സൗത്ത് കാരലൈനയിലും ട്രംപ് വിജയിച്ചു; സ്വന്തം സ്റ്റേറ്റിൽ അടിപതറി നിക്കി ഹേലി
Mail This Article
സൗത്ത് കാരലൈന ∙ നിക്കി ഹേലിയുടെ സ്വന്തം സ്റ്റേറ്റ് ആയ സൗത്ത് കരോലിനയിലെ പ്രൈമറിയിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചു. ഇതോടെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ട്രംപ് ആയിരിക്കുമെന്ന് ഉറപ്പായി. പോരാട്ടം തുടരുമെന്നാണ് ഹേലി പറയുന്നത്. വോട്ടെടുപ്പ് അവസാനിച്ചതിന് തൊട്ടുപിന്നാലെ മുൻ പ്രസിഡന്റ് ട്രംപ് മത്സരത്തിൽ വിജയിക്കുമെന്ന് ഫോക്സ് ന്യൂസും സിഎൻഎനും പ്രവചിച്ചു. ഡമോക്രാറ്റിക് പ്രൈമറി നേരത്തെ കഴിഞ്ഞിരുന്നു. അതിൽ പ്രസിഡന്റ് ബൈഡൻ നിഷ്പ്രയാസം വിജയിച്ചിരുന്നു. പാൽമെറ്റോ സ്റ്റേറ്റിൽ രണ്ട് തവണ ഗവർണറായിരുന്ന ഹേലി, അയോവയിലും ന്യൂ ഹാംഷെയറിലും നടത്തിയതിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുകയായിരുന്നു.
മാർച്ച് 5ന് സൂപ്പർ ചൊവ്വാഴ്ച വരെ പോരാട്ടം തുടരുമെന്ന് ഹേലി പ്രതിജ്ഞയെടുത്തു. 874 ഡെലിഗേറ്റുകളാണ് അന്ന് നിർണയിക്കപ്പെടുക. ഞങ്ങൾ ഈ പോരാട്ടം തുടരുന്നത് കാണാൻ ആളുകൾ ആഗ്രഹിക്കുന്നു, ടോണി കിയാവ ദ്വീപിലെ പ്രാദേശിക പോളിങ് സൈറ്റിൽ വോട്ട് ചെയ്ത ശേഷം ഹേലി ശനിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ട്രംപിന്റെ സൗത്ത് കരോലിന വിജയം അദ്ദേഹത്തെ ജിഒപി നോമിനേഷനിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. അയോവ, ന്യൂ ഹാംഷെയർ, യുഎസ് വിർജിൻ ഐലൻഡ്‌സ്, നെവാഡ എന്നിവിടങ്ങളിൽ എതിരാളികളെ രണ്ടക്ക മാർജിനിൽ മറികടന്ന് 2024 ലെ തിരഞ്ഞെടുപ്പ് സൈക്കിളിൽ ഇതുവരെയുള്ള എല്ലാ പ്രൈമറികളിലും ട്രംപ് വിജയിച്ചു. ട്രംപിനെ പിന്തുടരുന്ന 'അരാജകത്വം' നവംബറിൽ ബൈഡനെ പരാജയപ്പെടുത്താൻ അദ്ദേഹത്തെ കഴിവില്ലാത്തവനാക്കുന്നുവെന്ന് ഹേലി വാദിക്കുന്നു. 'ഇതൊരു വലിയ പോരാട്ടമാണെന്ന് ഞങ്ങൾക്കറിയാം. പാത ബുദ്ധിമുട്ടാണെന്ന് അറിയാം. കണക്കുകൾ വെല്ലുവിളി നിറഞ്ഞതാണെന്നും ഞങ്ങൾക്കറിയാം. റിപ്പബ്ലിക്കൻ പ്രൈമറി ജയിക്കുന്നതിനെക്കുറിച്ചല്ല ഇത്. നവംബറിൽ ആർക്കാണ് ഡെമോക്രാറ്റുകളെ പരാജയപ്പെടുത്താനും നമ്മുടെ രാജ്യത്തെ ട്രാക്കിലേക്ക് തിരികെ കൊണ്ടുവരാനും കഴിയുക എന്നതിനെക്കുറിച്ചാണ്,' ഹേലിയുടെ കാമ്പെയ്ൻ മാനേജർ ബെറ്റ്‌സി ആങ്ക്‌നി വെള്ളിയാഴ്ച പറഞ്ഞു.
തനിക്കു പകരം വിവേക് രാമസ്വാമി, ലാറ ട്രംപ് എന്നിവർ ഉൾപ്പെടെയുള്ള സറോഗേറ്റുകളുടെ ഒരു സംഘത്തെ ട്രംപ് സൗത്ത് കരോലിനയിലേക്ക് അയച്ചിരുന്നു.