ADVERTISEMENT

കവിതയുടെ തിരുമുറ്റത്ത് കത്തിച്ചുവച്ച എഴുതിരി വിളക്കാണ് കുമാരനാശാന്റെ കവിത. സമൂഹമനസ്സിലെ അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ഇരുളകറ്റാനാണ് ആശാൻ കവിത എഴുതിയത്. അങ്ങനെ ആശാൻ കൊളുത്തിവച്ച ദീപത്തിൽ നിന്ന് വെളിച്ചമുൾക്കൊണ്ടവരാണ്  പിന്മുറക്കവികൾ. ആശാൻ 

 എഴുതിയതുപോലെ, അവർ അതിന്‌ നന്ദിസൂചകമായി, ‘അന്തമറ്റ സുകൃതഹാരങ്ങൾ നിന്നന്തരാത്മാവിൽ അർപ്പിക്കുന്നുണ്ടാവാം.’ മലയാളത്തിലെ 7 പ്രമുഖ കവികൾ ആശാന്റെ ഓർമകൾക്ക് മുന്നിൽ കവിതയുടെ മഴവില്ലൊരുക്കുന്നു

sachidhananthan
സച്ചിദാനന്ദൻ

നമിപ്പൂ, ‍ഞാൻ: സച്ചിദാനന്ദൻ

ആർ തന്റെ കവിതയെ 

ബോധി തൻ തണലാക്കീ,

ആർ വീണപൂവിൽ കണ്ടൂ 

നശ്വരം വാഴ്‌വിൻ ഗർവ്വം

ആരു പാഴ്‌ജന്മങ്ങൾക്കു 

പ്രേമത്താൽ നൽകീ മുക്തി

ആ ഭാഷാഗുരുവിന്നീ-

പ്പുൽനാമ്പിൻ നമസ്കാരം!

prabhavarma
പ്രഭാവർമ

കാവ്യവെളിച്ചം: പ്രഭാവർമ 

ഭൂതഭവ്യഭവിഷ്യൽക്കാലത്രയത്തിൻ 

വിഭുത്വമേ,

കാവ്യസൂര്യപ്രഭാവത്താൽ ഭവ്യമാക്കുന്നു 

നീ പഥം!

തമസ്സിലൊറ്റനക്ഷത്രം കണക്കും പ്രളയാബ്ധിയിൽ

തെളിയും ദ്വീപിനൊത്തും നിൻ 

കവിതാമൃതസാന്ത്വനം!

sankarapilla
കെ.ജി.ശങ്കരപ്പിള്ള

തണൽ: കെ.ജി.ശങ്കരപ്പിള്ള

ഏത് തീയിലും 

തണൽകാണും 

ബുദ്ധൻ.

ഓരോ തണലിലും വായിക്കും

ഓരോ കനിവ്, 

ഓരോ പൊരുൾ,

കാലത്തിന് തണൽ കരുണയെന്ന്.

ഉറവകൾ കാലത്തിൽ അത്ര താഴെ 

ഉറങ്ങുന്നുണ്ടെന്ന 

അറിവെനിക്ക് 

തണലാവുന്നില്ല.

മനസ്സ് 

കത്തിയെരിയുമ്പോൾ

മഴയാവുന്നില്ല 

ബോധം.

rafeeq
റഫീക്ക് അഹമ്മദ്

വിശ്വദർശനം: റഫീക്ക് അഹമ്മദ്

ഒരു വീണപൂവങ്ങ് കൈകളിലെടുത്തപ്പോ–

ളുരുവം കൊണ്ടു വിശ്വദർശനമതിൽ ഞങ്ങൾ

ഗുരുവിൻ മൈത്രീസങ്കൽപത്തിന്റെയാഴം കണ്ടു

സർവ്വതുമൊന്നാണെന്ന നിത്യസത്യത്തെബ്ഭവാൻ

സർഗസൗന്ദര്യത്തിരിനാളമായ് ജ്വലിപ്പിച്ചു.

ജാതിമതാന്ധ്യങ്ങളാ, ലാർത്തിയാൽ, വെറുപ്പിനാൽ

ബാധയേറ്റാകെക്കലങ്ങുന്ന  സിന്ധുവിൽ ദൂരെ

ബാക്കിയുള്ളതാക്കാവ്യദ്വീപുകൾ, ദിഗ്ദർശികൾ

അക്കാവ്യവ്യോമത്തിലെ ഭാസുര നക്ഷത്രങ്ങൾ.

leelakrishnan
ആലങ്കോട് ലീലാകൃഷ്ണൻ

ചരിത്രകാവ്യം: ആലങ്കോട് ലീലാകൃഷ്ണൻ

പരിവർത്തനത്തിന്റെ യുഗസംക്രമത്തേരിൽ

ചരിത്രം കുറിച്ചിട്ട കാവ്യമാണാശാൻ, നാളെ–

വിടരും പൂവിൽ കാണാം, 

കൊഴിയും പൂവിൽ കാണാം

മരണം തോൽപ്പിക്കാത്ത കുമാരഗുരുകാവ്യം.

pvramachandran
പി.പി.രാമചന്ദ്രൻ

വീണ പൂക്കൾ :പി.പി.രാമചന്ദ്രൻ

വിരിഞ്ഞ പൂവിൻ സൗന്ദര്യം 

പാടുവോർക്കിടയിൽ ഭവാൻ

വീണപൂവിന്റെ സത്യത്തെ

പ്പകർന്നൂ മാതൃഭാഷയിൽ.

വാഴുന്നോർക്കുള്ള വാഴ്ത്തല്ല

കാവ്യമെന്നു തിരുത്തി നീ;

വീഴുവോർക്കൊപ്പമെന്നെന്നും

നീതിക്കായ് നിലകൊണ്ടു നീ.

praman
പി.രാമൻ

ഇപ്പോഴും ആശ്രയം : പി.രാമൻ

ഉള്ളറിയാൻ പരസ്പരമൊന്നുമില്ലുപായം, അർത്ഥശങ്കയും അപൂർണതയുമുള്ള–

തെങ്കിലും

കയ്യിലുണ്ടായിരുന്നൊരു ഭാഷയും 

പൊയ്പോയ കാലം

തമ്മിൽ മിണ്ടാനെന്തെങ്കിലും തേടിയെത്തുന്നേൻ,

ഇങ്ങീയാശാൻ കവിതതന്നൂറ്റിൽ നിന്നും മധ്യം പൊട്ടി

കണ്ണാടിക്കാന്തി ചിതറും മൊഴിക്കിനാവിൽ.

English Summary : Rememberence of Malayalam poets  Kumaranasan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com