ADVERTISEMENT

മയാമി  ∙  മയാമിയിലെ പ്രശസ്തമായ ബെലെന്‍ ജെസ്യൂട്ട് ഹൈസ്‌കൂളില്‍ നിന്ന് 2013-2024ലെ ബ്രിഗേഡിയര്‍ അവാര്‍ഡ് ജോസഫ് കാഞ്ഞിരംകുഴി കരസ്ഥമാക്കി. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും നേതൃത്വത്തിലും സാമൂഹിക സേവനത്തിലും മികവ് പുലര്‍ത്തുകയും മറ്റ് വിദ്യാര്‍ഥികള്‍ക്ക് മാതൃകയാവുകയും ചെയ്താണ് ഈ നേട്ടം കൈവരിച്ചത്.

ഈ സ്‌കൂളിലെ മികച്ച ഔട്ട്‌ഗോയിങ് വിദ്യാര്‍ഥിക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന  അംഗീകാരമാണ് ബ്രിഗേഡിയര്‍ അവാര്‍ഡ്. ബ്രിഗേഡിയര്‍ അവാര്‍ഡ് ലഭിക്കുന്ന വിദ്യാര്‍ഥിയെ തിരഞ്ഞെടുക്കുന്നത് വിദ്യാര്‍ഥികളും അധ്യാപകരും സ്‌കൂള്‍ മാനേജ്‌മെന്റും ചേര്‍ന്നാണ്.  ഈ സ്‌കൂളിന്റെ 170 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ഈ പുരസ്‌കാരം ലഭിക്കുന്നത്. ഹൈസ്‌കൂള്‍ ബിരുദദാന ചടങ്ങിനോടനുബന്ധിച്ചാണ് ഈ പുരസ്‌കാരം നല്‍കുപ്പെടുന്നത്.

ബെലെന്‍ ജെസ്യൂട്ടിലെ സീനിയറായ ജോസഫ്,  ഹൈസ്‌കൂള്‍ ജീവിതത്തിലുടനീളം മാതൃകാപരമായ വിദ്യാര്‍ഥിയായും ലീഡറായും വേറിട്ടു നിന്നിരുന്നു. അദ്ദേഹത്തിന്റെ മികച്ച ജിപിഎ, അവാര്‍ഡുകള്‍, അഡ്വാന്‍സ്‌ പ്ലേസ്‌മെന്റ് വിവിധ കോഴ്‌സുകളിലെ പങ്കാളിത്തം, അക്കാദമിക് മികവിനോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണവുമാണ് മാനദണ്ഡം. മാത്രവുമല്ല ക്ലാസ്സ് മുറിക്കപ്പുറം, നാഷനല്‍ ഹോണേഴ്‌സ് സൊസൈറ്റി പ്രസിഡന്റായും ഡിബേറ്റ് ടീമിന്റെ ക്യാപ്റ്റനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

joseph-kanjiramkuzhi-receives-brigadier-award-from-miami-belen-jesuit-high-school
ജോസഫ് കാഞ്ഞിരംകുഴി.

സാമൂഹ്യസേവനത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും വളരെ പ്രശംസനീയമാണ്. ജോസഫ് നിരവധി കമ്മ്യൂണിറ്റി സേവനപദ്ധതികളില്‍ സജീവമായി ഏര്‍പ്പെട്ടിട്ടുണ്ട്.  മിയാമിയിലെ അധഃസ്ഥിത കമ്മ്യൂണിറ്റികളെ പിന്തുണയ്ക്കുന്ന സംരംഭങ്ങള്‍ക്കായി എണ്ണമറ്റ  മണിക്കൂറുകള്‍ നീക്കിവച്ചു. ഫൂഡ് ബാങ്കുകള്‍, മെന്റര്‍ഷിപ്പ് പ്രോഗ്രാമുകള്‍, പരിസ്ഥിതി ശുചീകരണ പ്രോഗ്രാമുകള്‍ അവയില്‍ ചിലതാണ്. മറ്റുള്ളവര്‍ക്കുവേണ്ടി മനുഷ്യനായി തീരുക എന്ന ജെസ്യൂട്ട് മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതും ഉയര്‍ത്തി പിടിക്കുന്നതുമായിരുന്നു ജോസഫിന്റെ പ്രവര്‍ത്തനങ്ങളെന്ന് സ്‌കൂള്‍ പ്രസിഡന്റ് റവ. ഫാ. ഗിള്ളേര്‍മോ എം. ഗാര്‍സിയ ട്യൂണിയന്‍ എസ്.ജെ. പ്രശംസിച്ചു.

ബ്രിഗേഡിയര്‍ അവാര്‍ഡ് തനിക്ക് ലഭിക്കുന്നത് അവിശ്വസനീയമായ ബഹുമതിയാണെന്ന് ജോസഫ് പറഞ്ഞു. അക്കാദമികമായി വളരുവാനും തന്റെ സമൂഹത്തെ സേവിക്കുവാനുമുള്ള എണ്ണമറ്റ അവസരങ്ങള്‍ ബെലെന്‍ സ്‌കൂള്‍ തനിക്ക് നല്‍കിയിട്ടുണ്ട്. അതിന് തന്റെ അധ്യാപകരോടും സ്‌കൂളിനോടും താന്‍ അങ്ങേയറ്റം നന്ദിയുള്ളവനാണെന്ന് ജോസഫ് പറഞ്ഞു.

സ്‌കൂള്‍ ബിരുദദാനച്ചടങ്ങിലെ അവസാന ഇനമായ ബ്രിഗേഡിയര്‍ പ്രസംഗത്തില്‍ അദ്ദേഹം ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ചും ഗാന്ധിജിയെക്കുറിച്ചും സൂചിപ്പിച്ചത് ഏവരിലും മതിപ്പും ജിജ്ഞാസയും ഉളവാക്കി. മികച്ച സ്‌കോളര്‍ഷിപ്പിന് അര്‍ഹനായ ജോസഫ്, പ്രശസ്തമായ ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് തുടര്‍ന്നു പഠിക്കുവാനാണ് ആഗ്രഹിക്കുന്നത്.  മാനന്തവാടിയില്‍ നിന്ന് ഫ്ലോറിഡയിലെ മയാമിയില്‍ സ്ഥിരതാമസമാക്കിയ ബേബി വര്‍ക്കി സി.പി.എ.യുടെയും മഞ്ജുവിന്റെയും മകനാണ് ജോസഫ്. ഏക സഹോദരി ടെസ്സ ഡ്യൂക്ക് സര്‍വകലാശാലയില്‍ ബിരുദ വിദ്യാര്‍ഥിനിയാണ്.
(വാർത്ത ∙ ജോയി കുറ്റിയാനി)

English Summary:

Joseph Kanjiramkuzhi Receives Brigadier Award from Miami Belen Jesuit High School

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com