ADVERTISEMENT

പ്രായമാകുമ്പോൾ എല്ലാവർക്കും പിടിപെടുന്ന ഒന്നായിട്ടാണ് പലരും സന്ധി വേദനയെ കണക്കാക്കുന്നത് എന്നാൽ സന്ധി വേദനയെക്കുറിച്ച് പരാതിപ്പെടാതെ നല്ല ഊർജസ്വലരായി ജീവിക്കുന്ന നിരവധി മുതിർന്ന പൗരന്മാരെ നമ്മുടെ ചുറ്റിലും കാണാനാകും. അതായത് പ്രായം മാത്രമല്ല സന്ധിവേദനയിലേക്ക് നയിക്കുന്ന ഒരേയൊരു ഘടകം. 

ദുർബലമായ എല്ലുകളിലേക്കും സന്ധിവേദനയിലേക്കും നയിക്കുന്ന ചില ദുശ്ശീലങ്ങളുണ്ട്. ഇവയെ നിയന്ത്രിച്ച് നിർത്തുകയോ പൂർണമായും ഒഴിവാക്കുകയോ ചെയ്‌താൽ എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം കാത്ത് മെച്ചപ്പെട്ട ജീവിതം നയിക്കാനാകുന്നതാണ്. 

എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുന്ന ദുശ്ശീലങ്ങൾ ഇനി പറയുന്നവയാണ്. 

1. പുകവലി 

പുകവലിക്കുമ്പോൾ ശരീരത്തിലുണ്ടാകുന്ന ഫ്രീ റാഡിക്കൽസ് ശ്വാസകോശത്തിനു മാത്രമല്ല എല്ലുകളുടെ ആരോഗ്യത്തിനും ഹാനികരമാണ്. പുകയില ഉപയോഗിക്കുന്നവർക്ക് എല്ലുകളുടെ സാന്ദ്രത കുറവായിരിക്കും. എല്ലുകളെ നിർമിക്കുന്ന  കോശങ്ങളെ ഫ്രീ റാഡിക്കലുകൾ നശിപ്പിക്കുന്നു. സമ്മർദ ഹോർമോണായ കോർട്ടിസോളിന്റെ ഉത്പാദനം കൂട്ടുന്ന പുകവലി എല്ലുകളുടെ ആരോഗ്യം നില നിർത്തുന്ന കാൽസിടോണിന്റെ ഉത്പാദനം കുറയ്ക്കുകയും ചെയ്യുന്നു. എല്ലൊടിയുമ്പോൾ അവ വീണ്ടും പഴയത് പോലെയാകുന്ന പ്രക്രിയയെയും പുകവലി വൈകിപ്പിക്കുന്നു. 

2. ഉദാസീനത 

ദേഹം അനങ്ങാതെ ഉദാസീനമായി ജീവിക്കുന്നതും എല്ലുകളുടെ ആരോഗ്യം നശിപ്പിക്കും. പേശികൾ ചലിക്കുമ്പോഴാണ് എല്ലുകൾക്ക് ദൃഢത കൈവരുന്നത്. നടത്തം പോലെയുള്ള വ്യായാമങ്ങൾ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. 

3. അമിത മദ്യപാനം 

മദ്യപാനവും ശരീരത്തിൽ കോർട്ടിസോൾ ഉത്പാദനം വർധിപ്പിക്കും. എല്ലുകളുടെ ആരോഗ്യത്തെ സഹായിക്കുന്ന ടെസ്റ്റോസ്റ്റെറോൺ, ഈസ്ട്രജൻ ഹോർമോണുകളുടെ  തോതും മദ്യപാനം കുറയ്ക്കും. 

4. ഉപ്പ് കൂടിയ ഭക്ഷണത്തിന്റെ ഉപയോഗം 

ഉപ്പിന്റെ ഉപയോഗം കൂടുമ്പോൾ എല്ലുകളുടെ സാന്ദ്രത കുറയുന്നു. സോഡിയം തോത് ഉയരുമ്പോൾ ശരീരം കൂടുതൽ കാൽസ്യം മൂത്രത്തിലൂടെ പുറത്ത് വിടുന്നു, ഒരു ദിവസം ഒരു ഗ്രാം ഉപ്പ് അധികം കഴിക്കുന്നതിലൂടെ മുതിർന്ന ഒരു സ്ത്രീ ഓരോ വർഷവും 1 % വീതം എല്ലുകളുടെ സാന്ദ്രത നഷ്ടപ്പെടുത്തുന്നതായാണ് കണക്ക്. അതിനാൽ പ്രതിദിനം 2300 മില്ലി ഗ്രാമിൽ കൂടുതൽ സോഡിയം കഴിക്കരുതെന്നാണ് ആരോഗ്യ വിദഗ്‌ധർ ശുപാർശ ചെയ്യുന്നു. മുതിർന്നവർക്ക് പ്രതിദിനം 1500 മില്ലിഗ്രാം പോലും സോഡിയം ആവശ്യമില്ല. 

5 വീടിനുള്ളിൽ അടച്ചിരിക്കൽ 

എല്ലുകളുടെ ശക്തി നിലനിർത്താൻ വൈറ്റമിൻ ഡി അത്യാവശ്യമാണ്. വൈറ്റമിൻ ഡി ശരീരത്തിലുണ്ടാകുന്നത് ശരീരം സൂര്യപ്രകാശമേൽക്കുമ്പോഴാണ്. ആവശ്യത്തിന് സമയം വീടിന് പുറത്തു ചെലവഴിച്ചാൽ മാത്രമേ വൈറ്റമിൻ ഡി ശരീരത്തിൽ ഉണ്ടാവുകയുള്ളൂ. ഇനി കോവിഡ് പോലെയുള്ള സാഹചര്യത്തിൽ വീട്ടിനുള്ളിൽ നിങ്ങളെ തളച്ചിടുന്ന പക്ഷം, സാൽമൺ, മുട്ടയുടെ മഞ്ഞക്കരു, വൈറ്റമിൻ ഡി സമ്പുഷ്ടമായ ഭക്ഷണവിഭവങ്ങൾ തുടങ്ങിയവ ധാരാളമായി കഴിക്കാൻ ശ്രമിക്കണം.

English Summary : Lifestyle habits that weaken your bones and joints

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com