ADVERTISEMENT

വാഷിങ്ടൻ ∙ ഒന്നോ രണ്ടോ സംവാദം കൂടി നടത്താമെന്ന ഡെമോക്രാറ്റിക്‌ പ്രസിഡന്‍റ് സ്ഥാനാർഥിയും വൈസ് പ്രസിഡന്‍റുമായ കമല ഹാരിസിന്‍റെ നിലപാട് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ അങ്കത്തട്ടിൽ ഒരു മുഴം നീട്ടി എറിഞ്ഞ അടവായിരുന്നു. അതിൽ  പതറി വീണിരിക്കുകയാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥി മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇനി ഒരു സംവാദം വേണ്ട എന്ന പ്രസ്താവത്തിലൂടെ കമല ഹാരിസുമായി വീണ്ടും ഒരു സംവാദത്തിനു താൻ തയ്യാറല്ല എന്ന സന്ദേശമാണ്  ട്രംപ് നൽകിയിരിക്കുന്നത്.

ഒരു സംവാദത്തിനു ട്രംപ് ഭയക്കുന്നുവോ എന്ന ചോദ്യം ന്യായമായും ഉയരുന്നു. എന്നാൽ കഴിഞ്ഞ സംവാദത്തിൽ തനിക്കു നീതി ലഭിച്ചില്ല. ഇനി ഒരു സംവാദം കൂടി ആയാൽ അനീതി വർധിക്കുകയേ ഉള്ളൂ എന്ന ട്രംപിന്‍റെ ഭയം അസ്ഥാനത്തല്ല. നിഷ്പക്ഷമായ സമീപനം അവതാരകരിൽ നിന്ന് ഉണ്ടാവേണ്ടതായിരുന്നു. സാധാരണയായി ട്രംപ് ഇത്രയും സഹനശീലം പ്രദർശിപ്പിക്കാറില്ല. 

സംവാദത്തിന്‍റെ രണ്ടു മണിക്കൂർ കാലയളവിൽ പതിവിന് വിപീരതമായി ട്രംപ് സംയമനം പാലിക്കുന്നതായാണ് കണ്ടത്. കമല ഹാരിസ് നടത്തിയ പ്രസ്താവനകളിൽ അപൂർണ സത്യങ്ങളും അസത്യങ്ങളും ധാരാളം ഉണ്ടായിരുന്നു. ഇവ ചെക്ക് ചെയ്യാൻ അവതാരകർ താല്പര്യം കാട്ടിയില്ല. ഇപ്പോൾ മാധ്യമങ്ങൾ ഹാരിസിന്‍റെ അവകാശവാദങ്ങളുടെ സത്യാസത്യങ്ങൾ ഓരോന്നായി റിപ്പോർട്ട് ചെയ്യുന്നു. ഇത് എ ബി സി ചാനലിന്‍റെയും ഡിബേറ്റിന്‍റെ അവതാരകരുടെയും വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്.

ഡെമോക്രാറ്റിക്‌, റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥികളുടെ ഡിബേറ്റ് ഒക്‌ടോബർ ഒന്നിനാണ് നടക്കുക. ഡെമോക്രാറ്റിക്‌ ടിം വാൾസും റിപ്പബ്ലിക്കൻ ജെ ഡി വാൻസും തമ്മിലാണ് ഏറ്റുമുട്ടുക. സി ബി എസ്‌ നെറ്റ്‌വർക്ക് ആതിഥേയത്വം വഹിക്കുന്ന ഡിബേറ്റിന്‍റെ മോഡറേറ്റർമാർ സി ബി എസ്‌ ഈവനിങ് ന്യൂസിന്‍റെ ആങ്കറും മാനേജിങ് എഡിറ്ററുമായ നോറ ഓ ഡോണേലും ഫേസ് ദി നേഷൻ മോഡറേറ്ററും ഫോറിൻ അഫയേഴ്‌സ് കറസ്പോണ്ടന്‍റുമായ മാർഗരറ്റ് ബ്രെണ്ണനും ആയിരിക്കും. ഡിബേറ്റിന്‍റെ വിശദവിവരങ്ങൾ ഇനിയും പുറത്തു വരാനിരിക്കുന്നതേയുള്ളൂ.

ന്യൂയോർക്ക് ടൈംസ് അഭിപ്രായ സർവേ പറയുന്നത് കമല ഹാരിസിന് ഇപ്പോൾ ലഭ്യമായ ലീഡ് സ്വിങ് സ്റ്റേറ്റുകളിൽ നിലനിർത്താൻ കഴിഞ്ഞാൽ വിജയിക്കുവാൻ ആവശ്യമായ 270  ഇലക്ടറൽ വോട്ടുകൾ നേടാൻ കഴിയും എന്നാണ്. ഹാരിസിനും ട്രംപിനും 200  വോട്ടുകൾ ഉറപ്പിക്കുവാൻ കഴിയുന്ന മേൽകൈ ഉണ്ടെന്നും കൂട്ടിച്ചേർക്കുന്നു. 

സുപ്രധാനമായ സ്റ്റേറ്റുകളിൽ ട്രംപിന് നേട്ടമുണ്ടാക്കാൻ കഴിഞ്ഞാൽ വിജയം ഉറപ്പാണ്. ട്രംപിന് അനുകൂലമായ ഒരു തരംഗം എവിടെയെങ്കിലും ഉണ്ടായാൽ ഹാരിസിന് ഇപ്പോൾ നൽകുന്ന മേൽകൈ തിരിച്ചടി ആകാനും സാധ്യതയുണ്ട് എന്നും പറയുന്നു. അഭിപ്രായ സർവേകൾ അന്തിമ വോട്ടിങ് ഫലം ആകാതിരുന്ന അവസരങ്ങൾ ഉണ്ട്. അതിനാൽ ഇപ്പോഴത്തെ സർവേകൾ ആശ്രയിക്കാനാവില്ല എന്ന മുന്നറിയിപ്പും നൽകുന്നു.

ബൈഡനും ട്രംപും തമ്മിൽ ഉണ്ടായിരുന്ന അന്തരം വിശകലനം ചെയ്തിട്ടാണ് ഹാരിസും ട്രംപും തമ്മിലുള്ള അഭിപ്രായ സർവേഫലങ്ങൾ വിലയിരുത്തുന്നത്. ഈ തുലനം ചെയ്യൽ എത്രത്തോളം ആശ്രയിക്കാവുന്നതാണ് എന്ന് പറയാനാവില്ല. 

English Summary:

Donald Trump: No more debates with Kamala Harris

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com