ADVERTISEMENT

കാലം കാത്തുവച്ച ദർശനമാണു ഗാന്ധിജി; നമുക്കൊപ്പമെന്നുമുള്ള മഹനീയത. അതുകൊണ്ടാണ്, ഇവിടെ ഇങ്ങനെയൊരു മനുഷ്യൻ ജീവിച്ചിരുന്നുവെന്നു വരുംതലമുറ അദ്ഭുതപ്പെടുമെന്ന് ആൽബർട്ട് ഐൻസ്റ്റൈൻ പറഞ്ഞുവച്ചത്. ‘ഗാന്ധി’ സിനിമ 1982ൽ ഇറങ്ങുന്നതുവരെ ലോകത്തിനു മഹാത്മാഗാന്ധിയെ അറിയില്ലായിരുന്നെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിന് 85 വർഷം മുൻപായിരുന്നു ആ പ്രവചനം. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ സത്തയെയും ദർശനത്തെയും നമുക്കുണ്ടാകേണ്ട ബഹുസ്വരതയെയും സഹിഷ്ണുതയെയും സഹജാവബോധത്തെയുമെ‍ാക്കെ നിർവചിച്ച രാഷ്ട്രപിതാവിനെ ചെറുതാക്കുന്നവരല്ലേ യഥാർഥത്തിൽ ചെറുതാകുന്നത്?

ഗാന്ധിജി ഒരു വ്യക്തിയല്ല, കടലാഴമുള്ള കരുണയും കാലാതീതമായ ഓർമപ്പെടുത്തലുമാണ്. അങ്ങനെയെ‌ാരാളെക്കുറിച്ചാണ്, ‘ഗാന്ധി’ സിനിമ പുറത്തുവന്നപ്പോൾ ഇതാരാണെന്നു ലോകത്തിനു കൗതുകം തോന്നിയെന്നു പ്രധാനമന്ത്രി പറഞ്ഞത്. ‘മാർട്ടിൻ ലൂഥർ കിങ്ങിനെയും നെൽസൻ മണ്ടേലയെയും ലോകത്തിന് അറിയാമായിരുന്നെങ്കിൽ, അതിലൊട്ടും കുറഞ്ഞ ആളായിരുന്നില്ല ഗാന്ധിയെന്ന കാര്യം സമ്മതിച്ചേ പറ്റൂ’ എന്നു കേൾക്കുമ്പോൾ ഇന്ത്യ ഇങ്ങനെ ചോദിക്കുന്നുണ്ട്: മാർട്ടിൻ ലൂഥർ കിങ്ങും നെൽസൻ മണ്ടേലയും മഹാത്മജിയുടെ കടുത്ത ആരാധകരായിരുന്നുവെന്ന് മോദി അറിയാതെപോയതെന്തേ?

അതെ, ഭാരതം മാത്രമല്ല, ലോകവും കണ്ടിട്ടില്ല ഇതുപോലെ വേറൊരു മനുഷ്യനെ. വിശ്വസാഹിത്യകാരൻ ലിയോ ടോൾസ്റ്റോയി ഗാന്ധിജിക്കു നിരന്തരം കത്തെഴുതിക്കെ‍ാണ്ടിരുന്നു. നൊബേൽ സമ്മാനിതനായ വിശ്രുത നാടകകൃത്ത് ജോർജ് ബർണാഡ് ഷാ മുതൽ ‘ബീറ്റിൽസ്’ സ്ഥാപകനായ സംഗീതജ്ഞൻ ജോൺ ലെനനും ആപ്പിൾ ഐഫോൺ അവതരിപ്പിച്ച സ്റ്റീവ് ജോബ്സും വരെ മഹാത്മജിയുടെ ആരാധകരായിരുന്നു എന്നറിഞ്ഞാൽ പുതുതലമുറ അദ്ഭുതപ്പെട്ടേക്കും. അർജന്റീനയിലെ ബ്യൂനസ് ഐറിസിലും ബ്രസീലിലെ റിയോ ഡി ജനീറോയിലുംവരെ പ്രതിമകളായും ചത്വരനാമമായും ഗാന്ധിസ്മൃതി നിറഞ്ഞുനിൽക്കുന്നു.

‘ഗാന്ധി’ സിനിമയ്ക്കുള്ള ഓസ്കർ പുരസ്കാരം സ്വീകരിച്ച് സംവിധായകൻ റിച്ചഡ് ആറ്റൻബറോ നടത്തിയ വികാരനിർഭരമായ ആ പ്രസംഗം നരേന്ദ്ര മോദി കേട്ടിരിക്കാൻ വഴിയില്ല: ‘ഞാനോ സിനിമയിൽ ഗാന്ധിജിയായി അഭിനയിച്ച ബെൻ കിങ്‌സ്‌ലിയോ അല്ല മഹാത്മാഗാന്ധിയാണു യഥാർഥത്തിൽ ബഹുമാനിതനായിരിക്കുന്നത്. ഗാന്ധിജിയെയും സമാധാനത്തിനായുള്ള അദ്ദേഹത്തിന്റെ ആഹ്വാനത്തെയും നിങ്ങൾ ബഹുമാനിച്ചിരിക്കുന്നു. ഗാന്ധിജി ജനലക്ഷങ്ങൾക്കു പ്രചോദനം നൽകി. ഇന്നും പ്രചോദനം നൽകിക്കൊണ്ടിരിക്കുന്നു’. ബെൻ കിങ്‌സ്‌ലി ഒരു അഭിമുഖത്തിൽ പറഞ്ഞതുകൂടി ഓർമിക്കാം: ‘ഗാന്ധിജിയെപ്പോലൊരു മഹാന്റെ വേഷം ചെയ്യാൻ കഴിഞ്ഞതു ഭാഗ്യവും അഭിമാനവുമായി ഞാൻ കരുതുന്നു’.

സ്വാതന്ത്യ്രസമരത്തിൽ ജനലക്ഷങ്ങളെ പങ്കെടുപ്പിക്കുകയും ഉപ്പുസത്യഗ്രഹം പോലുള്ള ആശയങ്ങളിലൂടെ സാധാരണക്കാരെപ്പോലും ആ പോരാട്ടത്തിൽ ഒന്നിപ്പിക്കുകയും ധർമത്തിന്റെ പാത കാട്ടിത്തരികയും ചെയ്ത ഗാന്ധിജി പുതിയ ലോകത്തിന്റെയും മാർഗതാരം തന്നെയെന്നതിന് ആ പൂർണജീവിതവും ഇന്നും സൗവർണദ്യുതിയോടെ നിലനിൽക്കുന്ന ഓർമയുംതന്നെ അടയാളം. ഭാരതത്തിൽ പിറന്നവർക്കും ഇനി പിറക്കാനുള്ളവർക്കുമൊക്കെ നിത്യദീപ്തമാകേണ്ട സ്മൃതിയെ ഇകഴ്ത്താനോ ചെറുതാക്കാനോ ആർക്കുമാകില്ലെന്നു തീർച്ച.

മറ്റെ‍ാരാൾക്കു മഹാത്മജിയാകുക എത്ര അസാധ്യം! ‘ഓരോ കാര്യത്തിലും മഹാത്മജിയെപ്പോലാകാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്. പക്ഷേ, ഓരോ തവണയും ഞാൻ തോൽക്കും. ഗാന്ധിയാകുക എന്നത് എളുപ്പമുള്ള കാര്യമല്ല’ എന്നെ‍ാരിക്കൽ‍ പറ‍ഞ്ഞത് ഇള ഗാന്ധിയാണ്; മഹാത്മാഗാന്ധിയുടെ പൗത്രി. മറ്റാർക്കും അസാധ്യമായ ആ മഹദ്‌ജീവിതം ശേഷിപ്പിച്ച പാഠങ്ങൾ പക്ഷേ, നമുക്കു പിൻപറ്റാവുന്നതുതന്നെയാണ്.

ലളിതവും കാലാതീതവുമാണു മഹാത്മാഗാന്ധിയുടെ ദർശനം. ആ ദർശനത്തിൽനിന്നാണ് ഈ രാജ്യം മുന്നോട്ടുള്ള വഴി കണ്ടെത്തിയത്. ഉച്ചനീചത്വങ്ങളില്ലാത്ത, മതവൈരമില്ലാത്ത, അയിത്തവും അനാചാരങ്ങളുമില്ലാത്ത, ഏവർക്കും തുല്യനീതിയും തുല്യപങ്കാളിത്തവുമുള്ള സമത്വസുന്ദരമായ ഇന്ത്യയാണ് ഗാന്ധിയൻ സ്വപ്നത്തിലുള്ളത്. പരിസരവും ജീവിതവും മനസ്സും മലിനമല്ലാത്തവരുടെ ഇന്ത്യ; രാഷ്ട്രീയവും അധികാരവും സർക്കാരും സാധാരണക്കാർക്കുവേണ്ടിയുള്ള ഇന്ത്യ.

രാജ്യത്തെ ഏകോപിപ്പിക്കുന്ന, അത്രമേൽ പവിത്രമായ ദേശീയ മന്ത്രമാണു ഗാന്ധിജി. വിവിധ മതങ്ങൾ തോളോടുതോൾ ചേർന്നു കഴിയുന്ന രാജ്യമാണു തന്റെ സ്വപ്നത്തിലെ ഇന്ത്യയെന്ന് അദ്ദേഹം ഇപ്പോഴും ഓർമിപ്പിച്ചുകെ‍ാണ്ടേയിരിക്കുന്നു. തലമുറകൾക്കു വായിക്കാൻ, എല്ലാക്കാലത്തേക്കുമായി മറ്റൊരു പാഠപുസ്തകവും ഈ രാജ്യത്തിനു മുന്നിലില്ലല്ലോ. അതുകൊണ്ടുതന്നെ, എന്നും തെളിഞ്ഞുനിൽക്കേണ്ട നന്ദിസ്മരണകളിൽനിന്നു മഹാത്മാഗാന്ധിയെ കുടിയിറക്കാനും ചെറുതാക്കാനുമുള്ള ഏതു ശ്രമവും അപലപനീയമാകുന്നു.

English Summary:

Editorial about Narendra modi's words about Mahatma gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com