ADVERTISEMENT

സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനു പണം കണ്ടെത്താൻ പാടുപെടുമ്പോൾ ഇൗ പദ്ധതിയിൽനിന്നു പണമെടുത്ത് വിദ്യാഭ്യാസ വകുപ്പ് 14 ഇലക്ട്രിക് കാറുകൾ വാടകയ്ക്കെടുക്കുന്നതു വ്യാപക വിമർശനത്തിനു കാരണമായിരിക്കുന്നു. കുട്ടികളുടെ ഉച്ചഭക്ഷണത്തിനുവേണ്ടി ബുദ്ധിമുട്ടുന്ന സംസ്ഥാനത്തെ എത്രയോ പ്രഥമാധ്യാപകരുടെ കടഭാരവും നിസ്സഹായതയും സങ്കടവുംകൂടി മുന്നിൽവച്ചുവേണം ഈ തീരുമാനം വിലയിരുത്താൻ. ഇതിലെ അനൗചിത്യത്തെ അപലപിക്കുകയാണു കേരളീയ സമൂഹം. 

അനെർട്ടിൽനിന്ന് അഞ്ചു വർഷത്തേക്കു വാടകയ്ക്കെടുത്താണ് വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കായി കാറുകൾ നൽകുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം കാറുകൾ വാങ്ങുന്നതിനു വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും കർശനവിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണു ധനവകുപ്പ്. പകരം, അത്യാവശ്യമെങ്കിൽ ഇലക്ട്രിക് കാറുകൾ വാടകയ്ക്കെടുക്കാമെന്ന നിർദേശം കണക്കിലെടുത്താണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽനിന്നു ഭരണപരമായ കാര്യങ്ങൾക്കു പണം ചെലവഴിക്കാമെങ്കിലും ഇതുപയോഗിച്ച് കാർ വാടകയ്ക്കെടുക്കാൻ തീരുമാനിച്ചതിലുള്ള അമ്പരപ്പിലാണു മറ്റു വകുപ്പുകൾ. 

കുട്ടികളുടെ ഉച്ചഭക്ഷണത്തിനു സർക്കാർ നൽകുന്ന തുക പര്യാപ്തമല്ലെന്ന വ്യാപക പരാതിയുടെ കൈപിടിച്ചാണ് ഇത്തവണയും സ്കൂൾ വാതിലുകൾ തുറന്നത്. ഈ പദ്ധതിക്കുള്ള പണം കൃത്യമായി ലഭിക്കാത്തതുമൂലം സ്കൂളുകളും ചുമതലയുള്ള അധ്യാപകരും പതിവായി കടക്കെണിയിലാകുന്നു. സർക്കാർ ഫണ്ട് സമയത്തു കിട്ടാത്തതിനാൽ പല സ്കൂളുകളും കടം പറഞ്ഞാണ് കടകളിൽനിന്ന് ഉച്ചഭക്ഷണത്തിനുള്ള സാധനങ്ങൾ വാങ്ങിയിരുന്നത്. പല സ്കൂളിലും അധ്യാപക രക്ഷാകർതൃ സമിതിയുടെ സഹായത്തോടെയും അധ്യാപകരിൽനിന്നു പണം കടമെടുത്തും പുറത്തുനിന്നു കടംവാങ്ങിയുമെ‍ാക്കെയാണ് ചെലവു നടത്തുന്നത്. 

പിഎഫ് അക്കൗണ്ടിൽനിന്നു പണമെടുത്തു കടംവീട്ടിയ അധ്യാപകർ പോലുമുണ്ട്. ഇതിനിടെ, ഇതിനു നീക്കിവച്ച തുകയിൽനിന്നു കാർസഞ്ചാരത്തിനു തുക വകയിരുത്തുന്നത് വിദ്യാർഥികളോടും അധ്യാപകരോടും  ചെയ്യുന്ന വലിയ ക്രൂരത തന്നെയാണെന്നതിൽ സംശയമില്ല. പ്രഥമാധ്യാപക സ്ഥാനക്കയറ്റംപോലും പലപ്പോഴും അധ്യാപകർ വേണ്ടെന്നുവയ്ക്കുന്ന സാഹചര്യമാണു നിലനിൽക്കുന്നത്. പ്രഥമാധ്യാപകരാകാൻ താൽപര്യമില്ലെന്നു കഴിഞ്ഞ മൂന്നു വർഷത്തിനിടെ അഞ്ഞൂറിലേറെ അധ്യാപകർ അറിയിച്ചെന്ന വാർത്തയും നാം കേട്ടു.

കേന്ദ്രത്തിൽനിന്നു സംസ്ഥാന സർക്കാരിനു സമയത്തു ഫണ്ട് ലഭിക്കുന്നുമില്ല. കൃത്യമായി പണം നൽകാത്തതിനാൽ വിദ്യാഭ്യാസ വകുപ്പിന് അരി നൽകാൻ സപ്ലൈകോയും മടിക്കുകയാണ്. വർഷങ്ങളായി തുടരുന്ന ഉച്ചഭക്ഷണ പ്രശ്നത്തിൽ ഹൈക്കോടതി ഇടപെടൽവരെ ഉണ്ടായിക്കഴിഞ്ഞു. ഇതിനിടെ, സ്കൂൾ ഉച്ചഭക്ഷണത്തിനുള്ള വിഹിതം ഉയർത്തി സർക്കാർ ഉത്തരവു വന്നെങ്കിലും ലഭ്യമായിരുന്ന തുക കൂടി വെട്ടിക്കുറച്ചെന്ന് അധ്യാപക സംഘടനകൾ ആരോപിക്കുന്നു. നിലവിലെ സ്ലാബ് തുടർന്നുകൊണ്ട് അതിലെ തുക ഉയർത്തണമെന്നാണ് അവരുടെ ആവശ്യം. 

നമ്മുടെ അധ്യാപകർ അനുഭവിക്കുന്ന കഷ്ടപ്പാട് കുറച്ചെങ്കിലും അറിഞ്ഞിരുന്നെങ്കിൽ സ്കൂൾ ഉച്ചഭക്ഷണ ഫണ്ടിൽനിന്ന് ഇലക്ട്രിക് കാറുകൾക്കു വാടക കൊടുക്കാനുള്ള തീരുമാനം വിദ്യാഭ്യാസ വകുപ്പ് എടുക്കുമായിരുന്നില്ല. എത്രയോ വഴികളിലൂടെ പണം പാഴാക്കിക്കളയുന്ന സർക്കാർ, സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ കയ്യിട്ടുവാരുന്നതിൽ ന്യായീകരണമില്ലതന്നെ. ധൂർത്തിന്റെ ആഘോഷങ്ങളിൽ മതിമറന്നു മുഴുകുമ്പോൾ, വിശക്കുന്ന കുട്ടികളെക്കുറിച്ചും ആ വിശപ്പകറ്റാൻ മുന്നിട്ടിറങ്ങുന്ന അധ്യാപകരെക്കുറിച്ചും ശാശ്വതമായ പ്രശ്നപരിഹാരത്തെക്കുറിച്ചുമെ‍ാക്കെ ആലോചിക്കാൻ സർക്കാരിന് എവിടെയാണു സമയം? 

ജനവിരുദ്ധമായ തീരുമാനങ്ങൾ അടിച്ചേൽപിക്കുന്നതിനെതിരെയുള്ള കർശനവിധിയാണ് ഈ തിരഞ്ഞെടുപ്പു സർക്കാരിനു നൽകിയത്. കഠിനമായ ആ ആഘാതത്തിനു തെ‍ാട്ടുപിന്നാലെപോലും ഇങ്ങനെയുള്ള നടപടികൾ സർക്കാർവകുപ്പുകളിൽ നിന്നുണ്ടാവുന്നതാണ് അദ്ഭുതം. ഉച്ചഭക്ഷണ പദ്ധതിയുടെ പണമെടുത്ത് വിദ്യാഭ്യാസ വകുപ്പ് 14 കാറുകൾ വാടകയ്ക്ക് എടുക്കുന്നുവെന്ന വാർത്തയോട് ഇന്നലെ മലയാള മനോരമയിൽ ‘കുഞ്ചുക്കുറുപ്പ്’ നടത്തിയ പ്രതികരണം ഇവിടെ ചേർത്തുവയ്ക്കട്ടെ: ‘ ഉച്ചക്കഞ്ഞിയിൽ പണ്ടെ‍ാക്കെ വീഴുന്നത് പാറ്റയായിരുന്നു...’

English Summary:

Editorial about school mid day meals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com