ADVERTISEMENT

അത്രമേൽ ആശയറ്റതാണ് ഈ വിലാപം; അത്രയും ആഴമുള്ളതും. നാടാകെ കരയുകയാണിപ്പോൾ. കുവൈത്തിലെ വൻ തീപിടിത്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരെയോർത്ത് പ്രിയപ്പെട്ടവരുടെ വിലാപം. ആ സങ്കടം നാമെല്ലാവരും വിങ്ങലോടെ, വിതുമ്പലോടെ ഏറ്റുവാങ്ങുന്നു. 

കുവൈത്തിൽ ജീവൻ പെ‍‍ാലിഞ്ഞവരത്രയും കടൽകടന്നത് മനസ്സിലെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനാണ്. ജീവനറ്റ് അവർ മടങ്ങുമ്പോഴിതാ ആ സ്വപ്നങ്ങളെ‍ാക്കെയും ബാക്കിയാവുന്നു. പ്രിയപ്പെട്ടവരുടെ നെഞ്ചിൽ സങ്കടക്കടൽ തിരയടിക്കുന്നു. എത്രയോ കുടുംബങ്ങളുടെ ഭാവിവഴിത്താര ശൂന്യമാകുന്നു.

kuwait-fire-malayali-victims-1
kuwait-fire-malayali-victims-2
kuwait-fire-malayali-victims-3
kuwait-fire-malayali-victims-4
kuwait-fire-malayali-victims-5
kuwait-fire-malayali-victims-1
kuwait-fire-malayali-victims-2
kuwait-fire-malayali-victims-3
kuwait-fire-malayali-victims-4
kuwait-fire-malayali-victims-5

സമീപകാലത്ത് ഗൾഫ് രാജ്യങ്ങളിലുണ്ടായ ഏറ്റവും വലിയ തീപിടിത്തമാണിത്; നമ്മുടെയെ‍ാക്കെയും ഹൃദയത്തിൽ മുറിവേൽപിച്ച ഏറ്റവും സങ്കടകരമായ സംഭവങ്ങളിലെ‍ാന്നും. കുവൈത്തിൽ തൊഴിലാളികളെ പാർപ്പിച്ചിരുന്ന ആറുനിലക്കെട്ടിടത്തിലുണ്ടായ തീപിടിത്തം കവർന്ന ജീവിതങ്ങൾ കുറച്ചെ‍ാന്നുമല്ല. മരിച്ചവരിൽ കൂടുതൽ പേരും ഇന്ത്യക്കാരാണ്. ഒട്ടേറെ മലയാളികളടക്കം നിസ്സഹായതയോടെ അഗ്നിക്കിരയായി. അവർ കൈത്താങ്ങായ എത്രയോ കുടുംബങ്ങൾ ജന്മനാട്ടിൽ നിരാലംബമായി. എത്രയോ പേരുടെ പ്രതീക്ഷകൾക്കു ചിറകറ്റു.

ഉറങ്ങുന്നവരിലേക്കു തീയായും പുകയായും ദുരന്തമെത്തുകയായിരുന്നു. എന്താണു സംഭവിക്കുന്നതെന്ന് അറിയുന്നതിനുമുൻപാണ് അവരിൽ മിക്കവരെയും മരണം കീഴടക്കിയത്. നാട്ടിലേക്കുള്ള അടുത്ത വരവിൽ കല്യാണം കഴിക്കാനെ‍ാരുങ്ങിയവരും ഓണംകൂടാൻ പ്രിയപ്പെട്ടവരിലേക്ക് ഓടിയെത്താൻ കാത്തിരുന്നവരും മക്കളുടെ തുടർപഠനാവശ്യങ്ങൾക്കും മാതാപിതാക്കളുടെ ചികിത്സാവശ്യങ്ങൾക്കുമെ‍ാക്കെ നാട്ടിലെത്താൻ ഒരുങ്ങിയവരും ദുരന്തത്തിനു കീഴടങ്ങി. കുവൈത്തിലെത്തി ഒരുമാസം പിന്നിടുമ്പോഴേക്കും മരണവാതിൽ കടന്നുപോയ യുവാവും ജോലിയിൽനിന്ന് അടുത്ത വർഷം വിരമിച്ച് നാട്ടിൽ സ്വസ്ഥജീവിതത്തിലേക്കു മടങ്ങാനാഗ്രഹിച്ചയാളുമെ‍ാക്കെ ഓർമയിലേക്കിതാ മടങ്ങുന്നു. 

ദുരന്തത്തിൽ മരിച്ച മലയാളികളല്ലാത്തവരും സമാനമായ സങ്കടങ്ങൾ അവശേഷിപ്പിച്ചാവും കണ്ണടച്ചിരിക്കുക. അവർക്കും സ്വപ്നങ്ങളുണ്ടായിരുന്നു. ആ സ്വപ്നങ്ങള‍ത്രയും പൂവിട്ട കുടുംബങ്ങളുണ്ടായിരുന്നു. അതുകെ‍ാണ്ടുതന്നെ, ദേശാതീതമായ, ഭാഷാതീതമായ സങ്കടമാണ് കുവൈത്ത് തീപിടിത്തം ബാക്കിയാക്കുന്നത്.

ഗൾഫ് നാടുകളിലേക്കു ജോലി തേടിയെത്തുന്നവർക്കെ‍ാപ്പം അവരുടെ പ്രതീക്ഷകൂടി സഹയാത്ര ചെയ്യുന്നുണ്ട്. കടലിനക്കരെ, അവരുടെ ജീവിതത്തിനു വേരുറപ്പും സ്വപ്‌നങ്ങൾക്ക് ആകാശവിസ്‌തൃതിയും സമ്മാനിച്ച നാടാണത്. കേരളത്തിന്റെ മറ്റൊരു ജില്ലയാണു ഗൾഫ് എന്നുപോലും അവർ അഭിമാനത്തോടെ പറയാറുണ്ട്. ഗൾഫ് ഭരണാധികാരികളുടെ കരുതലും സംരക്ഷണവും അവർക്കു ലഭിച്ചുപോരുന്നു. കുവൈത്തിലെ ജനസംഖ്യയുടെ 21% (10 ലക്ഷം) ഇന്ത്യക്കാരാണ്; ജോലിക്കാരിൽ 30 ശതമാനവും (9 ലക്ഷം). ഇവരിൽ വലിയ പങ്കും മലയാളികളാണുതാനും. ഇപ്പോഴുണ്ടായ വലിയ ദുരന്തം അവിടത്തെ ഇന്ത്യൻ സമൂഹത്തിനാകെ വലിയ നഷ്ടവും സങ്കടവുമാണ് ഉണ്ടാക്കിയിരിക്കുന്നത്. 

തീപിടിത്തത്തിന്റെ ഗൗരവം മനസ്സിലാക്കിയയുടൻ കേന്ദ്ര – കേരള സർക്കാരുകൾ സഹായഹസ്തങ്ങളുമായി പ്രവർത്തനനിരതമായത് ആശ്വാസം നൽകുന്നു. ബഹുതലങ്ങളിലായുള്ള സഹായദൗത്യമാണ് ഇപ്പോൾ ആവശ്യം. കുവൈത്തിലടക്കം ഗൾഫ് മേഖലയിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്താനുള്ള നടപടികൾ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ കൂടുതൽ സജീവമാക്കണമെന്നും സാർഥകമായ ഇടപെടലുകൾ ഉണ്ടാവണമെന്നും ഓർമിപ്പിക്കുകയാണ്, ദാരുണമായ ഈ ദുരന്തം. സമാനസംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നിരന്തര ജാഗ്രത അധികൃതരിൽനിന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.

കുവൈത്തിലെ തീപിടിത്തത്തിൽ ജീവൻ പെ‍‍ാലിഞ്ഞവർക്ക് മലയാള മനോരമയുടെ ബാഷ്പാഞ്ജലി.

English Summary:

Editorial about tribute to those who lost their lives in the Kuwait fire tragedy death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com