത്തകനും സംരംഭകനുമായ എൻ.ഷുസുദ്ദീൻ, ആശ്രയം ചാരിറ്റി ചെയർമാൻ സമീർ പൂക്കുഴി, ഷാജഹാൻ, യുഎഇയിലെ കോതമംഗലം മൂവാറ്റുപ്പുഴ സ്വദേശികളായ ദീപു തങ്കപ്പൻ, അനുര മത്തായി എന്നിവരും മോചനത്തിനായി പ്രയത്നിച്ചു.

ആദ്യം ആവശ്യം നിരാകരിച്ചെങ്കിലും ഒടുവിൽ ഷംസു പണം നൽകാൻ തയ്യാറായതോടെയാണ് ബീനയ്ക്ക് മോചനം ലഭിച്ചത്.   ശ്രീലങ്കക്കാരൻ ശാരീരികമായി യാതൊരു ഉപദ്രവും ഏൽപിച്ചില്ലെങ്കിലും പണം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ശ്രീലങ്കൻ ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചിരുന്നുവെന്നും ബീന പറഞ്ഞു. ദുരിതത്തിലായ ബീനയുടെ ഭര്‍ത്താവ് ഔസേപ്പച്ചനാണ് കോതമംഗലം കുട്ടമ്പുഴയിലെ പള്ളി വികാരി ഫാ. കെ.വൈ.നിഥിനെ ഭാര്യയുടെ ദുരിതാവസ്ഥ ആദ്യമായി അറിയിച്ചത്.

ഇദ്ദേഹം തുടർന്ന് പരിചയക്കാരനായ യുഎഇയിൽ ബിസിനസുകാരനായ ബിനു മാത്യുവുമായി ബന്ധപ്പെടുകയായിരുന്നു.  നേരത്തെ ഗൾഫിൽ ജോലി ചെയ്തിട്ടുള്ള ബീന പിന്നീട് നാട്ടിലേക്ക് മടങ്ങുകയും മാസങ്ങൾക്ക് ശേഷം യുഎഇയിലേക്ക് വീട്ടുജോലിക്കായി പുറപ്പെടുകയുമായിരുന്നുവെന്ന് ഫാ.നിഥിൻ പറഞ്ഞു. 

കോതമംഗലത്ത് നിന്ന് 20 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന കുട്ടമ്പുഴയിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. ചെറുകിട ജോലികൾ ചെയ്താണ് മിക്കവരും ഉപജീവനം നടത്തുന്നത്. പ്രതിസന്ധിയിലായ സ്ത്രീയുടെ ഭർത്താവ് സ്ഥലത്തെ റബർ കമ്പനിയിലെ ജോലിക്കാരനായിരുന്നു. എന്നാൽ, ജോലി എപ്പോഴും ഉണ്ടാകണമെന്നില്ല. മൂന്ന് മക്കളാണ് ദമ്പതിമാർക്കുള്ളത്. മൂത്ത മകൾ വിവാഹിതയായി. താഴെയുള്ള രണ്ടാൺമക്കൾ വിദ്യാർഥികളാണ്. ഇവരുടെ ഭാവിക്കും കെട്ടുറപ്പുള്ള നല്ലൊരു വീട് നിർമിക്കണമെന്നുമുള്ള ലക്ഷ്യത്തോടെയായരുന്നു ഇവർ യുഎഇയിലേക്ക് വന്നത്.

∙ വീട്ടുജോലി അത്ര എളുപ്പമല്ല
സ്വദേശി ഭവനങ്ങളിലെ ജോലി വിചാരിക്കുന്നത്ര എളുപ്പമല്ലെന്നും എല്ലാ മനസിലാക്കി വേണം അതിനായി ഗൾഫിലെത്താനെന്നും റഷീദ് കോട്ടയിൽ മുന്നറിയിപ്പ് നൽകുന്നു. അടുത്തകാലത്തായി ഇത്തരത്തിലുള്ള ഒട്ടേറെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പല കേസുകളിലും സ്വദേശികൾ ഇതിൽ കുറ്റക്കാരല്ല.

വീട്ടുജോലിക്കാരെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുവരുന്ന റിക്രൂട്ടിങ് ഏജൻസികളുടെ ഏതുവിധേനയും പണം സമ്പാദിക്കാനുള്ള ത്വരയാണ് എല്ലാത്തിനും കാരണം. പലരും ജോലി വിചാരിച്ചത്ര എളുപ്പമല്ല എന്ന് മനസിലാകുകയും കഴിയുന്നത്ര പിടിച്ചുനിൽക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഒടുവിൽ തീരെ വയ്യാതാകുമ്പോൾ സ്ഥലം കാലിയാക്കുന്നു.

ഇതുവഴി പ്രതിസന്ധിയിലാകുന്നത് വീസയ്ക്ക് പണം മുടക്കിയവരാണ്. മിക്കവരും രണ്ട് വർഷത്തെ കരാറിലാണ് ജോലിയിൽ പ്രവേശിക്കുന്നത്. വീട്ടുജോലിക്കാർ നിസഹകരണം പ്രഖ്യാപിക്കുന്നതോടെ തൊഴിലുടമകൾ, അവർ പണം നൽകിയ ഏജൻസികളെ ബന്ധപ്പെടുകയും പണം തിരികെ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇതോടെ ഏജൻസികൾ പ്രതിസന്ധിയിലായി വീട്ട‌ുജോലിക്കാരിൽ നിന്ന് പണം ഈടാക്കാൻ നിർബന്ധിതരാകുകയും ചെയ്യുന്നതോടെ പ്രശ്നങ്ങൾ തുടങ്ങുന്നു.

അറബ് വീടുകളിലെ ജോലിയുടെ സ്വഭാവം മനസിലാക്കി വേണം നാട്ടിൽ നിന്ന് ഇറങ്ങിപ്പുറപ്പെടാൻ. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ യുഎഇയിൽ വീട്ടുജോലികൾ ചെയ്ത് സന്തോഷത്തോടെ ജീവിക്കുന്നുണ്ട്. എന്നാൽ,  പ്രതീക്ഷകൾക്ക് വിപരീതമായി പെരുമാറുന്നവരുമുണ്ട്. ഇതൊക്കെ മനസിലാക്കിയാൽ ജീവിതത്തിലെ പ്രതിസന്ധി ഇല്ലാതാക്കാൻ സാധിക്കും.

English Summary:

Manorama Impact Job Scam Malayali Women Beena Came to Own Country

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com