ADVERTISEMENT

ന്യൂഡൽഹി ∙ പഞ്ചാബ്–ഹരിയാന അതിർത്തിയായ ഖനൗരിയിൽ കർഷകരും പൊലീസുമായുണ്ടായ സംഘർഷത്തിൽ യുവകർഷകൻ കൊല്ലപ്പെട്ടു. ഹരിയാന പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ പഞ്ചാബ് ഭട്ടിൻഡ സ്വദേശി ശുഭ് കരൺ സിങ്ങാണ്(21) മരിച്ചത്. ശംഭു, ഖനൗരി അതിർത്തികളിലെ സംഘർഷങ്ങളിൽ 160ലേറെ കർഷകർക്കു പരുക്കേറ്റുവെന്നാണു വിവരം. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ദില്ലി ചലോ മാർച്ച് 2 ദിവസത്തേക്കു നിർത്തിവയ്ക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചു. 

സർക്കാരുമായുള്ള ചർച്ചകൾക്കായി പ്രക്ഷോഭം മരവിപ്പിച്ച കർഷകർ, അനുരഞ്ജനം പരാജയപ്പെട്ടതോടെ ഇന്നലെ വീണ്ടും മാർച്ച് പുനരാരംഭിക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് നേരിടുകയായിരുന്നു. രാവിലെ ശംഭു അതിർത്തിയിൽ കണ്ണീർവാതകം പ്രയോഗിച്ചതോടെയാണു സംഘർഷം തുടങ്ങിയത്. കല്ലും കുപ്പികളുമായി കർഷകരും എതിർത്തതോടെ സ്ഥിതി  വഷളായി. ദത്താ സിങ്‌വാല അതിർത്തിയിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വളഞ്ഞ കർഷകർ മുളകുപൊടി പ്രയോഗിച്ചുവെന്നും വടി കൊണ്ട് അടിച്ചുവെന്നും 12 പൊലീസുകാർക്കു പരുക്കേറ്റുവെന്നും ജിൻഡ് എസ്പി പറഞ്ഞു. 

കർഷകൻ കൊല്ലപ്പെട്ട വാർത്ത ഹരിയാന പൊലീസ് നിഷേധിച്ചുവെങ്കിലും പട്യാലയിലെ രാജീന്ദ്ര ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഇതു സ്ഥിരീകരിച്ചു. പരുക്കേറ്റ 12 പേരെ ആശുപത്രിയിലെത്തിച്ചതിൽ ഒരാൾ മരിച്ചതായി ഡോ. എച്ച്. എസ്.രാഖി പറഞ്ഞു. തലയ്ക്കു പരുക്കേറ്റതാണു മരണകാരണം. കണ്ണീർവാതക ഷെല്ലുകൾ തലയിൽ പതിച്ചതാണ് അപകടത്തിനു കാരണമെന്നാണു വിവരം. സമരത്തിൽ പങ്കെടുത്തിരുന്ന 2 കർഷകർ നേരത്തെ ഹൃദയാഘാതം മൂലം മരിച്ചുവെങ്കിലും സംഘട്ടനത്തിൽ ജീവൻ നഷ്ടപ്പെടുന്നത് ആദ്യമാണ്. 

ഇതിനിടെ, േകന്ദ്ര സർക്കാർ അഞ്ചാം വട്ടവും കർഷക സംഘടനകളുമായി ചർച്ചയ്ക്കു നീക്കം നടത്തിയെങ്കിലും ഖനൗരിയിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമേ തീരുമാനിക്കൂവെന്നു കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാൾ പറഞ്ഞു. പൊലീസ് അതിക്രമത്തിലാണു ശുഭ് കരൺ സിങ് മരിച്ചതെങ്കിൽ, ചർച്ചകൾ തുടരുന്നതിൽ കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. 

കൊല്ലപ്പെട്ട ശുഭ് കരൺ
കൊല്ലപ്പെട്ട ശുഭ് കരൺ

കാർഷിക ഉൽപന്നങ്ങളുടെ താങ്ങുവില വർധന ഉൾപ്പെടെ 12 ആവശ്യങ്ങളുമായി സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതരം), കിസാൻ മസ്ദൂർ മോർച്ച (കെഎംഎം) എന്നീ സംഘടനകളാണു 13നു ‘ദില്ലി ചലോ’ മാർച്ച് ആരംഭിച്ചത്. സമരക്കാരെ തടയാൻ ബാരിക്കേഡുകളും മുള്ളുവേലികളും മറ്റുമായി വൻ സന്നാഹമാണു പൊലീസ് തീർത്തിരിക്കുന്നത്. ഡൽഹിയിലും സുരക്ഷ വർധിപ്പിച്ചതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. 

അതിർത്തിയിൽ 14,000 കർഷകർ 

പഞ്ചാബ്-ഹരിയാന അതിർത്തിയിൽ 14,000ത്തിലേറെ കർഷകർ അണിനിരന്നിട്ടുണ്ടെന്നാണു പഞ്ചാബ് പൊലീസ് നൽകുന്ന വിവരം. 1200 ട്രാക്ടർ–ട്രോളികളും 300 കാറുകളും 10 മിനി ബസുകളും കർഷകർ അതിർത്തിയിൽ എത്തിച്ചിരുന്നു. മണ്ണുമാന്തികളും മറ്റും നീക്കാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സമരക്കാർ ഇതു ചെവിക്കൊണ്ടില്ല. ക്രമസമാധാനം ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പഞ്ചാബ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary:

Farmers' protest turns violent; young farmer killed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com