ADVERTISEMENT

ന്യൂഡൽഹി ∙ ഇലക്ടറൽ ബോണ്ട് റദ്ദാക്കിയതിന്റെ ആഘാതം മാറും മുൻപ്, സുപ്രീം കോടതിയിൽ ബിജെപിക്കു വീണ്ടും തിരിച്ചടി. ചണ്ഡിഗഡ് മുനിസിപ്പൽ കോർപറേഷൻ മേയർ തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിയുടെയും കോൺഗ്രസിന്റെയും ‘ഇന്ത്യ’ മുന്നണി സ്ഥാനാർഥി കുൽദീപ് കുമാറിനെ സുപ്രീം കോടതി വിജയിയായി പ്രഖ്യാപിച്ചു.

അസാധാരണ സാഹചര്യം കണക്കിലെടുത്തും കേസിൽ സമ്പൂർണ നീതി ഉറപ്പാക്കാനും സവിശേഷാധികാരം (142–ാം വകുപ്പ്) ഉപയോഗിച്ച കോടതി, നേരിട്ടു വിജയിയെ പ്രഖ്യാപിക്കുകയായിരുന്നു. ഇതിനായി നേരത്തെ പോൾ ചെയ്യപ്പെട്ട ബാലറ്റ് പേപ്പറുകളും വിഡിയോ ദൃശ്യങ്ങളും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിശോധിച്ചു.

കേസിന് ആധാരമായ തിരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി കൗൺസിലർ മനോജ് സൊൻകർ കഴിഞ്ഞദിവസം രാജിവച്ചിരുന്നു. 8 ബാലറ്റുകൾ അസാധുവാക്കി സൊൻകറിനെ തിരഞ്ഞെടുത്ത വരണാധികാരിയും ബിജെപി നേതാവുമായ അനിൽ മസിയുടെ നടപടി സുപ്രീം കോടതി റദ്ദാക്കി. ഇന്ത്യ സഖ്യം സ്ഥാനാർഥിക്ക് അനുകൂലമായിരുന്ന 8 ബാലറ്റ് പേപ്പറുകൾ മസി മനഃപൂർവം അസാധുവാക്കുകയായിരുന്നുവെന്നു ജഡ്ജിമാരായ ജെ.ബി.പർദിവാല, മനോജ് മിശ്ര എന്നിവർ കൂടി ഉൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി. 

കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് ക്രിമിനൽ നടപടി ചട്ടത്തിലെ 340–ാം വകുപ്പു പ്രകാരം പ്രോസിക്യൂട്ട് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ 3 ആഴ്ചയ്ക്കുള്ളിൽ അറിയിക്കാൻ മസിയോടു കോടതി നിർദേശിച്ചു.

വരണാധികാരി ചെയ്തത്

ജനുവരി 30 നു നടന്ന മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ കുൽദീപ് കുമാറിന് 20 വോട്ടും ബിജെപിയുടെ മനോജ് സൊൻകറിന് 16 വോട്ടും ലഭിച്ചു. എന്നാൽ, ഇന്ത്യ മുന്നണിയുടെ 8 വോട്ടുകൾ വരണാധികാരി അനിൽ മസി അസാധുവാക്കി. തുടർന്ന് 16–12ന് ബിജെപി സ്ഥാനാർഥി ജയിച്ചതായി പ്രഖ്യാപിച്ചു. ബാലറ്റ് പേപ്പറിൽ വരണാധികാരി കൃത്രിമം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചു.

വരണാധികാരി കോടതിയിൽ പറഞ്ഞത്

അസാധുവാണെന്ന് ബോധ്യപ്പെട്ടതു കൊണ്ടാണ് 8 ബാലറ്റുകളിൽ പ്രത്യേകം അടയാളപ്പെടുത്തിയത്. (തെറ്റായ പ്രസ്താവന നടത്തിയെന്നു ബോധ്യപ്പെട്ടാൽ കുറ്റവിചാരണ ചെയ്യുമെന്ന ചീഫ് ജസ്റ്റിസിന്റെ മുന്നറിയിപ്പും ഉണ്ടായിരുന്നു.)

കോടതി കണ്ടെത്തിയത്

ബാലറ്റുകൾ പരിശോധിച്ച കോടതി അസാധുവാക്കേണ്ട യാതൊന്നും അവയിൽ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. വരണാധികാരി കോടതിയെ തെറ്റിദ്ധരിപ്പിച്ചതായും വിലയിരുത്തി. 

∙ ‘കുതന്ത്രങ്ങളിൽ ജനാധിപത്യ പ്രക്രിയ പാഴായി പോകുന്നില്ലെന്ന് ഉറപ്പാക്കാൻ കോടതിക്കു ബാധ്യതയുണ്ട്’. – ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്

chandigarh-mayor-poll-cartoon
English Summary:

Setback for BJP in Chandigarh mayor election case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com