ADVERTISEMENT

ന്യൂഡൽഹി ∙ കാനഡയുമായുള്ള ബന്ധം മോശമായതിനു പിന്നാലെ ഖലിസ്ഥാൻ ഭീകരർക്കെതിരെയുള്ള നടപടി ഇന്ത്യ കൂടുതൽ കർശനമാക്കി. വിദ്വേഷ പ്രസംഗങ്ങൾക്കു കുപ്രസിദ്ധനായ, ഖലിസ്ഥാൻ ഭീകരൻ ഗുർപട്‌വന്ത് സിങ് പന്നുവിന്റെ പഞ്ചാബിലുള്ള സ്വത്തുക്കൾ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമ (യുഎപിഎ)പ്രകാരം കണ്ടുകെട്ടി. ചണ്ഡിഗഡിലെ 5.7 ഏക്കർ കൃഷിഭൂമിയും കുടുംബവീട്ടിൽ പന്നുവിന് അവകാശപ്പെട്ട നാലിലൊന്നു ഭാഗവുമാണു കണ്ടുകെട്ടിയത്. ഇവിടങ്ങളിൽ പ്രത്യേക ബോർഡ് സ്ഥാപിച്ചു. യുഎസിലും കാനഡയിലുമായാണ് പന്നു ജീവിക്കുന്നത്.

മൊഹാലിയിലെ പ്രത്യേക എൻഐഎ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.മുൻപു 2 കേസുകളുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വത്തുക്കൾ ഏറ്റെടുത്തിരുന്നു.കാനഡയിലുള്ള ഇന്ത്യക്കാരായ ഹിന്ദുക്കൾ ഇന്ത്യയിലേക്കു മടങ്ങണമെന്നാവശ്യപ്പെടുന്ന പന്നുവിന്റെ വിഡിയോ കഴിഞ്ഞയാഴ്ച വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു. 

നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ (എസ്എഫ്ജെ) നിയമോപദേഷ്ടാവും വക്താവുമായ പന്നുവാണു കഴിഞ്ഞ ദിവസം കാനഡയിൽ നടന്ന ഖലിസ്ഥാൻ അനുകൂല ഹിതപരിശോധനയുടെ സൂത്രധാരൻ.2019 ലാണ് പന്നുവിനെതിരെ എൻഐഎ ആദ്യ കേസെടുക്കുന്നത്. 2020 ലാണ് ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.

നിജ്ജാർ കൊല വിശ്വസനീയ ആരോപണങ്ങൾ നേരത്തേ കൈമാറി: ട്രൂഡോ

ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്കിനെക്കുറിച്ചു ‘വിശ്വസനീയമായ ആരോപണങ്ങളുടെ’ വിവരങ്ങൾ ഇന്ത്യൻ സർക്കാരിന് ആഴ്ചകൾക്കു മുൻപേ നൽകിയെന്നു കാന‍ഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വെളിപ്പെടുത്തി. ഇന്ത്യയുടെ പങ്കിനെക്കുറിച്ചു നാലാം തവണയാണ് ട്രൂഡോ ആരോപണം ആവർത്തിക്കുന്നത്.

കൊലപാതകത്തിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചാണ് ട്രൂഡോ സൂചിപ്പിച്ചതെങ്കിലും ‘തെളിവുകൾ’ എന്നതിനു പകരം ‘വിശ്വസനീയമായ ആരോപണങ്ങൾ’ എന്നാണ് പ്രയോഗിച്ചത്. 

വ്യക്തമായ തെളിവുകളോ വിവരങ്ങളോ കാനഡ ഇതുവരെ പങ്കുവച്ചിട്ടില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. എന്തെങ്കിലും വിവരങ്ങൾ ലഭ്യമാക്കിയാൽ പരിശോധിക്കാമെന്നാണ് വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി വ്യാഴാഴ്ച പറഞ്ഞത്.കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയിലുള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ഉൾപ്പെട്ട ആശയവിനിമയത്തിന്റെ വിവരങ്ങൾ കാനഡയുടെ പക്കലുണ്ടെന്ന് അവിടത്തെ മാധ്യമമായ ‘സിബിസി ന്യൂസ്’ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

English Summary:NIA confiscates US-based Khalistan leader Gurpatwant Pannu’s properties in Amritsar and Chandigarh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com