ADVERTISEMENT

ഹൂസ്റ്റണ്‍ ∙ തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാനുള്ള പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനം നാടകീയവും അപ്രതീക്ഷിതവുമായ ട്വിസ്റ്റാണ് യുഎസ് തിരഞ്ഞെടുപ്പിന് സമ്മാനിച്ചത്. ബൈഡന്റെ പ്രഖ്യാപനം അദ്ദേഹത്തിന്റെ ടീമിനെയും അനുഭാവികളെയും അക്ഷരാര്‍ഥത്തില്‍ അമ്പരപ്പിക്കുന്നതായിരുന്നു. 2024 ലെ തിരഞ്ഞെടുപ്പിനുള്ള പ്രസിഡന്റ് സ്ഥാനാർഥി സ്ഥാനത്തേക്ക് വിപി കമലാ ഹാരിസിനെ അംഗീകരിച്ചുകൊണ്ട് 81 വയസുകാരനായ് ട്രംപ് മാറിനില്‍ക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബൈഡനെ പ്രേരിപ്പിച്ചത് എന്താണ്? അവസാന നിമിഷങ്ങളില്‍ മാത്രം ഉയര്‍ന്നുവന്ന വ്യക്തിപരവും രാഷ്ട്രീയവുമായ ഘടകങ്ങളുടെ സംയോജനമാണ് ഈ നീക്കത്തിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

 ∙ 'അവസാന നിമിഷ' തീരുമാനത്തിന്റെ ഉള്ളുകളികള്‍
തിരഞ്ഞെടുപ്പിന് വെറും നാല് മാസം മാത്രം ശേഷിക്കെ, പല ജനാധിപത്യവാദികളും കേള്‍ക്കാന്‍ ആഗ്രഹിച്ച കാര്യമാണ് ബൈഡന്‍ പറഞ്ഞത്. 'എന്റെ ടേമിന്റെ ശേഷിക്കുന്ന കാലയളവില്‍ പ്രസിഡന്റ് എന്ന നിലയില്‍ എന്റെ ചുമതലകള്‍ നിറവേറ്റുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്റെ പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും ഏറ്റവും നല്ല താല്‍പ്പര്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.' എക്കാലത്തെയും പ്രായം കൂടിയ യുഎസ് പ്രസിഡന്റ് പ്രസ്താവനയില്‍ പറഞ്ഞു.

പ്രധാന ദാതാക്കള്‍ ദശലക്ഷക്കണക്കിന് ഡോളര്‍ പിന്‍വലിക്കുകയും ഡോണള്‍ഡ് ട്രംപിനെതിരെ മത്സരിക്കാനുള്ള ബൈഡന്റെ കഴിവിനെക്കുറിച്ച് ആശങ്കാകുലരായ ഡെമോക്രാറ്റുകളില്‍ നിന്നുള്ള എതിര്‍പ്പ് വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. അദ്ദേഹത്തിന്റെ രണ്ടാം തവണയും വിജയിക്കാനുള്ള സാധ്യത അതിവേഗം കുറയുന്നതായി ഡെയ്ലി പോള്‍ കാണിക്കുന്നു. സ്ഥാനമൊഴിയാനുള്ള വര്‍ധിച്ച സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഭര്‍ത്താവ് ഈ നിര്‍ണായക തീരുമാനം എടുക്കുമ്പോള്‍ പ്രഥമ വനിത ജില്‍ ബൈഡന്‍ ഒപ്പമുണ്ടായിരുന്നു. ബൈഡന്‍ തന്റെ വിശ്വസ്തനായ ജെഫ് സീയന്റ്സിനോടും പ്രചാരണ പങ്കാളിയായ ജെന്‍ ഒ മാലി ഡിലോണിനോടും ഈ രഹസ്യം പങ്കുവച്ചു. പക്ഷേ, തന്റെ സ്ഥാനം ഏറ്റെടുക്കാന്‍ പിന്തുണ ലഭിച്ച കമല ഹാരിസ് പോലും ജോ ബൈഡന്‍ തന്റെ പ്രഖ്യാപനം നടത്തിയ ദിവസം വരെ ഇതേക്കുറിച്ച് അജ്ഞയായിരുന്നു. 

 ∙ ബൈഡനെ പിന്മാറാന്‍ പ്രേരിപ്പിച്ചതെന്താണ്?
ശനിയാഴ്ച രാത്രി പ്രസിഡന്റ് ബൈഡന്‍ തന്റെ ഉന്നത ഉപദേഷ്ടാക്കളായ സ്റ്റീവ് റിച്ചെറ്റി, മൈക്ക് ഡോണിലോണ്‍ എന്നിവരുമായി മീറ്റിങ് വിളിച്ചതോടെയാണ് കാര്യങ്ങള്‍ ചൂടുപിടിച്ചത്. ബൈഡന്‍ സെനറ്ററായിരുന്നപ്പോള്‍ മുതല്‍ ഈ ആളുകള്‍ ബൈഡന്റെ പക്ഷത്തായിരുന്നു. പ്രസിഡന്റിന്റെ അടുത്ത ആളുകളായി കരുതപ്പെടുന്നവരാണിവര്‍. ബൈഡന്‍ കുടുംബവുമായി വളരെ അടുപ്പമുള്ള ആനി ടോമാസിനിയും ആന്റണി ബെര്‍ണലും മീറ്റിങ്ങിൽ പങ്കെടുത്തതായും പറയപ്പെടുന്നു. ആ സമയത്താണ് അദ്ദേഹം റിച്ചെറ്റിയോടും ഡോണിലോണോടും അടുത്ത ദിവസം പൊതു പ്രഖ്യാപനത്തിനായി ഒരു കത്ത് തയാറാക്കാന്‍ ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ കമലാ ഹാരിസ് തന്നേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് സര്‍വേകളില്‍ നിന്ന് വ്യക്തമായ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ താന്‍ സ്ഥാനമൊഴിയൂ എന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. 

 ∙ പ്രഖ്യാപനത്തിന് മുന്‍പ് 'കുടുംബയോഗം' 
വാര്‍ത്ത പുറത്തുവരുന്നതിന് തൊട്ടുമുമ്പ്,  ഡെലവെയറിലെ ബീച്ച് ഹൗസിലിരുന്ന് പ്രസിഡന്റ് ബൈഡന്‍ വൈറ്റ് ഹൗസിലെയും അദ്ദേഹത്തിന്റെ പ്രചാരണത്തിലെയും അദ്ദേഹത്തിന്റെ മുന്‍നിര ടീമുമായി ബന്ധപ്പെട്ടു. ഇതിന് മുമ്പ്, വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായും സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷൂമറുമായും സംസാരിച്ചു. മത്സരത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചതിന് ശേഷം ഇക്കാര്യം കുടുംബാംഗങ്ങളെ അറിയിക്കുന്നതിന് മകള്‍ ആഷ്ലിയെയും മരുമകന്‍ ഹോവാര്‍ഡിനെയും ചുമതലപ്പെടുത്തിയതായാണ് വിശ്വസനീയമായ ഒരു ഉറവിടം വെളിപ്പെടുത്തിയത്. വളരെ കുറച്ച് വിശ്വസ്തരായ സഹായികളുടെ സാന്നിധ്യത്തിലാണ് തീരുമാനമെടുത്തതെന്നതിനാല്‍, വൈറ്റ് ഹൗസ് സ്റ്റാഫും പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ഉള്‍പ്പെടുന്ന അദ്ദേഹത്തിന്റെ ഭൂരിഭാഗം ഉദ്യോഗസ്ഥരും ഈ വെളിപ്പെടുത്തലില്‍ ആശ്ചര്യപ്പെട്ടു. പ്രസിഡന്റിന്റെ പ്രസ്താവന തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ബാക്കിയുള്ളവര്‍ വിവരങ്ങള്‍ അറിഞ്ഞത്. 

English Summary:

Biden Drops Out of Presidential Race

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com