ADVERTISEMENT

പ്രളയദുരിതങ്ങളും കോവിഡ്കാല പ്രതിസന്ധികളും നിറം കെടുത്തിയ മൂന്നുനാലു ജന്മദിനങ്ങൾക്കു ശേഷം കേരളം ആമോദത്തോടെ കൊണ്ടാടേണ്ട സുദിനമാണിന്ന്. പക്ഷേ, ആഘോഷങ്ങളിൽ നിന്നും ആഹ്ലാദങ്ങളിൽ നിന്നും അകറ്റിനിർത്തുന്ന എന്തോ ചിലത് നമുക്കു ചുറ്റും കനംവച്ചു നിൽക്കുന്നു. ഞങ്ങൾ സ്വപ്നം കണ്ട കേരളം ഇതായിരുന്നില്ല എന്ന് ഐക്യകേരളത്തിനു വേണ്ടി ചോരയും നീരുമൊഴുക്കിയ ആരൊക്കെയോ എവിടെയൊക്കെയോ ഇരുന്നു വിലപിക്കുന്നതു പോലെ.

കേരളം, മലയാളി എന്നീ പദങ്ങൾക്ക് പ്രാദേശികതയുടെ ഇടുങ്ങിയ വൈകാരികതയ്ക്കപ്പുറത്ത് വിശാലവും വിശുദ്ധവുമായ അർഥവും ഇടവുമുണ്ടായിരുന്നു, ഒരുകാലത്ത്. സാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹികബോധം, രാഷ്ട്രീയപ്രബുദ്ധത, കാർഷിക സമൃദ്ധി, ശാസ്ത്രീയാവബോധം, സാംസ്കാരിക സമ്പന്നത, സഹിഷ്ണുത തുടങ്ങി ഏതു സൂചകങ്ങളിലും നാം നമ്മെച്ചൊല്ലി ഊറ്റം കൊണ്ടിരുന്നു; ഇതര സംസ്ഥാനങ്ങൾ നമ്മെ നോക്കി അസൂയപൂണ്ടിരുന്നു. നവോത്ഥാനം നമ്മുടെ കൊടിയടയാളം തന്നെയായിരുന്നു.

ദേശീയ പ്രസ്ഥാനത്തിന്റെ തുടർച്ചയും സമുദായങ്ങൾക്കുള്ളിലെ പരിഷ്കരണ ചലനങ്ങളും കീഴാളരിൽ നിന്ന് ഉയിർകൊണ്ട മുന്നേറ്റങ്ങളും തൊഴിലാളി, കർഷക പോരാട്ടങ്ങളും കുടിയേറ്റങ്ങളും മിഷനറി വിദ്യാഭ്യാസ പ്രവർത്തനങ്ങളും പ്രവാസികളുടെ വരുമാനവുമെല്ലാം ചേർന്ന് കേരളത്തെ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും ഉയർന്ന നിലവാരത്തിൽ അടയാളപ്പെടുത്തി. ആ കേരളത്തിൽ വർഗീയ കലാപങ്ങളോ ജാതിയുടെ പേരിലുള്ള ഹിംസയോ അനുവദിക്കപ്പെട്ടില്ല. വിശ്വാസഭേദങ്ങൾക്കും ശാസ്ത്രീയതയിൽ അധിഷ്ഠിതമായ ആധുനികതയ്ക്കും പരസ്പരം സ്വീകരിച്ചു നിലകൊള്ളാൻ അവിടെ ഇടമുണ്ടായിരുന്നു. രാഷ്ട്രീയ നിലപാടുകളിൽ വിരുദ്ധപക്ഷങ്ങളിൽ നിൽക്കുന്ന നേതാക്കളെ സൗഹൃദത്തിന്റെ ഒറ്റഫ്രെയിമിൽ കാണാമായിരുന്നു. ആ ദിവസത്തെ പ്രധാന വാർത്തയാകാൻ പോന്ന കുറ്റകൃത്യങ്ങളും ചൂഷണങ്ങളും അപൂർവമായിരുന്നു. ഒരു സുകുമാരക്കുറുപ്പോ ഒരു റിപ്പർ ചന്ദ്രനോ പതിറ്റാണ്ടിലൊരിക്കൽ മാത്രം സംഭവിച്ചു. അക്കാലങ്ങളിൽ നിയമലംഘനങ്ങളെയും കുറ്റകൃത്യങ്ങളെയും നമ്മൾ ആശങ്കയോടെയും അസാധാരണത്വത്തോടെയും നോക്കിക്കണ്ടു.

എന്നാൽ, അസാധാരണ കുറ്റകൃത്യങ്ങൾ പോലും സർവസാധാരണമായി മാറുന്ന കാഴ്ചകളിലൂടെയാണു കേരളം പുതിയൊരു ജന്മദിനത്തിലെത്തുന്നത്. അന്ധവിശ്വാസങ്ങളുടെ അഴിഞ്ഞാട്ടങ്ങളും പ്രണയ നിഷേധത്തിന്റെ പേരിലുളള ആക്രമണങ്ങളും എന്തിന്, നമുക്കന്യമായിരുന്ന ജാതിദുരഭിമാനത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ പോലും ഈ നവോത്ഥാന കേരളത്തിൽ പതിവു വാർത്തകളായിക്കഴിഞ്ഞിരിക്കുന്നു. ഒരുകാലത്തു നമുക്കു സങ്കൽപിക്കാൻ കഴിയാതിരുന്ന ഹിംസയുടെ കഥകൾ കുടുംബങ്ങൾക്കുള്ളിൽ നിന്നുപോലും പുറത്തുവരുന്നു. കേട്ടുകേൾവിയില്ലാത്ത പുതുലഹരികളുടെ ചതിവഴികളിൽ നമ്മുടെ ചെറുപ്പക്കാർ ഈയാംപാറ്റകളെപ്പോലെ വീണടിയുന്നതു നമ്മൾ കാണുന്നു. 

പുതുതലമുറയ്ക്കു ദിശാബോധം നൽകേണ്ട സർവകലാശാലകളും സാംസ്കാരിക കേന്ദ്രങ്ങളും വരെ കക്ഷിരാഷ്ട്രീയ താൽപര്യ സംരക്ഷണത്തിനുള്ള കസേരകളിയിൽ സ്വധർമം മറന്നുപോകുന്നു. ധിഷണയും നൈപുണ്യവുമുള്ള യുവതലമുറയാകട്ടെ മനംമടുത്ത് നാടുവിടാൻ കാത്തുനിൽക്കുന്നു.

എല്ലാവരും പരസ്പരം അവിശ്വസിക്കുന്നൊരു സമൂഹമായി മാറുകയാണോ നമ്മൾ? തിരസ്കാരങ്ങൾ അംഗീകരിക്കാൻ കഴിയാത്ത, വിയോജിപ്പുകൾ പറഞ്ഞു തീർക്കാനരുതാത്ത, പരസ്പരം മാന്യമായി പിരിയാൻ പോലുമറിയാത്ത ജനതയായി ഒടുങ്ങാനാണോ നമ്മുടെ വിധി?

നമുക്കു നമ്മളെത്തന്നെ വീണ്ടെടുക്കേണ്ടതുണ്ട്. കക്ഷിരാഷ്ട്രീയ താൽപര്യങ്ങൾ മാറ്റിവച്ച്, വിശാലമായ മാനവികതയിലേക്കു കേരളത്തെ തിരിച്ചെത്തിക്കാനുള്ള മുന്നേറ്റമാണ് ഈ കേരളപ്പിറവി ആവശ്യപ്പെടുന്നത്. പുതിയൊരു കേരളം സാധ്യമാണെന്നു വരുംതലമുറകൾക്കു വാക്കുനൽകാൻ നമുക്കു കഴിയേണ്ടതുണ്ട്.

English Summary: Kerala Piravi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com