ADVERTISEMENT

ന്യൂഡൽഹി ∙ ഭരണഘടന പ്രകാരമുള്ള പട്ടികജാതി ലിസ്റ്റിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്നു സുപ്രീം കോടതി വിധിച്ചു. തന്തി–താന്ത്‌വ സമുദായത്തെ അതിപിന്നാക്ക വിഭാഗത്തിൽനിന്നു മാറ്റി പട്ടികജാതിയിലെ പാൻ–സ്വാസി സമുദായത്തിൽ ലയിപ്പിക്കാനുള്ള ബിഹാർ സർക്കാരിന്റെ തീരുമാനം റദ്ദാക്കിക്കൊണ്ടാണ് ജഡ്ജിമാരായ വിക്രംനാഥ്, പി.കെ.മിശ്ര എന്നിവരുടെ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം. 

‘പിന്നാക്ക കമ്മിഷന്റെ ശുപാർശ പ്രകാരമായിരുന്നു നടപടിയെന്നു സംസ്ഥാന സർക്കാരിനു വാദിക്കാം. എന്നാ‍ൽ, നല്ലതിനായാലും മോശം കാര്യത്തിനായാലും ഭരണഘടന പ്രകാരമുള്ള പട്ടികജാതി ലിസ്റ്റിൽ പുറത്തുനിന്നൊരു സമുദായത്തെ ലയിപ്പിക്കുന്നതു നിയമവിരുദ്ധമാണ്. ജാതി, വംശം, ഗോത്രം എന്നിവയെ ഒഴിവാക്കുകയോ ഉൾപ്പെടുത്തുകയോ ചെയ്യേണ്ടത് പാർലമെന്റ് പാസാക്കിയ നിയമപ്രകാരമാകണം. മറ്റേതെങ്കിലും മാർഗത്തിലൂടെ അതു പാടില്ല’– ബെ‍ഞ്ച് വ്യക്തമാക്കി. 

1991 ലെ ബിഹാർ റിസർവേഷൻ ഓഫ് വേക്കൻസീസ് ഇൻ പോസ്റ്റ്സ് ആൻഡ് സർവീസസ് നിയമപ്രകാരമാണ് തന്തി–താന്ത്‌വ സമുദായത്തെ സംസ്ഥാനത്ത് അതിപിന്നാക്ക വിഭാഗത്തിൽപെടുത്തിയത്. എന്നാൽ, പിന്നാക്ക കമ്മിഷന്റെ ശുപാർശ പ്രകാരം 2015 ൽ ഈ സമുദായത്തെ പട്ടികജാതിയിൽ ഉൾപ്പെടുത്തുകയും അതുപ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുകയും ചെയ്തു സർക്കാർ വിജ്ഞാപനമിറക്കി. അതു ഹൈക്കോടതിയും ശരിവച്ചു. തുടർന്നാണ് വിഷയം സുപ്രീം കോടതിയിലെത്തിയത്. 

ചരിത്ര–സാമൂഹിക പശ്ചാത്തലം പരിശോധിച്ചാൽ പട്ടികജാതിയിൽപെടുന്ന പാൻ–സ്വാസി സമുദായത്തിന്റെ ഭാഗമാണ് തന്തി–താന്ത്‌വയെന്നു ബിഹാർ സർക്കാർ ചൂണ്ടിക്കാട്ടി. ഈ വാദം തള്ളിയ സുപ്രീം കോടതി, തീരുമാനം പാർലമെന്റിൽനിന്നാണു വരേണ്ടതെന്നു ചൂണ്ടിക്കാട്ടി. അതേസമയം, 2015 ലെ സർക്കാർ തീരുമാനപ്രകാരം സർവീസിൽ കയറിയവരെ കോടതിനടപടി ബാധിക്കില്ലെന്നും വ്യക്തമാക്കി. അവരുടെ നിയമനം അതിപിന്നാക്ക വിഭാഗത്തിന്റെ പരിധിയിലാക്കണമെന്നു കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ സർക്കാരാണു കുറ്റക്കാരെന്നു നിരീക്ഷിച്ചുകൊണ്ടാണിത്. 

English Summary:

Supreme Court restricted state governments from making changes in Scheduled Castes list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com