ADVERTISEMENT

പാമ്പിനു കേൾക്കാമോ? എത്ര കാലമായി കേൾക്കുന്ന ചോദ്യമാണ്. മൃഗശാലയിലെ കണ്ണാടിക്കൂട്ടിലുള്ള പാമ്പിന്റെ തലയിലേക്കു സൂക്ഷിച്ചു നോക്കൂ. ഉരുണ്ടതോ ത്രികോണാകൃതിയിലുള്ളതോ ആയ തലയിൽ എവിടെയും ചെവിക്കുട കാണാൻ കഴിയില്ല. ഇതോടെ, പാമ്പിനു കേൾക്കാനാവില്ല എന്ന വിശ്വാസം ജീവശാസ്ത്രത്തിൽ ഇഴഞ്ഞുകയറി. ‌

പാമ്പു ചീറ്റുമ്പോഴും ഇഴയുമ്പോഴും വാലിട്ടിളക്കുമ്പോഴും നാം കേൾക്കുന്ന ശബ്ദം പാമ്പിനു കേൾക്കാൻ കഴിയില്ല എന്നാണു പെ‍ാതുവായ ധാരണ. നിലത്തുണ്ടാകുന്ന കമ്പനങ്ങളെ വയറിനടിയിലെ ചെതുമ്പലുകൾ (scales) പിടിച്ചെടുത്തു കൈമാറുന്ന സ്പർശന സംബന്ധിയായ കേൾവിയാണു (tactile hearing) പാമ്പിനെന്നു പാഠപുസ്തകങ്ങൾ പഠിപ്പിച്ചു. ഈ ശ്രവണസീമ 650 ഹെർട്സ് (Hz) ആണെന്നു പിന്നീടു പഠനങ്ങളുമുണ്ടായി. 

കഴിഞ്ഞ 50 കൊല്ലത്തിനിടെ ഗവേഷകർ പാമ്പിന്റെ ശ്രവണശേഷിയെക്കുറിച്ച് ഒട്ടേറെ പുതിയ വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഓസ്ട്രേലിയയിലെ ക്വീൻസ് സർവകലാശാലയിലെ ഡോ.ക്രിസ്റ്റീന സ്റ്റേനക് നടത്തിയ പഠനങ്ങൾ പാമ്പിന്റെ കേൾവിയെക്കുറിച്ച് ഉച്ചത്തിൽ വിളിച്ചു പറയുന്നു. ഉരഗവർഗത്തിലെ 5 ജനിതക കുടുംബങ്ങളിൽപെട്ട 19 പാമ്പുകളെ 304 പരീക്ഷണങ്ങളിൽ പങ്കെടുപ്പിച്ചു. ഇഷ്ടപ്രകാരം ഇഴഞ്ഞുനടക്കാൻ സ്വാതന്ത്ര്യം നൽകിയും മയക്കുമരുന്നു കെ‍ാടുത്തു ബോധം കെടുത്താതെയുമായിരുന്നു പഠനം. 

ശബ്ദം കടക്കാത്ത മുറിയിലാണു പരീക്ഷണം നടത്തിയത്. 1–150 Hz, 150-300 Hz, 300-450 Hz എന്നീ ശബ്ദതരംഗങ്ങളിലും നിശ്ശബ്ദതയിലും പാമ്പിന്റെ പ്രതികരണങ്ങൾ നിരീക്ഷിച്ചു. ശബ്ദതരംഗങ്ങൾ വായുവിലൂടെയും ഉപരിതലത്തിലെ കമ്പനങ്ങളിലൂടെയും (vibration) പാമ്പിലേക്ക് എത്തിച്ചായിരുന്നു നിരീക്ഷണം. 

വിഷമില്ലാത്ത, 1.7 മീറ്റർ നീളവും 5 കിലോഗ്രാം തൂക്കവുമുള്ള മലമ്പാമ്പ് കൗതുകത്തോടെ തലപെ‍ാക്കി ശബ്ദത്തിന്റെ ഉറവിടത്തിലേക്കു നീങ്ങി. അണലിയടക്കം മൂന്നുതരം പാമ്പുകൾ, എല്ലാ ശബ്ദങ്ങളോടും പ്രതികരിച്ചെങ്കിലും ശബ്ദസ്രോതസ്സിനെ തഴഞ്ഞ് ഒഴിഞ്ഞുമാറിപ്പോയി. ഇതു ശത്രുവിൽനിന്ന് ഒഴിഞ്ഞുമാറാനുള്ള അതിജീവന പ്രവണതയാണെന്നു ശാസ്ത്രജ്ഞർ വ്യാഖ്യാനിക്കുന്നു. പാമ്പിനെ കണ്ടുപേടിച്ചു നിലവിളിക്കുന്ന മനുഷ്യന്റെ ശബ്ദം ഒന്നേകാൽ മീറ്റർ അകലെനിന്നു കേൾപ്പിച്ചപ്പോൾ പാമ്പുകൾ പ്രതികരിച്ചെങ്കിലും ഒഴിഞ്ഞുപോയി. 

ഡോ. എ.പി. ജയരാമൻ
ഡോ. എ.പി. ജയരാമൻ

വായുവിലൂടെയും ഉപരിതലത്തിലൂടെയും എത്തുന്ന ശബ്ദകമ്പനങ്ങൾ പാമ്പുകൾ പിടിച്ചെടുക്കുന്നുണ്ടെന്ന അനുമാനത്തിലാണ് ഇതോടെ ശാസ്ത്രജ്ഞരെത്തിയത്. ചെവിക്കുടയില്ലെങ്കിലും പാമ്പുകൾക്കു നമ്മുടേതിനു സമാനമായ ഉൾച്ചെവിയുണ്ട്. നമ്മുടെ ചെവിക്കുള്ളിലെ കുഞ്ഞൻ എല്ലായ സ്റ്റേപ്സിനു സമാനമായി പാമ്പുകൾക്കു ‘കോളുമെല്ല’യാണുള്ളത്. ഇതു താടിയെല്ലിനോടാണു ബന്ധിപ്പിച്ചിരിക്കുന്നത്.  

വായുവിലൂടെയും ഭൂതലത്തിലൂടെയും സഞ്ചരിക്കുന്ന ശബ്ദകമ്പനങ്ങളെ പിടിച്ചെടുക്കാനുള്ള ശ്രവണ സംവിധാനം പാമ്പുകൾക്കുണ്ടെന്നാണു പുതിയ കണ്ടെത്തൽ. പാമ്പിന്റെ ശബ്ദലോകത്തേക്കുള്ള വാതിലുകൾ തുറക്കുമ്പോൾ പാമ്പുകടികെ‍ാണ്ടുണ്ടാകുന്ന മരണനിരക്കു കുറയ്ക്കാൻ കഴിയുമെന്നാണു ശാസ്ത്രത്തിന്റെ പ്രത്യാശ. 

തത്തയുടെ വിഡിയോ ചാറ്റ് 

മനുഷ്യനു തത്തയോടുള്ള ഭ്രമം പ്രസിദ്ധമാണ്. അമേരിക്കയിൽ രണ്ടു കോടി ജനങ്ങളുടെ പ്രിയപക്ഷിയാണു തത്ത.  

തത്തയ്ക്കു ബുദ്ധിയുണ്ടെന്നാണു പരക്കെ വിശ്വാസം. തത്തയുടെ ബുദ്ധിശക്തിയെക്കുറിച്ച് ഒട്ടേറെ പഠനങ്ങൾ നടന്നിട്ടുണ്ട്. മസ്തിഷ്കം ആൾക്കുരങ്ങുകളുടേതിനു (humanoid apes) സാമ്യമുള്ളതാണെന്നു ഗവേഷകർ പറയുന്നു. അലക്സ് എന്നു പേരുള്ള തത്തയുടെ രീതികൾ പഠിച്ച ഹാർവഡ് സർവകലാശാലയിലെ ഡോ. ഐറിൻ പെപ്പർബർഗ്, പ്രശ്നങ്ങൾ പരിഹരിക്കാനും ആഗ്രഹങ്ങൾ പ്രകടിപ്പിക്കാനുമുള്ള ശേഷി തത്തകൾക്കുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1976 മേയ് 18നു ബ്രിട്ടനിൽ ജനിച്ച് 31ാം വയസ്സിൽ അമേരിക്കയിലെ മാസച്യുസിറ്റ്സിൽ മരിച്ച അലക്സ് എന്ന ആൺതത്ത 50 വ്യത്യസ്ത വസ്തുക്കളും 7 നിറങ്ങളും 5 ആകൃതികളും പൂജ്യം മുതൽ ആറു വരെയുള്ള സംഖ്യകളും വേർതിരിച്ചറിയാനുള്ള ബുദ്ധിവൈഭവം പ്രകടിപ്പിച്ചിരുന്നു.   

ആൾക്കുരങ്ങുകളിൽ ബുദ്ധിയുടെ മൂലക്കല്ലായി കണക്കാക്കുന്നതു മസ്തിഷ്കത്തിലെ പോൺടൈൽ ന്യൂക്ലിയൈ എന്ന ഭാഗമാണ്. പക്ഷികളിൽ ഇതു നന്നേ ചെറുതാണ്. എന്നാൽ, അവയുടെ മസ്തിഷ്കത്തിന്റെ  മറ്റെ‍ാരു ഭാഗം വികസിച്ചതാണ്. ഇതാണ് മീഡിയൽ സ്പൈറിഫോം ന്യൂക്ലിയൈ. തത്തയുടെ ബുദ്ധിക്കും ഇതാണു കാരണമെന്നു കരുതുന്നു.   

തത്ത ഒരു സമൂഹപക്ഷിയാണ്. മറ്റു തത്തകളോടു കുശലം പറയാൻ വലിയ ഇഷ്ടമാണ്. അവയ്ക്കു സാങ്കേതികവിദ്യയുടെ സഹായത്തോടെ കുശലാന്വേഷണം നടത്താനാകുമോ എന്ന പരീക്ഷണം ഈയിടെ പലയിടത്തായി നടന്നു. 

അമേരിക്കയിലെ  നോർത്ത് വെസ്റ്റേൺ സർവകലാശാലയിലെ ഡോ. റബേക്ക ക്ലൈൻബെർഗറായിരുന്നു മുഖ്യഗവേഷക. പതിനെട്ടു തത്തകളും അവരുടെ ഉടമകളും മൂന്നു മാസം നീണ്ട പരീക്ഷണങ്ങളിൽ പങ്കെടുത്തു. 

ഉടമകൾ ആദ്യം തത്തകൾക്കു ക്ലാസ് നൽകി; വിഡിയോ കോൾ വിളിക്കാൻ തോന്നുമ്പോൾ അതു പ്രകടിപ്പിക്കാൻ മണിയടിക്കുന്ന രീതി തത്തകളെ പഠിപ്പിച്ചു. തത്ത മണിയടിക്കുമ്പോൾ ഉടമ സ്മാർട് ഫോണോ ടാബ്‍ലറ്റോ കാട്ടും. വർത്തമാനം പറയാനാഗ്രഹിക്കുന്ന മറ്റു തത്തകളെയും കാണിച്ചുകെ‍ാടുക്കും. കൂട്ടാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകിയിരുന്നു. 

തത്തകൾ ഗവേഷകരെ അദ്ഭുതപ്പെടുത്തി എന്നുതന്നെ പറയണം. അവർ പെട്ടെന്നു ചങ്ങാത്തം കൂടി പരസ്പരം നിർത്താതെ സംസാരമായി. കൂട്ടാളിയെ സ്ക്രീനിൽനിന്നു കാണാതായപ്പോൾ വെപ്രാളത്തോടെ സ്ക്രീനിനു പിന്നിലേക്ക് എത്തിനോക്കിയ തത്തകളുമുണ്ട്. സ്ക്രീനിലെ പങ്കാളിയെ അനുകരിച്ചു ശരീരം വൃത്തിയാക്കാനും ചമയങ്ങൾ അണിയാനും, ഇഷ്ടപ്പെട്ട വിശിഷ്ടവസ്തുക്കൾ പങ്കാളിക്കു കാട്ടിക്കൊടുക്കാനും ധൃതി കൂട്ടുന്നുണ്ടായിരുന്നു. 

കൂട്ടിലിട്ട തത്തയുടെ ഏകാന്തതയ്ക്കു സ്മാർട് ഫോൺ പരിഹാരമാണെന്നു പറയുകയാണ് അമേരിക്കയിലെ ഗവേഷകർ...!

English Summary : Scientwist column about snake and parrot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com