ADVERTISEMENT

പിൻവാതിൽ നിയമനങ്ങളും വളഞ്ഞവഴി നിയമനങ്ങളുമെല്ലാം തടയാൻ ഇവിടെ കൃത്യമായ സംവിധാനങ്ങളുണ്ടെങ്കിലും അവയെ നോക്കുകുത്തിയാക്കുന്നതാണു പലപ്പോഴും കണ്ടുപോരുന്നത്. ഇക്കാര്യങ്ങളിൽ ജാഗ്രത പുലർത്തേണ്ടവരുടെ നിരുത്തരവാദിത്തം ഇത്തരം ഇടപാടുകളെ സുഗമമാക്കുകയും ചെയ്യുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ അറിയിക്കാതെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഈ വർഷവും ആയിരക്കണക്കിനു താൽക്കാലിക അധ്യാപക നിയമനങ്ങൾക്കു കളമൊരുങ്ങുന്നത് ഈ സാഹചര്യത്തിൽവേണം കാണാൻ. 

സർക്കാർ വേതനം നൽകുന്ന താൽക്കാലിക – കരാർ നിയമനങ്ങളെല്ലാം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാകണമെന്നാണു ചട്ടം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പട്ടികയിൽനിന്ന് അർഹരെ ലഭിച്ചില്ലെങ്കിൽ മാത്രമാണ് പത്രപ്പരസ്യം നൽകി പൊതു അപേക്ഷകരിൽനിന്നു നിയമനം നടത്താനാവുക. എന്നാൽ, ചട്ടം പാലിക്കാതെ കഴിഞ്ഞവർഷം ഏകദേശം 11,000 താൽക്കാലിക അധ്യാപക നിയമനങ്ങളാണ് സ്കൂളുകളിൽ നടന്നത്. ഇതിൽ രാഷ്ട്രീയതാൽപര്യമുണ്ടെന്നു പരാതി ഉയർന്നിട്ടും നടപടിയെ‍ാന്നും ഉണ്ടായില്ല. 

ഈ വർഷവും തനിയാവർത്തനത്തിനാണ് അരങ്ങെ‍ാരുങ്ങുന്നത്. സ്കൂൾ തുറക്കാൻ രണ്ടാഴ്ചയിലേറെ മാത്രം ശേഷിക്കെ, ചട്ടപ്രകാരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താൽക്കാലിക നിയമനത്തിനു പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശമൊന്നും നൽകിയിട്ടില്ല. സ്കൂൾ പിടിഎകൾ നിയമന നടപടികൾ ആരംഭിക്കാൻ ഇനി അധികം ദിവസമില്ലതാനും.

താൽക്കാലിക അധ്യാപകരെ നിയമിക്കാൻ സ്കൂളുകൾക്കും പിടിഎക്കും കൂടി അനുമതി നൽകിയതു വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാനാണെന്നാണു മന്ത്രി വി.ശിവൻകുട്ടിയുടെ വിശദീകരണം. പുതിയ തസ്തിക സൃഷ്ടിച്ചു നിയമനം നടത്താൻ സ്വാഭാവിക കാലതാമസമുള്ളതുകെ‍ാണ്ട് അടിയന്തര സാഹചര്യങ്ങളിൽ താൽക്കാലിക നിയമനങ്ങൾ നടത്തേണ്ടിവരുമെന്നും പറയുന്നു. സ്‌കൂളുകളിൽ താൽക്കാലിക അധ്യാപകരുടെ നിയമനം എക്സ്ചേഞ്ച് വഴിയാകണമെന്നു മന്ത്രി തന്നെയാണ് കഴിഞ്ഞ ജൂലൈയിൽ കർശനമായി നിർദേശിച്ചതെന്ന കാര്യംകൂടി ഇവിടെ ഓർമിക്കാം. ആയിരക്കണക്കിനു താൽക്കാലിക അധ്യാപകരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ അറിയിക്കാതെ സ്കൂൾ പിടിഎകൾ നിയമിച്ചതു മലയാള മനോരമ റിപ്പോർട്ട് ചെയ്തതിനോടായിരുന്നു മന്ത്രിയുടെ അന്നത്തെ പ്രതികരണം. താൽക്കാലിക നിയമനം സംബന്ധിച്ച് ഒരു പരാതിയും  ലഭിച്ചിട്ടില്ലെന്നും ലഭിച്ചാൽ കർശനനടപടി സ്വീകരിക്കുമെന്നുകൂടി അന്നു മന്ത്രി വ്യക്തമാക്കിയിരുന്നു. 

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലടക്കം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കുകുത്തിയാക്കി നടക്കുന്ന താൽക്കാലിക നിയമനങ്ങൾ കേന്ദ്ര നിയമത്തിനും വിരുദ്ധമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കംപൽസറി നോട്ടിഫിക്കേഷൻ ഓഫ് വേക്കൻസീസ് നിയമപ്രകാരം സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കമ്പനികൾ, കോർപറേഷനുകൾ തുടങ്ങിയവയിലെ പിഎസ്‌സി പരിധിക്കു പുറത്തുള്ള എല്ലാ ഒഴിവുകളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നിർബന്ധമായും അറിയിച്ചിരിക്കണം. 

ഓരോ വർഷവും ഏറ്റവും കൂടുതൽ താൽക്കാലിക നിയമനം നടക്കുന്നതു പൊതുവിദ്യാഭ്യാസ വകുപ്പിലാണ്. ഇവ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ട് അധ്യയനവർഷവും എംപ്ലോയ്മെന്റ് ഡയറക്ടർ വളരെ മുൻകൂട്ടിത്തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു കത്തയച്ചിട്ടും നടപടിയുണ്ടാവാത്തതിനെക്കുറിച്ചും ചോദ്യങ്ങളുയരുന്നു. എക്സ്ചേഞ്ച് നിയമനമാണെങ്കിൽ പാലിക്കപ്പെടുമായിരുന്ന സംവരണക്രമം സ്കൂളുകൾ നേരിട്ടു നടത്തുന്ന സാഹചര്യത്തിൽ അട്ടിമറിക്കപ്പെടുന്നെന്ന വസ്തുതയുമുണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ ഉൾപ്പെടുന്ന തൊഴിൽ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും ഒരേ മന്ത്രിക്കു കീഴിലായിട്ടും ഇതാണു സ്ഥിതി. 

എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമന അംഗീകാരവുമായി ബന്ധപ്പെട്ട ഫയലുകൾ എഇഒ, ഡിഇഒ, ഡിഡി ഓഫിസുകളിൽ തീർപ്പാകാതെ കെട്ടിക്കിടക്കുന്നതിനെ കഴിഞ്ഞയാഴ്ച മന്ത്രി വി.ശിവൻകുട്ടി രൂക്ഷമായി വിമർശിച്ചതുകൂടി ഇതോടു ചേർത്തുവയ്ക്കാം.  8271 ഫയലുകളാണ് ഇത്തരത്തിൽ കെട്ടിക്കിടക്കുന്നതെന്നും ഇതിനു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മറുപടി പറയേണ്ടിവരുമെന്നും മന്ത്രി പറയുകയുണ്ടായി.

കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് ചട്ടം ബാധകമായിട്ടുള്ള സ്ഥാപനങ്ങളിലെ താൽക്കാലിക നിയമനങ്ങളെല്ലാം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണു നടത്തേണ്ടത്. ഇതു കർശനമായി നടപ്പാക്കണമെന്നു നിർദേശിച്ചു പലതവണ സർക്കാർ ഉത്തരവുകളും സർക്കുലറുകളും ഇറങ്ങിയിട്ടുണ്ടെങ്കിലും അതു മാനിക്കാതെ വളഞ്ഞവഴികൾ സ്വീകരിക്കുന്നതിനു തടയിടുകതന്നെ വേണം. അല്ലെങ്കിൽ, സർക്കാരിനെ വിശ്വസിച്ച് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ റജിസ്റ്റർ ചെയ്ത്, തൊഴിലവസരങ്ങൾക്കായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരോടുള്ള ചതി കൂടിയാവുമത്.

English Summary:

Editorial about temporary teacher recruitment without the informing employment exchange

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com