ADVERTISEMENT

ജലാഭിവാദ്യം! അറബിക്കടലിലേക്കു കണ്ണുനട്ട് നാം കണ്ട ആ ദീർഘകാല സ്വപ്നം ഇതാ ചരിത്രത്തിലേക്കു പാമരമുയർത്തുന്നു. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യമെത്തിയ സാൻ ഫെർണാണ്ടോ എന്ന മദർഷിപ് കേരളത്തിന്റെ പുതുകാല വികസനസാധ്യതകളിലേക്കു വാതിൽ തുറക്കുകകൂടിയാണ്. ഇന്നലെ വിഴിഞ്ഞം തീരംതെ‍ാട്ട ഈ വലിയ ചരക്കുകപ്പലിന്റെ ട്രയൽ റൺ ഉദ്ഘാടനവും ഔദ്യോഗിക സ്വീകരണവും ഇന്നാണ്. 

പോയകാല ചരിത്രവഴികൾ ഓർമിപ്പിക്കുന്നുമുണ്ട് ഈ തുറമുഖം. എട്ടാം നൂറ്റാണ്ടു മുതൽ 14–ാം നൂറ്റാണ്ടു വരെ ‘ആയ്’ രാജവംശത്തിന്റെ കീഴിലായിരുന്ന തെക്കൻ കേരളത്തിലെ സുപ്രധാന തുറമുഖമായിരുന്നു വിഴിഞ്ഞം. ആയ് രാജാക്കൻമാരുടെ തലസ്ഥാനവും സൈനിക കേന്ദ്രവും കൂടിയായിരുന്നു ഇവിടം. ആ രാജ്യത്തിന്റെ വളർച്ചയ്ക്കു കാരണമായിത്തീർന്ന തുറമുഖം പിന്നീട് ചോളൻമാരുടെ ആക്രമണത്തിൽ തകർന്നു. വിഴിഞ്ഞത്തിന്റെ ഭാവിസാധ്യതകൾ തിരിച്ചറിഞ്ഞ് ഇവിടെ ആസ്ഥാനം ഒരുക്കിയത് ആയ് രാജവംശത്തിന്റെ ദീർഘവീക്ഷണമായിരുന്നു.

വിഴിഞ്ഞം പദ്ധതി കൊണ്ടുവന്നത് ഉമ്മൻ ചാണ്ടി സർക്കാരാണെങ്കിൽ പൂർത്തീകരിച്ചത് പിണറായി വിജയൻ സർക്കാരാണ്. ആയിരം ദിവസങ്ങൾക്കുള്ളിൽ ആദ്യഘട്ടം പൂർത്തിയാക്കുമെന്ന പ്രഖ്യാപനത്തോടെ 2015 ഡിസംബറിലായിരുന്നു പദ്ധതി ശിലാസ്ഥാപനം. എന്നാൽ, ഒട്ടേറെ പ്രതിസന്ധികൾ നിർമാണത്തിനു തടസ്സമായി. തുടർന്ന്, 2019 ഡിസംബറിൽ ആദ്യഘട്ടം പൂർത്തിയാക്കുമെന്ന പ്രഖ്യാപനം വന്നെങ്കിലും അതും യാഥാർഥ്യമായില്ല. ഓഖി ദുരന്തം, പാറക്ഷാമം, സാങ്കേതിക – നിയമപ്രശ്നങ്ങൾ, സമരങ്ങൾ തുടങ്ങി പലതും വഴിയിൽ തടസ്സം തീർത്തു. കഴിഞ്ഞവർഷം ഒക്ടോബറിൽ ക്രെയിനുമായി തുറമുഖത്ത് ആദ്യകപ്പൽ എത്തി. ഒടുവിലിതാ, ആദ്യ മദർഷിപ്പിന്റെ സൈറൺ മുഴക്കവും. 

രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്മെന്റ് കണ്ടെയ്നർ ടെർമിനൽ എന്ന നിലയിലാണ് 2011ൽ കൊച്ചിയിൽ വല്ലാർപാടം ടെർമിനൽ തുടങ്ങിയതെങ്കിൽ, ഏറ്റവും ആഴമുള്ള ട്രാൻസ്ഷിപ്മെന്റ് തുറമുഖം എന്നതാണു വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ അഭിമാനമുദ്ര. 16.5 മീറ്റർ വീതം ആഴമുള്ള മുന്ദ്രയും വിശാഖപട്ടണവും 20 മീറ്റർ ആഴമുള്ള വിഴിഞ്ഞത്തിനു പിന്നിലാകും. വിഴിഞ്ഞം തുറമുഖം വേണ്ടവിധം സജ്ജമാകുന്നതോടെ രാജ്യത്തെ കണ്ടെയ്നർ ബിസിനസിന്റെ കേന്ദ്രമായി കേരളം മാറുമെന്നാണു പ്രതീക്ഷ. വിഴിഞ്ഞം തുറമുഖത്തിനുള്ള മറ്റെ‍ാരു സവിശേഷത രാജ്യത്തെ മറ്റു തുറമുഖങ്ങൾക്കൊന്നുമില്ല– രാജ്യാന്തര കപ്പൽച്ചാലിനോട് ഏറ്റവും അടുത്തുള്ള ഇന്ത്യൻ തുറമുഖം! രാജ്യാന്തര കപ്പൽചാലി‍ൽനിന്നു കൊളംബോയിലേക്ക് 50 കിലോമീറ്റർ ദൂരമുണ്ട്; വിഴിഞ്ഞത്തേക്കാകട്ടെ 18 കിലോമീറ്റർ മാത്രം. ഇത് ഈ തുറമുഖത്തിന്റെ വാണിജ്യപ്രാധാന്യം വർധിപ്പിക്കുന്നു.

സമുദ്ര സമ്പദ്‌വ്യവസ്ഥയിൽ കേരളത്തെ നിർണായക കണ്ണിയാക്കുന്നതാണ് ഈ പദ്ധതി. വിദൂര തുറമുഖങ്ങളിൽനിന്ന് ഇന്ത്യയിലേക്കെത്തുന്ന ചരക്ക് ഇപ്പോൾ കൈകാര്യം ചെയ്യുന്നത് ദുബായ്, കൊളംബോ, സിംഗപ്പൂർ തുറമുഖങ്ങളാണ്. വലിയ കപ്പലുകൾക്ക് അടുക്കാൻ സൗകര്യമുള്ള തുറമുഖമില്ലാത്തതിനാലാണ് ഇന്ത്യയ്ക്കു മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരുന്നത്. വലിയ മദർഷിപ്പുകൾക്കു സുഗമമായി എത്താൻ കഴിയുന്ന വിഴിഞ്ഞം തുറമുഖം സജ്ജമാകുന്നതോടെ ഇതിനു പരിഹാരമാകുകയാണ്. 

അദാനി പോർട്സ് പൂർണമായി പണം മുടക്കുന്ന രണ്ടാംഘട്ടനിർമാണം ഇക്കെ‍ാല്ലം തുടങ്ങി 2028ൽ പൂർത്തിയാക്കും. പദ്ധതിയുടെ സാധ്യതകൾ കേരളം എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും സംസ്ഥാനത്തിന്റെ നേട്ടം. വ്യവസായം, വാണിജ്യം, ഗതാഗതം, ടൂറിസം തുടങ്ങിയ രംഗങ്ങളിൽ വലിയ വികസനത്തിനും അങ്ങനെ സംസ്ഥാനത്തിന്റെ പൊതുവായ സാമ്പത്തിക വളർച്ചയ്ക്കും വിഴിഞ്ഞം തുറമുഖം മുതൽക്കൂട്ടാകുമെന്നു മുഖ്യമന്ത്രി പറയുകയുണ്ടായി. ഇതു യാഥാർഥ്യമാകണമെങ്കിൽ തുറമുഖം തുറന്നുതരുന്ന വികസനസാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താനും അനുബന്ധവികസനം വേഗത്തിലാക്കാനും സർക്കാർ ശ്രമിക്കണം. 

തുറമുഖ പദ്ധതി യാഥാർഥ്യമാകുമ്പോൾ മത്സ്യത്തൊഴിലാളിസമൂഹത്തിന്റെ വലിയ ത്യാഗം സർക്കാരിന്റെ മുന്നിലുണ്ടാകണം. തീരശോഷണവും മുതലപ്പെ‍‍ാഴിയിലെ അപകടപരമ്പരയും ഉൾപ്പെടെ അവരുടെ മുൻപിലുള്ള ആശങ്കകൾക്കു ശാശ്വത പരിഹാരം കാണുകയും വേണം. പുനരധിവാസത്തിന് ഊന്നൽ നൽകിയും തീരജനതയെ വിശ്വാസത്തിലെടുത്തുമാണ് സർക്കാർ മുന്നോട്ടുപോകേണ്ടത്. വികസനപദ്ധതികൾ യാഥാർഥ്യമാക്കുമ്പോൾ അതു നേരിട്ടു ബാധിക്കുന്നവരുടെ പ്രശ്നങ്ങൾക്കുകൂടി പൂർണപരിഹാരം കാണണമെന്ന വലിയ പാഠം ഇനിയുള്ള ഓരോ ചുവടിലും സർക്കാർ ഓർമിക്കേണ്ടതുണ്ട്.

English Summary:

Editorial about vizhinjam port

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com