ADVERTISEMENT

ഉയർന്ന സാക്ഷരതയുടെ പേരിൽ പെരുമ കൊള്ളുമ്പോഴും തട്ടിപ്പുകാരെ തിരിച്ചറിയാനും അവരുടെ വലയിൽ കുടുങ്ങാതിരിക്കാനുമുള്ള ശ്രദ്ധ നമ്മളിൽ പലർക്കും ഇല്ലാതെപോകുന്നത് എന്തുകൊണ്ടാണ്? ഈ പതിവുചോദ്യംതന്നെ ഇപ്പോഴും ചോദിക്കാം. കാരണം, ഓൺലൈൻ തട്ടിപ്പുകളുടെ വിളയാട്ടമാണിപ്പോൾ കേരളത്തിൽ. ഓരോ വർഷവും ശതകോടികൾ ഇവിടെനിന്നു തട്ടിപ്പുകാർ വാരിയെടുക്കുന്നു.

കേരളത്തിൽ കഴിഞ്ഞ നാലു മാസത്തിനിടെമാത്രം ഓൺലൈൻ തട്ടിപ്പുകളിലൂടെ നഷ്ടമായത് 180 കോടി രൂപയാണെന്നാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്. സിബിഐയുടെയും കസ്റ്റംസിന്റെയും പേരിൽ ഫോൺ ചെയ്തും നമ്മുടെ പ്രിയപ്പെട്ടവരുടെ നിലവിളികൾ എഐ സഹായത്താൽ വ്യാജമായി തയാറാക്കി സഹായം അഭ്യർഥിച്ചും കടയിൽ ക്യുആർ കോഡ് സ്ഥാപിക്കാനെന്നു പറഞ്ഞെത്തിയും ഓഹരിനിക്ഷേപത്തിലൂടെ വൻലാഭമുണ്ടാക്കാമെന്നു പ്രലോഭിപ്പിച്ചുമെ‍ാക്കെ തട്ടിപ്പിന് എത്രയോ വഴികൾ ഇതിനകം തുറന്നുകഴിഞ്ഞു.

ചെറിയ കാലയളവിൽ, നിക്ഷേപിച്ചതിന്റെ ഇരട്ടി പണം കിട്ടുമെന്നെ‍ാക്കെ കേൾക്കുമ്പോൾത്തന്നെ അതു തട്ടിപ്പാണെന്നു മനസ്സിലാക്കാൻ വലിയ സാമ്പത്തിക പരിജ്ഞാനമൊന്നും വേണ്ടെന്നതാണു സത്യം. എന്നിട്ടും, എത്രയോ കാലമായി വിവിധതരം തട്ടിപ്പുകാരുടെ കയ്യിൽപെട്ടു കീശകീറി കടന്നുപോകുകയാണു കേരളം. നാഗമാണിക്യത്തിനും സ്വർണച്ചേനയ്ക്കുമൊക്കെവേണ്ടി തട്ടിപ്പുകാരുടെ കയ്യിൽ പണം വച്ചുകൊടുക്കുന്നതടക്കം കേരളം വർഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന കഥകളെത്രയോ. ഇതിനെ‍ാക്കെശേഷമുള്ള പുതുകാല തട്ടിപ്പാണ് ഓൺലൈൻവഴി മലയാളികളുടെ പണം ഊറ്റിയെടുക്കുന്നത്.

സമീപകാലത്തു കേരളത്തിൽ ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയാകുന്നവരിൽ ഡോക്ടർമാരും െഎടി വിദഗ്ധരും അടക്കമുള്ള പ്രഫഷനലുകളുമുണ്ട്. പെ‍ാലീസും ഡോക്ടർമാരുടെ സംഘടനയും ബാങ്കുകളും മറ്റും വ്യാപകമായി ബോധവൽക്കരണം നടത്തിയിട്ടും ഇതാണു സ്ഥിതി. അതായത്, തട്ടിപ്പുകാർ തങ്ങളുടെ ‘മേഖല’യിൽ നല്ല വൈദഗ്ധ്യം ഉള്ളവരാണ്! ഓൺലൈൻ തട്ടിപ്പിൽ തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ ഡോക്ടർക്ക് 3.42 കോടി രൂപയാണു നഷ്ടമായത്. ഓഹരിക്കച്ചവടത്തിലൂടെ കോടികൾ ലാഭം കൊയ്യാമെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സമാനതട്ടിപ്പിൽ തിരുവനന്തപുരത്തുമാത്രം പലർക്കും വൻതുകകൾ നഷ്ടമായിട്ടുണ്ട്. 

ഓൺലൈൻ തട്ടിപ്പുകളുണ്ടാക്കുന്ന നഷ്ടക്കണക്ക് ഞെട്ടലോടെയേ കേൾക്കാനാവൂ. 2021 ഏപ്രിൽ ഒന്നു മുതൽ 2023 ഒക്ടോബർ 31 വരെ രാജ്യമാകെ സൈബർ തട്ടിപ്പുകാർ കൊയ്ത തുക 8,586.71 കോടി രൂപയാണ്. പാർലമെന്റിൽ അഞ്ചു മാസം മുൻപ് ഐടി സ്ഥിരസമിതി വച്ച റിപ്പോർട്ടിലെ ഈ കണക്കനുസരിച്ചാണെങ്കിൽ സൈബർ തട്ടിപ്പിലൂടെ ഇന്ത്യയാകെ പ്രതിദിനം നഷ്ടപ്പെടുന്നത് ഏകദേശം 9 കോടിയിലേറെ രൂപയാണ്. 

കേരളത്തിൽ പലർക്കും പണം പോവുന്നതു വീട്ടിലിരുന്നു പണമുണ്ടാക്കാമെന്ന പരസ്യങ്ങളിൽ ക്ലിക്ക് ചെയ്ത് പിന്നീട് ടെലിഗ്രാം ആപ്പിലൂടെ നടത്തുന്ന ഓൺലൈൻ ട്രേഡിങ്ങിലാണ്. കൂടുതലും തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ. ഓൺലൈൻ തട്ടിപ്പിൽ 1.08 കോടി രൂപ നഷ്ടപ്പെട്ട പരാതിയിലെ അന്വേഷണത്തിന്റെ ഭാഗമായി, തട്ടിപ്പുകാർക്കു സിം കാർഡ് എത്തിച്ചുകൊടുക്കുന്ന ഡൽഹി സ്വദേശിയെ കർണാടകയിൽനിന്നു മലപ്പുറം സൈബർ പെ‍ാലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ഇയാളിൽനിന്നു വിവിധ കമ്പനികളുടെ നാലായിരത്തിലധികം സിം കാർഡുകളും നൂറ്റിയെൺപതിലധികം മൊബൈൽ ഫോണുകളുമാണു പിടിച്ചെടുത്തത്. സൈബർ തട്ടിപ്പുസംഘങ്ങൾക്കായി വൻതോതിൽ സിം കാർഡുകൾ സംഘടിപ്പിച്ചു കൈമാറുന്ന സംഘങ്ങൾ കേരളത്തിലും പ്രവർത്തിക്കുന്നുണ്ട്. 13 മലയാളികൾ ചേർന്നു കംബോഡിയയിൽ നടത്തുന്ന തട്ടിപ്പുസംഘത്തിനു കേരളത്തിൽനിന്ന് ഒട്ടേറെ മൊബൈൽ നമ്പറുകൾ നൽകിയെന്നു കണ്ടെത്തിയിരുന്നു.

ഓൺലൈൻ തട്ടിപ്പുകാരിൽനിന്നു സ്വയം രക്ഷിക്കാൻ നമ്മുടെ സാക്ഷരതയ്‌ക്കും സാമാന്യബോധത്തിനും തീർച്ചയായും സാധിക്കും. സർക്കാരും സമൂഹവും അതീവജാഗ്രത പുലർത്തേണ്ടതിനോടെ‍ാപ്പം തട്ടിപ്പുകളുടെ വേരറുക്കാൻ പെ‍ാലീസും സൂക്ഷ്മശ്രദ്ധ കാണിക്കണം. ഇതു സംബന്ധിച്ച നിയമങ്ങൾ കർശനമാക്കുകയും അന്വേഷണം കാര്യക്ഷമമാക്കുകയും വേണം. സൈബർ തട്ടിപ്പുകളെക്കുറിച്ചു സമൂഹത്തെ തുടർച്ചയായി ബോധവൽക്കരിക്കണമെന്നും ഈ കാലം ആവശ്യപ്പെടുന്നു.

English Summary:

Editorial about online fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com