ADVERTISEMENT

ന്യൂഡൽഹി∙ റഫാൽ യുദ്ധവിമാന ഇടപാടിൽ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ ഓഫ്സെറ്റ് പങ്കാളിയാക്കിയതിനു പിന്നാലെ അദ്ദേഹത്തിന്റെ ഫ്രഞ്ച് ഉപകമ്പനിക്കു ഫ്രാൻസ് 1044 കോടി രൂപയുടെ (143.7 ദശലക്ഷം യൂറോ) നികുതിയിളവ് നൽകിയെന്നു റിപ്പോർട്ട്. 36 വിമാനങ്ങൾക്കുള്ള കരാർ സംബന്ധിച്ച് 2015 ഏപ്രിലിൽ ഇന്ത്യയും ഫ്രാൻസും സംയുക്ത പ്രഖ്യാപനം നടത്തി 6 മാസത്തിനകമാണ് ഇളവ് ലഭിച്ചതെന്നു ഫ്രഞ്ച് പത്രമായ ‘ലെ മോൻദ്’ റിപ്പോർട്ട് ചെയ്തു.

അനിൽ അംബാനിയുടെ ഉടമസ്ഥതയിൽ ഫ്രാൻസിൽ റജിസ്റ്റർ ചെയ്തിട്ടുള്ള റിലയൻസ് ഫ്ലാഗ് അറ്റ്‌ലാന്റിക് ഫ്രാൻസ് എന്ന ടെലികോം കമ്പനിക്കാണ് 2015 ഒക്ടോബറിൽ ഇളവ് ലഭിച്ചത്. 2007–’12 കാലയളവിലെ നികുതി കുടിശ്ശികയാണ് ഇളവു ചെയ്തത്. 

ഫ്രഞ്ച് അധികൃതരുടെ പരിശോധനയിൽ 2007– ’10 കാലത്തു 439 കോടി രൂപയും 2010– ’12 കാലത്ത് 661 കോടി രൂപയും കമ്പനി നികുതി അടയ്ക്കാനുണ്ടെന്നു കണ്ടെത്തിയിരുന്നു. 54 കോടി അടയ്ക്കാമെന്നു 2012ൽ കമ്പനി അറിയിച്ചെങ്കിലും അധികൃതർ വഴങ്ങിയില്ല. റഫാൽ കരാർ പ്രഖ്യാപിക്കുന്ന വേളയിൽ 1100 കോടി രൂപയായിരുന്നു നികുതി കുടിശ്ശിക. ആറാം മാസം 56 കോടി മാത്രം ഈടാക്കി ബാക്കി തുക ഇളവ് ചെയ്തതായാണു റിപ്പോർട്ട്.

ഫ്രാൻസിലെ നിയമങ്ങളനുസരിച്ചാണു കുടിശ്ശിക തീർപ്പാക്കിയതെന്നും അനർഹ ഇളവ് ലഭിച്ചിട്ടില്ലെന്നും റിലയൻസ് ഫ്ലാഗ് പ്രതികരിച്ചു. അന്യായ നികുതിയാണു ചുമത്തിയിരുന്നതെന്നും 2008– ’12 കാലത്തു കമ്പനി 20 കോടി രൂപയുടെ പ്രവർത്തന നഷ്ടം നേരിട്ടിരുന്നുവെന്നും വിശദീകരണത്തിൽ പറയുന്നു.

വിദൂര ബന്ധം പോലുമില്ല: പ്രതിരോധ മന്ത്രാലയം

അനിൽ അംബാനിയുടെ കമ്പനിക്കു ഫ്രാൻസിൽ നികുതിയിളവ് ലഭിച്ചതിനു റഫാൽ കരാറുമായി വിദൂര ബന്ധം പോലുമില്ലെന്നു പ്രതിരോധ മന്ത്രാലയം. റഫാൽ ഇടപാടിന്റെ ഒരു ഘട്ടത്തിലും നികുതിയിളവ് ചർച്ചയായിട്ടില്ല. റഫാൽ കരാറും ഇളവ് നൽകിയ സമയവും പരിശോധിച്ചാൽ ഇതു വ്യക്തമാകും. ഇവയെ തമ്മിൽ ബന്ധിപ്പിക്കാനുള്ള നീക്കം ദുരുദ്ദേശ്യപരവും വാസ്തവവിരുദ്ധവുമാണെന്നും മന്ത്രാലയം പ്രതികരിച്ചു.

റഫാൽ കരാർ ഒപ്പിട്ടതു 2016 സെപ്റ്റംബർ 23നാണ്. റിലയൻസിനു നികുതിയിളവു ലഭിച്ചതാകട്ടെ 2015 ഒക്ടോബറിലും. ഇതാണു വിശദീകരണത്തിന്റെ അടിസ്ഥാനം. അതേസമയം, കരാർ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദും സംയുക്ത പ്രഖ്യാപനം നടത്തിയത് 2015 ഏപ്രിൽ 10നാണ്; ഇളവു ലഭിച്ചത് ഇതിനു ശേഷമാണ്.

വിവാദമായി ഓഫ്സെറ്റ്

59,000 കോടി രൂപയുടെ റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ടുള്ള 30,000 കോടിയുടെ ഓഫ്സെറ്റ് കരാർ (ഇടപാടിന്റെ ഭാഗമായി വിദേശ കമ്പനി ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതു സംബന്ധിച്ച അനുബന്ധ കരാർ) അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനു ലഭിച്ചതു തന്നെ ആരോപണത്തിനു കാരണമായിരിക്കെയാണു പുതിയ വിവാദം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com