ADVERTISEMENT

കണ്ണിൽ ഇരുട്ടു കയറുന്നതിനു മുൻപ് പി.കൃഷ്ണപിള്ള അവസാനമായി എഴുതിയ ആ രണ്ടു വാക്കുകൾ തലമുറകൾക്കുള്ള ആഹ്വാനമായിരുന്നു. എഴുതിക്കഴിഞ്ഞപ്പോഴേക്കും വിപ്ലവചിന്തകളുടെ ചോര കുതിച്ച സിരകളിൽ വിഷം പടർന്നു. എന്നിട്ടും ഉള്ളിലെ തീയിൽ മഷി തീണ്ടി: ‘സഖാക്കളേ മുന്നോട്ട്.’ ഇന്നേക്ക് 75 വർഷം മുൻപ്.

42 വർഷം മാത്രം നീണ്ട ജീവിതം ഒളിവും ജയിലും നിറഞ്ഞതായിരുന്നു. പേരും രൂപവും മാറ്റി സഞ്ചരിച്ചു പാർട്ടി പടുത്തു. പുന്നപ്ര – വയലാർ ഉൾപ്പെടെ പ്രക്ഷോഭങ്ങളിൽ അദൃശ്യ നേതൃത്വമായി. കണ്ടിട്ടില്ലാത്ത ആ നേതാവിനെയാവും പാർട്ടി പ്രവർത്തകർ ഏറ്റവും ഊർജത്തോടെ സഖാവെന്നു വിളിച്ചിട്ടുണ്ടാവുക.‌

പുന്നപ്ര – വയലാർ സംഭവത്തിനുശേഷം, 1948 ഓഗസ്റ്റ് 19നു രാത്രി ആലപ്പുഴ കണ്ണർകാട്ട് പാർട്ടി ഒരുക്കിയ ഒളിയിടമായ ചെല്ലിക്കണ്ടത്തിൽ വീട്ടിൽ, പിറ്റേന്നു നടക്കാനിരിക്കുന്ന സംസ്ഥാന കമ്മിറ്റി രഹസ്യയോഗത്തിനു റിപ്പോർട്ട് എഴുതുമ്പോഴാണ് അദ്ദേഹത്തെ പാമ്പു കടിച്ചത്. 

യാത്രകൾ അവസാനിക്കുകയാണെന്നു തോന്നിയ നിമിഷത്തിൽ കൃഷ്ണപിള്ള എഴുതി: എന്നെ പാമ്പു കടിച്ചു. കണ്ണു മങ്ങുന്നു. എന്തു സംഭവിക്കുമെന്നു നല്ല നിശ്ചയമുണ്ട്. സഖാക്കളേ മുന്നോട്ട്...

കട്ടിലിൽ ചുമന്ന് ഓടിയിട്ടും...

സഖാവിന്റെ അവസാന നിമിഷങ്ങൾക്കു സാക്ഷിയായ എസ്.എൽ.പുരം സദാനന്ദൻ ഇങ്ങനെ എഴുതി: 

ഞാൻ എത്തുമ്പോൾ സി.കെ.മാധവന്റെ മടിയിൽ തല വച്ചു കിടക്കുകയാണ് സഖാവ്. കണ്ണടച്ച് അനക്കമില്ലാതെ. മുറിയിൽ വെള്ളശേരിൽ കേശവൻ വൈദ്യനുണ്ട്. അദ്ദേഹം കുറെ ശ്രമിച്ചു ഫലം കാണാതെ മടങ്ങി.

സഖാവിനെ മരണത്തിനു കൊടുക്കാൻ ഞങ്ങൾക്കു കഴിയില്ല. കട്ടിലിൽ ചുമന്നു ഞങ്ങൾ പുറപ്പെട്ടു. അർത്തുങ്കലിലെ എന്റെ ചെറിയച്ഛനെ പാമ്പു കടിച്ചെന്നാണു വഴിയിലെല്ലാം പറഞ്ഞത്. പല വൈദ്യൻമാരെയും കാണിച്ചു, ഫലമില്ല. അവസാനം എത്തിയതു പന്നിശേരി വൈദ്യന്റെ വീട്ടിൽ. അദ്ദേഹമാണ് അതു സ്ഥിരീകരിച്ചത്. വൈദ്യൻ സഖാവിന്റെ നെറ്റിയിൽ നെന്മണി കൊണ്ടു കീറി നോക്കി. ഒരു തുള്ളി ചോര പൊടിയുന്നില്ല. ഇനി നോക്കേണ്ട എന്നു പറഞ്ഞ് ആരെയോ ശപിച്ചു വൈദ്യൻ നെന്മണി വലിച്ചെറിഞ്ഞു.

പച്ചകുത്ത് കണ്ട് പുറത്തറിഞ്ഞു

വിഷം തീണ്ടിയതു പി.കൃഷ്ണപിള്ളയെ ആണെന്നു തിരിച്ചറിഞ്ഞ നിമിഷം ചെല്ലിക്കണ്ടത്തിൽ നാണപ്പന്റെ അനുജൻ സി.കെ.രാഘവനും പങ്കുവച്ചിട്ടുണ്ട്. അദ്ദേഹം ഇന്നു ജീവിച്ചിരിപ്പില്ല. ആ ഓർമ ഇങ്ങനെ:

monument
ആലപ്പുഴ കഞ്ഞിക്കുഴി കണ്ണർകാട്ടെ പി.കൃഷ്ണപിള്ള സ്മാരകം. കൃഷ്ണപിള്ള ഒളിവിൽ കഴിയുമ്പോൾ പാമ്പുകടിയേറ്റു മരിച്ച ചെല്ലിക്കണ്ടത്തിൽ വീടുൾപ്പെടെ 25 സെന്റ് സ്ഥലം പിന്നീട് പാർട്ടി വാങ്ങി, വീട് അതേപടി സംരക്ഷിക്കുകയും സമീപത്ത് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുകയുമായിരുന്നു. ചിത്രം : മനോരമ

രണ്ടു വർഷത്തിനിടെ 15 തവണയെങ്കിലും സഖാവ് ഈ വീട്ടിൽ ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. രണ്ടോ മൂന്നോ ദിവസം വീതം. പക്ഷേ, അവസാനത്തെ വരവിൽ ഒരാഴ്ചയിലേറെ നീണ്ടു. വിഷമേറ്റ സഖാവിനെ വൈദ്യൻ‍മാരുടെ വീടുകളിൽ എത്തിച്ചപ്പോൾ ആരും തിരിച്ചറിഞ്ഞിരുന്നില്ല. ആലപ്പുഴയിലുള്ള വി.എ.രാജയുടെ വീട്ടിലെത്തിച്ചപ്പോൾ കയ്യിൽ പി.കൃഷ്ണപിള്ള എന്നു പച്ചകുത്തിയതു കണ്ടു രാജയുടെ സഹോദരി അലമുറയിട്ടു. ഒളിച്ചു കഴിഞ്ഞാലും തിരിച്ചറിയാൻ തടവുകാലത്തു പൊലീസുകാർ ബലമായി പച്ചകുത്തിയതാണ്. അവിടെ വച്ചാണ് മരിച്ചതു കൃഷ്ണപിള്ളയാണെന്നു പുറത്തറിഞ്ഞത്.

ചിത കെട്ടിട്ടും മാറാതെ പൊലീസ്

സഖാവിന്റെ അന്ത്യയാത്ര മുൻ എംഎൽഎ പരേതനായ എസ്.ദാമോദരൻ വിവരിച്ചത്:

മരണമറിഞ്ഞു പിറ്റേന്നു രാവിലെ മുതൽ അനേകായിരങ്ങൾ യൂണിയൻ ഓഫിസിലേക്കെത്തി. ആൾക്കൂട്ടം കണ്ടു പൊലീസ് നിസ്സഹായരായി. ചെങ്കൊടി താഴ്‌ത്തിക്കെട്ടി ആയിരക്കണക്കിനു തൊഴിലാളികൾ മൃതദേഹത്തെ അനുഗമിച്ച് വലിയ ചുടുകാട്ടിലേക്കു മൗനജാഥ നടത്തി. ഞാനാണു ചിതയ്‌ക്കു തീ കൊളുത്തിയത്. ചിത കെട്ടിട്ടും പൊലീസ് കാവൽ നിന്നു.

വാതിൽ പാതി തുറന്ന് നീട്ടിയ പുസ്തകം

പി.കൃഷ്ണപിള്ളയെ നേരിൽ കണ്ട് ഒരു ദൗത്യം നിർവഹിച്ച ഓർമ വിപ്ലവ ഗായിക പി.കെ.മേദിനി ഇങ്ങനെ പങ്കുവയ്ക്കുന്നു:

‘‘അന്നെനിക്കു 12 വയസ്സുണ്ടാവും. ഞങ്ങൾ ആലപ്പുഴ ആറാട്ടുവഴിയിൽ അച്ഛൻ പാട്ടത്തിനെടുത്ത വീട്ടിലാണു താമസിക്കുന്നത്. ഒരു ദിവസം എന്റെ ജ്യേഷ്ഠൻ കെ.ബാവ പറഞ്ഞു: 4 മണിക്കു പടിഞ്ഞാറെ റോഡിൽ ചെന്നു നിൽക്കണം. ഒരാൾ വിളിച്ച് ഒരു പൊതി തരും. അതു വാങ്ങിക്കൊണ്ടുവരണം.

റോഡിൽ നിൽക്കുമ്പോൾ അടുത്തുള്ള പുത്തൻപുരയ്ക്കൽ വീടിന്റെ വാതിൽ പാതി തുറന്ന് ഒരാൾ വിളിച്ചു. ചെന്നപ്പോൾ ഒരു പുസ്തകക്കെട്ട് നീട്ടി. അതിൽനിന്ന് ഒന്നെടുത്ത് ‘ഒരെണ്ണം നിനക്കിരിക്കട്ടെ’   എന്നു പറഞ്ഞു തന്നു. ഇഎംഎസിന്റെ ‘ഒന്നേകാൽ കോടി മലയാളികൾ’ എന്ന നിരോധിച്ച പുസ്തകമായിരുന്നു അത്. തന്നയാളുടെ മുഖത്തിന്റെ പകുതിയേ കണ്ടുള്ളൂ.

പുസ്തകം തന്ന കൂട്ടത്തിൽ അദ്ദേഹം ചോദിച്ചു: വീട്ടിൽ വല്ലതുമുണ്ടോ? സഖാക്കളുടെ ഒളിയിടത്തിലേക്കു ഭക്ഷണവുമായി പോകാമോ എന്നൊന്നും എനിക്കറിയില്ല. കാപ്പിയും പയറും കൊടുത്തു. പയറിനു നല്ല എരിവാണല്ലോ എന്ന് അദ്ദേഹം പറഞ്ഞു. വെളിച്ചെണ്ണ ഇല്ലായിരുന്നെന്നു ഞാൻ പറഞ്ഞു. 

അതു സഖാക്കൾ ഒളിവിലിരിക്കുന്ന വീടാണെന്നു പിന്നീട് അറിഞ്ഞു. പക്ഷേ, പുസ്തകം തന്നതു സഖാവ് പി.കൃഷ്ണപിള്ളയാണെന്ന് അറിയില്ലായിരുന്നു. സഖാവ് മരിച്ചെന്നറിഞ്ഞു ഞാനും നിർബന്ധംപിടിച്ചു കാണാൻ പോയി. കതകിൻ മറവിൽ കണ്ട മുഖം അപ്പോൾ ഞാൻ തിരിച്ചറിഞ്ഞു.’’

കയർ തൊഴിലാളി – കമ്യൂണിസ്റ്റ് നേതാവ്

1906ൽ വൈക്കം പാറൂർ നാരായണൻ നായരുടെയും പാർവതിയുടെയും മകനായി ജനനം. കൗമാരത്തിൽ ആലപ്പുഴയിൽ കയർ തൊഴിലാളിയായി. 1927ൽ അലഹാബാദിൽനിന്നു ഹിന്ദി സാഹിത്യ വിശാരദ് ബിരുദമെടുത്ത് തൃപ്പൂണിത്തുറയിൽ ഹിന്ദി പ്രചാരകനായി. 1930ൽ ജോലിവിട്ടു രാഷ്ട്രീയത്തിൽ.

1930ൽ ഉപ്പു സത്യഗ്രഹ മാർച്ചിൽ പങ്കെടുത്തു ജയിലിൽ പോയി. അവിടെ വച്ചാണ് ഇടതുപക്ഷ ആശയങ്ങൾ പരിചയപ്പെട്ടത്. 

1931ൽ ജയിൽ മോചിതനായി, ഗുരുവായൂർ സത്യഗ്രഹത്തിൽ പങ്കെടുത്തു. വീണ്ടും ജയിലിലേക്ക്. 1932ൽ മോചിതനായി തൊഴിലാളിരംഗത്തു പ്രവർത്തനം തുടങ്ങി. 1935ൽ അഖില കേരള ട്രേഡ് യൂണിയൻ തുടങ്ങിയപ്പോൾ സെക്രട്ടറിയായി.

1934ൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ മുംബൈ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം സമാന ചിന്താഗതിക്കാരുമായി ചേർന്നു കോൺഗ്രസ് സോഷ്യലിസ്‌റ്റ് പാർട്ടിയുണ്ടാക്കി. ആദ്യ സമ്മേളനത്തിൽ ജനറൽ സെക്രട്ടറിയായി.

1937ൽ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്‌റ്റ് ഗ്രൂപ്പ് രൂപം കൊണ്ടപ്പോൾ കൃഷ്‌ണപിള്ള സെക്രട്ടറിയായി. 1939ൽ പിണറായിയിൽ കേരള കമ്യൂണിസ്‌റ്റ് പാർട്ടി രൂപം കൊണ്ടപ്പോൾ സെക്രട്ടറിയായി. തുടർന്ന് ഒളിവിൽ പോയി. 1940ൽ ജയിലിലായി. 1942ൽ മോചിതനായ ശേഷം തങ്കമ്മയെ വിവാഹം കഴിച്ചു. 1943ൽ കോഴിക്കോട്ടു നടന്ന പ്രഥമ കമ്യൂണിസ്‌റ്റ് പാർട്ടി സമ്മേളനത്തിൽ സെക്രട്ടറിയായി. ഒന്നാം പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റി അംഗമായി.

English Summary: memoir of p krishna pillai One of the founding leaders of the Communist Party of India in Kerala

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com