മുൻ ഇന്ത്യൻ സൈനികൻ ഗാസയിൽ കൊല്ലപ്പെട്ടു
Mail This Article
ന്യൂഡൽഹി ∙ ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ യുഎൻ സുരക്ഷാസംഘാംഗമായ മുൻ ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു. നാഗ്പുരിൽ ജനിച്ച് പുണെയിൽ താമസമാക്കിയ റിട്ട. കേണൽ വൈഭവ് അനിൽ കലെ (46) ആണ് വാഹനത്തിനുനേരെയുണ്ടായ ആക്രമണത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥനു ഗുരുതരമായി പരുക്കേറ്റു. യുഎന്നിന്റെ സ്റ്റിക്കർ പതിച്ച വാഹനത്തിൽ റഫയിൽനിന്ന് ഖാൻ യൂനിസിലെ യൂറോപ്യൻ ആശുപത്രിയിലേക്കു പോകുന്നതിനിടെയായിരുന്നു ആക്രമണം.
കഴിഞ്ഞ ഒക്ടോബറിൽ ഇസ്രയേൽ ഗാസയിൽ ആക്രമണം ആരംഭിച്ച ശേഷം ഐക്യരാഷ്ട്ര സംഘടനയിൽ പ്രവർത്തിക്കുന്ന തദ്ദേശീയരായ 190 ജീവനക്കാർ കൊല്ലപ്പെട്ടുവെങ്കിലും മറ്റൊരു രാജ്യക്കാരനായ ഉദ്യോഗസ്ഥനു ജീവൻ നഷ്ടമാകുന്നത് ആദ്യമാണ്. സംഭവത്തെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു. യുഎന്നും ഇസ്രയേലും പ്രത്യേകം അന്വേഷണങ്ങൾ പ്രഖ്യാപിച്ചു.
3 വർഷം മുൻപു കരസേനയിൽ നിന്നു വിരമിച്ച വൈഭവ് മൂന്നാഴ്ച മുൻപാണ് യുഎൻ ഡിപ്പാർട്മെന്റ് ഓഫ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റിയിലെ (ഡിഎസ്എസ്) സെക്യൂരിറ്റി സർവീസ് കോ–ഓർഡിനേറ്ററായി ചേർന്നത്. കരസേനയിലുണ്ടായിരുന്നപ്പോൾ തന്നെ കോംഗോയിൽ യുഎൻ സമാധാനസേനയിൽ ഡപ്യൂട്ടേഷനിൽ പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം കയ്റോ വഴി നാട്ടിലെത്തിക്കും. ഭാര്യ: അമൃത. മക്കൾ: വേദാന്ത്, രാധിക. ഇതിനിടെ, പലസ്തീന് ഐക്യരാഷ്ട്ര സംഘടനയിൽ പൂർണ അംഗത്വം നൽകുന്നതിന് അനുകൂലനിലപാട് ഇന്ത്യ യുഎൻ പൊതുസഭയിൽ ആവർത്തിച്ചു.
ആക്രമണം തുടരുന്നു; ലോക കോടതിയിൽ ഈ ആഴ്ച വാദം
കയ്റോ ∙ ജനങ്ങൾ പലായനം തുടരുന്നതിനിടെ തെക്കൻ ഗാസയിലെ റഫയിലേക്ക് ഇസ്രയേലിന്റെ ടാങ്കുകൾ വീണ്ടും കുതിക്കുന്നു. വടക്കൻ ഗാസയിലെ ജബാലിയയിലും ആക്രമണം തുടരുകയാണ്.
ഇസ്രയേലിനെതിരെ അടിയന്തര നടപടി തേടി ദക്ഷിണാഫ്രിക്ക രംഗത്തെത്തി. റഫ ആക്രമണത്തോടെ വെടിനിർത്തൽ ശ്രമങ്ങൾ നിലച്ചതായി ഖത്തറും അറിയിച്ചു. പുതിയ സാഹചര്യത്തിൽ യുഎന്നിന്റെ ലോക കോടതി ഈ ആഴ്ച റഫ ആക്രമണത്തിൽ വാദം കേൾക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 82 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടതോടെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 35,173 ആയി.