ADVERTISEMENT

ഉദ്യം റജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഒട്ടേറെ സംശയങ്ങളാണ് സംരംഭകർക്കുള്ളത്. എസ്എസ്ഐ റജിസ്ട്രേഷൻ സംരംഭകർക്ക് സുപരിചിതമാണ്. അതു പരിഷ്കരിച്ച് എംഎസ്എംഇ മെമ്മോറാണ്ടം, ഉദ്യോഗ് ആധാർ എന്നീ റജിസ്ട്രേഷനുകൾ വന്നു. നിലവിലുള്ള ചെറുകിട വ്യവസായങ്ങളുടെ റജിസ്ട്രേഷൻ ഉദ്യം റജിസ്ട്രേഷൻ ആണ്. ഇതിന്റെ സവിശേഷതകൾ പരിശോധിക്കാം.

1. ഉദ്യം റജിസ്ട്രേഷൻ നിർബന്ധമായും എടുക്കേണ്ടതുണ്ടോ?

∙ 2020 ജൂലൈ 1 മുതലാണ് ഉദ്യം റജിസ്ട്രേഷൻ നിലവിൽ വന്നത്.

∙ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ ആരംഭിക്കുന്നവർ കേന്ദ്ര- സംസ്ഥാന സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ നേടിയിരിക്കേണ്ട ഒരു റജിസ്ട്രേഷൻ ആണിത്.

∙ ഇത് ഒരു സ്റ്റാറ്റ്യൂട്ടറി റജിസ്ട്രേഷൻ അല്ല. എന്നാൽ, ചില ആനുകൂല്യങ്ങളും സംരക്ഷണവും ലഭിക്കുന്നതിന് ഈ റജിസ്ട്രേഷൻ ആവശ്യമാണ്. ഉദാഹരണമായി ബാങ്ക് വായ്പകൾക്ക് പലിശ ആനുകൂല്യങ്ങൾ, മുൻഗണന, ടെൻഡർ സൗജന്യങ്ങൾ, സബ്സിഡി എന്നിവയ്ക്ക്. നിലവിൽ ഉദ്യോഗ് ആധാർ , MSME മെമ്മോറാണ്ടം, SSI റജിസ്ട്രേഷൻ, എന്നിവ ഉള്ളവർ നിർബന്ധമായും ഉദ്യം റജിസ്ട്രേഷൻ എടുത്തിരിക്കേണ്ടതാണ്.

‌2. പുതിയ റജിസ്ട്രേഷൻ എങ്ങനെ എടുക്കാം ?

സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തിക്ക് ഓൺലൈനായി പുതിയ റജിസ്ട്രേഷൻ എടുക്കാവുന്നതാണ്. ഉദ്യം റജിസ്ട്രേഷൻ പോർട്ടലിൽ കയറി സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ അടിസ്ഥാനത്തിൽ അപേക്ഷ സമർപ്പിക്കാം. രേഖകൾ ഒന്നും അപ്‌ലോഡ് ചെയ്യേണ്ടതില്ല. ആധാറുമായി തന്റെ സംരംഭത്തെ ബന്ധപ്പെടുത്തുന്നു എന്നുള്ളതാണ് ഉദ്യം റജിസ്ട്രേഷന്റെ സവിശേഷത. നടപടികൾ പൂർത്തിയായാൽ റജിസ്ട്രേഷൻ നമ്പറും തുടർന്ന് റജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ലഭിക്കും. പോർട്ടലിൽ കാണുന്ന റജിസ്ട്രേഷൻ ഫോമിൽ സൗജന്യമായി അപേക്ഷ പൂരിപ്പിച്ച് സമർപ്പിക്കാം.

3. ഒരു വ്യക്തിക്ക് ഒന്നിലധികം വ്യവസായ സ്ഥാപനങ്ങൾ ഉണ്ടെങ്കിൽ എല്ലാത്തിനും ഉദ്യം റജിസ്ട്രേഷൻ ലഭിക്കുമോ ?

∙ ഒന്നിൽ കൂടുതൽ സംരംഭം ഉണ്ടെങ്കിലും ഒറ്റ റജിസ്ട്രേഷനേ അനുവദിക്കൂ. എല്ലാത്തിന്റെയും വിവരങ്ങൾ നിലവിലുള്ള സർട്ടിഫിക്കറ്റിൽ തന്നെ ഉൾപ്പെടുത്തണം.

∙ നിർമാണവും സേവനവും മറ്റ് അധിക പ്രവൃത്തികളും ഉണ്ടെങ്കിലും എല്ലാം ഒരേ റജിസ്ട്രേഷനിൽ തന്നെ ഉൾപ്പെടുത്തണം

∙ ഒരു വ്യക്തിക്ക് ഒരു ആധാർ നമ്പറിൽ ഒരു ഉദ്യം റജിസ്ട്രേഷൻ മാത്രമേ അനുവദിക്കൂ.

∙ വ്യാപാരസ്ഥാപനങ്ങൾക്കും ഇപ്പോൾ ഉദ്യം എടുക്കാം.

4.എപ്പോൾ റജിസ്ട്രേഷൻ എടുക്കാം, പുതുക്കാം?

∙ പ്രവർത്തനം തുടങ്ങിയതും തുടങ്ങാത്തതുമായ സ്ഥാപനങ്ങൾക്കും ഉദ്യം റജിസ്ട്രേഷൻ എടുക്കാം.

∙ സ്ഥാപനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അതതു സമയത്തുതന്നെ രേഖപ്പെടുത്തി റജിസ്ട്രേഷൻ കാലാനുസൃതമായി പുതുക്കുന്നതിനുള്ള സൗകര്യവുമുണ്ട്.

∙ മറ്റ് സ്ഥാപനത്തിലെ റജിസ്ട്രേഷൻ ഉണ്ടെങ്കിലും ഉദ്യം റജിസ്ട്രേഷൻ എടുക്കാവുന്നതാണ്.

∙ ഉദ്യം റജിസ്ട്രേഷൻ പുതുതായി എടുക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ട്.

പുതിയ നിർവചനം

സൂക്ഷ്മ സംരംഭം– പ്ലാന്റിലും മെഷിനറിയിലുമുള്ള നിക്ഷേപം ഒരുകോടി രൂപ അധികരിക്കാത്തതും വാർഷിക വിറ്റുവരവ് 5 കോടി കടക്കാത്തതുമായ സംരംഭങ്ങൾ.

ചെറുകിട സംരംഭം – പ്ലാന്റ്, മെഷിനറി എന്നിവയിലെ നിക്ഷേപം 10 കോടിയിൽ അധികരിക്കാതെയും വാർഷിക വിറ്റുവരവ് 50 കോടി കടക്കാത്തതും. 

ഇടത്തരം സംരംഭം – പ്ലാന്റ്, മെഷിനറി എന്നിവയിലെ നിക്ഷേപം 50 കോടിയിൽ അധികരിക്കാതെയും വിറ്റുവരവ് 250 കോടി കടക്കാത്തതും.

ഇവയ്ക്കു മുകളിൽ വരുന്നവ വൻകിട സംരംഭങ്ങളാണ്. ഏതെങ്കിലും ഒരു മാനദണ്ഡത്തിൽ വ്യത്യാസം വന്നാൽ വിഭാഗവും മാറും. കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങളെ സംബന്ധിച്ച് അതിന്റെ മൂല്യം ഒഴിവാക്കി കൊണ്ടുള്ള വിറ്റുവരവു മാത്രമേ കണക്കാക്കുകയുള്ളൂവെന്ന് നോട്ടിഫിക്കേഷൻ പറയുന്നുണ്ട്. എംഎസ്എംഇ ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, ജില്ലാ വ്യവസായ കേന്ദ്രങ്ങൾ എന്നീ സ്ഥാപനങ്ങൾ റജിസ്ട്രേഷൻ നടപടികൾ സുഗമമാക്കുന്നതിന് വേണ്ട ഏകജാലക സംവിധാനമായി പ്രവർത്തിക്കുന്നതാണ്. ചെറുകിട വ്യവസായങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നവർക്ക് രാജ്യത്താകമാനം ഒരു യുണീക് നമ്പറാണ് ഉദ്യം റജിസ്ട്രേഷൻ വഴി ലഭിക്കുക. സർക്കാർ സാമ്പത്തിക ആനുകൂല്യങ്ങൾക്കെല്ലാം ഇപ്പോൾ ഉദ്യം റജിസ്ട്രേഷൻ നിർബന്ധമാണ്.

Content Highlight: Udyam Registration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com