ADVERTISEMENT

സാൻഫ്രാൻസിസ്കോ ∙ ഇന്റർനെറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വളർച്ചയായിരുന്നു അത്. ജൂലൈ 5ന് മെറ്റ പുറത്തിറക്കിയ ഇൻസ്റ്റഗ്രാം ത്രെഡ്സ് ആദ്യ മണിക്കൂറിൽ തന്നെ 10 ലക്ഷം ഉപയോക്താക്കളെ നേടി. തുടർന്ന് ഓരോ മണിക്കൂറും ഉപയോക്താക്കളുടെ എണ്ണത്തിൽ റെക്കോർഡിട്ടു. 10 ദിവസം പിന്നിട്ടപ്പോൾ 15 കോടിയായി. ഏകദേശം 35 കോടി ഉപയോക്താക്കളുള്ള ട്വിറ്ററിനെ അനുകരിക്കുന്ന ത്രെഡ്സ് ട്വിറ്ററിനു വെല്ലുവിളിയാകുമെന്നാണ് മെറ്റയും പ്രതീക്ഷിച്ചത്.

എന്നാൽ, കണക്കുകൾ അനുസരിച്ച് ത്രെഡ്സ് ഇപ്പോൾ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചകളിലൊന്നാണ്. പുതുതായി അംഗങ്ങളാകുന്നവരുടെ എണ്ണം വർധിക്കുമ്പോഴും ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം അനുദിനം കുറയുകയാണ്. ചെലവഴിക്കുന്ന സമയവും പകുതിയായി കുറഞ്ഞു.

∙ ആവേശമുണർത്തുന്നില്ല

പിഴവുകളില്ലാത്ത ആപ്പ് ആണെങ്കിലും മികച്ച ഉള്ളടക്കത്തിന്റെ അഭാവവും ട്വിറ്ററിനുള്ള വിശ്വസനീയത നേടാൻ കഴിയാത്തതുമാണ് ത്രെഡ്സ് നേരിടുന്ന വെല്ലുവിളി. ഇതുമൂലം പ്രതിദിന ഉപയോഗത്തിൽ 50% ഇടിവുണ്ടായി. തുടക്കത്തിൽ ഒരു ഉപയോക്താവ് ആപ്പിൽ ശരാശരി 20 മിനിറ്റ് ചെലവഴിച്ചിരുന്നത് ഇപ്പോൾ 10 മിനിറ്റായി. ആൻഡ്രോയ്ഡ് ഫോണുകളിലെ ഉപയോക്താക്കളുടെ എണ്ണത്തിൽ 25% കുറവുണ്ടായി. 15 കോടി ഉപയോക്താക്കളിൽ 33% പേരും ഇന്ത്യയിൽ നിന്നാണ്. 

∙ട്വിറ്ററിന്റെ വഴിയേ ത്രെഡ്സ്; പരിഹസിച്ച് മസ്ക്

ദിവസവും വായിക്കാവുന്ന പോസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയ ട്വിറ്ററിന്റെ പാത പിന്തുടർന്ന് ത്രെ‍ഡ്സും. സ്പാം ആക്രമണങ്ങൾ വർധിച്ചതിന്റെ പശ്ചാത്തലത്തിലാണ് നീക്കമെന്ന് ഇൻസ്റ്റഗ്രാം മേധാവി ആഡം മൊസേരി അറിയിച്ചു. ത്രെഡ്സ് ആപ്പ് അടിമുടി ട്വിറ്ററിന്റെ അനുകരണമാണെന്ന ആരോപണം നിലനിൽക്കെ, പുതിയ നിയന്ത്രണവും അനുകരണമാണെന്ന് ട്വിറ്റർ ഉടമ ഇലോൺ മസ്ക് പരിഹസിച്ചു. ട്വിറ്ററിൽ വെരിഫൈഡ് ഉപയോക്താക്കൾക്ക് കാണാവുന്ന ട്വീറ്റുകളുടെ എണ്ണം 15,000 ആയി ഉയർത്തിയതായി മസ്ക് പറഞ്ഞു.

∙പിന്തുടരാൻ സക്കർബർഗ്; സമയമായില്ലെന്ന് ഡോഴ്സി

ത്രെ‍ഡ്സിൽ പിന്തുടരാനുള്ള മെറ്റ സിഇഒ മാർക്ക് സക്കർബർഗിന്റെ അഭ്യർഥനയ്ക്ക് ‘സമയമായില്ലെന്ന’ മറുപടിയുായി ട്വിറ്റർ സ്ഥാപകൻ ജാക്ക് ഡോർസി. സക്കർബർഗ് അയച്ച ഫോളോ റിക്വസ്റ്റിന്റെ സ്ക്രീൻഷോട്ട് ഷെയർ ചെയ്തുകൊണ്ടാണ് ഡോഴ്സിയുടെ പ്രതികരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com