ADVERTISEMENT

ഒരു ജില്ലയുടെ സ്വപ്നസാഫല്യമായാണ് പത്തു വർഷം മുൻപ് പാലക്കാട് ഗവ. മെഡിക്കൽ കോളജ് യാഥാർഥ്യമായത്. രാജ്യത്തിനുതന്നെ മാതൃകയായി, പട്ടികജാതിക്കാർക്കിടയിൽനിന്നു കൂടുതൽ ഡോക്ടർമാരെ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ നിർമിച്ചതാണ് ഈ മെഡിക്കൽ കോളജ്. പക്ഷേ, ഈ സ്ഥാപനം ഇത്രയും വർഷങ്ങളായി അനുഭവിക്കുന്ന ദുരവസ്ഥ അത്യധികം നിർഭാഗ്യകരമാണ്. 

ആധുനിക ചികിത്സാസൗകര്യങ്ങളില്ലാതെ ദുരിതം പേറുന്ന ജില്ലയാണു പാലക്കാട്; ഗുരുതര സാഹചര്യങ്ങളിലുള്ള രോഗികളെ കോയമ്പത്തൂരിലേക്കോ തൃശൂരിലേക്കോ കൊണ്ടുപോകേണ്ട കഷ്ടസ്ഥിതി. എല്ലാ ജില്ലയിലും മെഡിക്കൽ കോളജ് വേണമെന്ന ഉമ്മൻ ചാണ്ടി സർക്കാരിന്റെ തീരുമാനത്തെത്തുടർന്നാണ് പാലക്കാട് യാക്കരയിൽ മെഡിക്കൽ കോളജ് ആരംഭിക്കാൻ തീരുമാനമായത്. പട്ടികജാതി വിഭാഗക്കാർക്കിടയിൽനിന്നു മെഡിക്കൽ ബിരുദം നേടുന്നവരുടെ എണ്ണം കുറയുകയാണെന്നതിനാൽ പട്ടികജാതി മെഡിക്കൽ കോളജ് സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായി. പട്ടികജാതി വികസനവകുപ്പ് ഫണ്ട് ഉപയോഗിച്ചു കോളജ് നിർമിക്കാൻ തീരുമാനിച്ചു. പ്രാരംഭമായി, 2012ലെ ബജറ്റിൽ ഇതിനായി 50 കോടി അനുവദിച്ചു.  

മുഖ്യമന്ത്രി ചെയർമാനും പട്ടികവിഭാഗ വികസന വകുപ്പ് മന്ത്രി വൈസ് ചെയർമാനുമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസസിനാണു കോളജിന്റെ ചുമതല. കെട്ടിടം സജ്ജമാകുന്നതിനു മുൻപുതന്നെ, ജില്ലാ ആശുപത്രിയുടെ സൗകര്യം ഉപയോഗിച്ച് 2014 സെപ്റ്റംബറിൽ എംബിബിഎസ് കോഴ്സ് ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. നൂറു പേരുടെ ബാച്ചാണ് അനുവദിച്ചത്. 75 ശതമാനത്തോളം പട്ടികവിഭാഗക്കാർ പഠിക്കുന്ന കോളജിൽ പത്തു കെ‍ാല്ലമായിട്ടും ഇപ്പോഴും അതേ സൗകര്യം ഉപയോഗിച്ചു തന്നെയാണ് പഠനം. ദേശീയപാതയോരത്തു വലിയ കെട്ടിടസമുച്ചയം നിർമിച്ചിട്ടുണ്ടെങ്കിലും രോഗികൾക്കു കിടത്തിച്ചികിത്സയോ ശസ്ത്രക്രിയയോ ഇല്ലാത്തതു വലിയ പ്രതിസന്ധിയായി. 500 കിടക്കകളുള്ള കിടത്തിച്ചികിത്സാ സൗകര്യമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ആദ്യഘട്ടമായി നൂറു പേർക്കുള്ള സൗകര്യം ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിനുമുൻപു തട്ടിക്കൂട്ടി, മാർച്ചിൽ ഉദ്ഘാടനം ചെയ്തുവെന്നുമാത്രം.  

വൻകിട ആശുപത്രികളിൽ ലഭ്യമായിട്ടുള്ള ശസ്ത്രക്രിയാ മുറികളാണ് ഇവിടെ ഒരുക്കുന്നതെന്നാണ് അധികൃതർ പറയുന്നതെങ്കിലും ഓപ്പറേഷൻ ബ്ലോക്കിന്റെ നിർമാണം പൂർത്തിയായാൽ മാത്രമേ സജ്ജീകരണങ്ങൾ നടത്താൻ കഴിയുകയുള്ളൂ. ഓപ്പറേഷൻ തിയറ്റർ മാത്രം തുടങ്ങിയിട്ടും കാര്യമില്ല. ഡോക്ടർമാരും മറ്റു ജീവനക്കാരുംകൂടി പൂർണമായി സജ്ജമാകണം. ഇപ്പോൾ ജില്ലാ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിനെ ആശ്രയിച്ചാണു മെഡിക്കൽ വിദ്യാർഥികളുടെ പഠനം.

നിർമാണം പൂർത്തിയാകാത്തതിനാൽ പല കെട്ടിടങ്ങളും  മെഡിക്കൽ കോളജിനു പൊതുമരാമത്തു വകുപ്പ് കൈമാറിയിട്ടില്ല. സുപ്രധാനമായ പല വകുപ്പുകളിലും മേധാവികളോ അധ്യാപകരോ ഇല്ല. അധ്യാപകർക്കും ജീവനക്കാർക്കും ശമ്പളം മുടങ്ങുന്ന പ്രതിസന്ധിയും പലതവണയുണ്ടായി. ഹോസ്റ്റൽ, ലാബ്, ചികിത്സാ ഉപകരണങ്ങൾ സ്ഥാപിക്കൽ ഉൾപ്പെടെ ഇനിയും സൗകര്യങ്ങൾ ഏർപ്പെടുത്താനുണ്ട്. അധ്യാപകരില്ലാത്ത പ്രശ്നവും ഭൗതികസാഹചര്യങ്ങളുടെ കുറവും പരിഹരിച്ചില്ലെങ്കിൽ കോളജിന്റെ അംഗീകാരം റദ്ദാക്കുമെന്ന നാഷനൽ മെഡിക്കൽ കമ്മിഷന്റെ മുന്നറിയിപ്പ് തലയ്ക്കു മുകളിൽ വാളുപോലെ നിൽക്കുന്നുമുണ്ട്. 

ഈ സ്ഥാപനം നേരിടുന്ന പ്രശ്നങ്ങൾക്കു സർക്കാരും ഭരണസമിതിയും കരാറുകാരുമെല്ലാം കാരണക്കാരാണെന്നു പറയാം. ഇവിടെ അധ്യാപകരെ നിയമിക്കണമെന്നും പഠിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങളുമായി വിദ്യാർഥികൾ നടത്തിയ സമരം താൽക്കാലികമായി ഇന്നലെ പിൻവലിച്ചെങ്കിലും അടിസ്ഥാന പ്രശ്നങ്ങളെല്ലാം പരിഹാരം തേടി ബാക്കിയാണ്. വകുപ്പു മന്ത്രി കെ.രാധാകൃഷ്ണൻ കോളജിൽ നേരിട്ടെത്തി നടത്തിയ ചർച്ചയിലാണു സമരം പിൻവലിക്കാനുള്ള വഴിതെളിഞ്ഞത്. 

എത്രയും പെട്ടെന്ന് കെട്ടിടനിർമാണം പൂർത്തിയാക്കുകയാണ് ആദ്യം വേണ്ടത്. തുടർന്ന് ഓപ്പറേഷൻ തിയറ്ററും കാഷ്വൽറ്റിയും സജ്ജമാക്കണം. എത്രയുംവേഗം സ്ഥിരം അധ്യാപകരെ നിയമിക്കുകയും അതുവരെ മറ്റു വകുപ്പുകളിൽനിന്നുള്ള ഡോക്ടർമാരുടെ അധ്യാപനസേവനം ഉറപ്പാക്കുകയുംവേണം. 

ജനങ്ങളുടെ ഹൃദയതാളം തിരി‍ച്ചറിഞ്ഞ് ‘മലയാള മനോരമ’ ആരംഭിച്ച നാടുണർത്തലിന്റെ കൂടി ഫലമാണ് പാലക്കാട് മെഡിക്കൽ കോളജെന്ന് അഭിമാനത്തോടെ ഓർമിക്കുന്നുണ്ടെങ്കിലും ഈ സ്ഥാപനത്തിൽ ഇപ്പോഴും തുടരുന്ന ദുരവസ്ഥ അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്നതാണ്. ഈ സങ്കീർണ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻതന്നെ ഇടപെട്ടു ശാശ്വതപരിഹാരം കാണണമെന്നതു വികസനം കെ‍ാതിക്കുന്ന ഈ നാടിന്റെയാകെ ആവശ്യമാണ്.

English Summary:

Editorial about difficulties in Palakkad Govt Medical College

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com