ADVERTISEMENT

തിരുവനന്തപുരം∙ അനധികൃത നിലം നികത്തൽ തടഞ്ഞ കലക്ടറുടെ ഉത്തരവു റദ്ദാക്കി വീണ്ടും നിലം നികത്താൻ സർക്കാരിന്റെ പച്ചക്കൊടി. സിപിഎമ്മിന്റെ അടുപ്പക്കാരനായ വിവാദ വ്യവസായിയുടെ തമിഴ്നാട്ടിലെ ബിസിനസ് പങ്കാളികളാണ് ഈ ഭൂമിയുടെ ഉടമകൾ. എറണാകുളം കുന്നത്തുനാട് വില്ലേജിലെ 15 ഏക്കർ (5.8365 ഹെക്ടർ) ഭൂമി നികത്താനാണു കലക്ടറുടെ ഉത്തരവു റദ്ദാക്കി റവന്യു വകുപ്പ് അനുമതി നൽകിയത്. ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണു കലക്ടറുടെ ഉത്തരവു തിരക്കിട്ടു റദ്ദാക്കിയത്. കേരള നെൽവയൽ തണ്ണീർത്തട നിയമം ലംഘിച്ചും അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം നിരാകരിച്ചുമായിരുന്നു ഉത്തരവ്.

കൊച്ചിയിൽ റജിസ്റ്റർ ചെയ്ത സ്പീക്സ് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയുടേതാണു ഭൂമി. മുൻപ് സിന്തൈറ്റ് കമ്പനിയുടെ പേരിലായിരുന്നു ഇതെന്നു കലക്ടറുടെ ഉത്തരവിൽ പറയുന്നു. അടിസ്ഥാന നികുതി റജിസ്റ്റർ (തണ്ടപ്പേർ റജിസ്റ്റർ) പ്രകാരവും കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം തയാറാക്കിയ ഡേറ്റ ബാങ്കിലും ഇതു നിലമാണ്. ഇത് അനധികൃതമായി നികത്തുന്നതിനാൽ നിലം പൂർവസ്ഥിതിയിലാക്കാൻ ഉത്തരവിറക്കണമെന്നു മൂവാറ്റുപുഴ റവന്യു ഡിവിഷനൽ ഓഫിസർ 2017 ഡിസംബറിൽ കലക്ടർക്കു റിപ്പോർട്ട് നൽകി.

വ്യവസ്ഥകളോടെ ഭൂമി പരിവർത്തനം ചെയ്യാൻ 2006 ൽ ലാൻഡ് റവന്യു കമ്മിഷണർ അനുമതി നൽകിയെന്നാണു കമ്പനി വാദം. എന്നാൽ 2008 ലെ നെൽവയൽ തണ്ണീർത്തട നിയമം വന്നതോടെ പഴയ ഉത്തരവുകൾ അസാധുവായി. മാത്രമല്ല പുതിയ നിയമം വന്ന ശേഷം 2013–14 ലാണ് ഈ സ്ഥലം നികത്തിത്തുടങ്ങിയതെന്നു ഡിവിഷനൽ ഓഫിസറുടെ റിപ്പോർട്ടിൽ പറയുന്നു. അന്നു ജനകീയ സമരം നടക്കുകയും കലക്ടർ സ്റ്റോപ്പ് മെമ്മോ കൊടുക്കുകയും ചെയ്തു. തുടർന്നാണു നിലം 15 ദിവസത്തിനകം പൂർവ സ്ഥിതിയിലാക്കണമെന്ന് 2018 സെപ്റ്റംബർ 26 ന് എറണാകുളം കലക്ടർ കെ.മുഹമ്മദ് വൈ.സഫീറുള്ള ഉത്തരവിട്ടത്. അതിനാവശ്യമായ തുക റവന്യു റിക്കവറി വഴി കമ്പനിയിൽ നിന്ന് ഈടാക്കാനും നിർദേശിച്ചു. 

സ്ഥലത്തിന്റെ ക്രയവിക്രയവും പോക്കുവരവും കലക്ടർ മരവിപ്പിച്ചു. നെൽവയൽ സംരക്ഷണ നിയമത്തിലെ സെക് ഷൻ 13 പ്രകാരമുള്ള കലക്ടറുടെ അധികാരം ഉപയോഗിച്ചായിരുന്നു ഉത്തരവ്. ഡേറ്റ ബാങ്കിൽ വയൽ എന്നു രേഖപ്പെടുത്തിയത് ഒഴിവാക്കണമെന്ന കമ്പനിയുടെ അപേക്ഷയും തള്ളി. ഇതിനെതിരെ കമ്പനി കഴിഞ്ഞ നവംബറിൽ സർക്കാരിന് അപ്പീൽ നൽകി. ജനുവരി 31 ന് കലക്ടറുടെ ഉത്തരവു റദ്ദാക്കി സർക്കാരിനു വേണ്ടി റവന്യു അഡീഷനൽ സെക്രട്ടറി ജെ.ബെൻസി ഉത്തരവിട്ടു. സ്ഥലം ഡേറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കാൻ കമ്പനിക്ക് അധികൃതരെ സമീപിക്കാമെന്നും വ്യക്തമാക്കി. സെക്രട്ടേറിയറ്റിലെ കോൺഗ്രസ് സംഘടനയായ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റാണ് ബെൻസി.

നിലം നികത്തിയാൽ കോടികളുടെ വിലയാണു ഭൂമിക്കു ലഭിക്കുക. തരിശിട്ടിരിക്കുന്ന ഭൂമി പോലും പിടിച്ചെടുത്തു കൃഷി ചെയ്യുമെന്നു മന്ത്രി വി.എസ്.സുനിൽ കുമാർ പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണു റവന്യു വകുപ്പിന്റെ ഈ ഒത്തുകളി.

വിവാദ വ്യവസായിയുടെ ‘ഉറ്റ’ പങ്കാളികൾ

കേന്ദ്ര കമ്പനി കാര്യാലയ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ സ്പീക്സ് പ്രോപ്പർട്ടീസിന്റെ ഡയറക്ടർമാരിൽ തമിഴ്നാട്ടിലെ വ്യവസായികളായ കൃഷ്ണമ രാജാമണി, വജ്രവേലു കണ്ണിയപ്പൻ, വാപ്പാല നരേന്ദ്രൻ എന്നിവരുടെ പേരുകളാണ്. എന്നാൽ, ഭൂമി പൂർവസ്ഥിതിയിലാക്കാൻ കലക്ടർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്ന 5 ഡയറക്ടർമാരുടെ കൂട്ടത്തിൽ ഇവരില്ല. കമ്പനിയുടെ വിലാസം ഒന്നു തന്നെയാണ്. പഴയ കമ്പനിയുടെ ഡയറക്ടർമാരാണ് ഇവരെന്നും സ്പീക്സ് ഭൂമി വാങ്ങിയ ശേഷം ക്രയവിക്രയ നടപടി പൂർത്തിയാകാത്തതിനാലാണ് പേരു മാറ്റാത്തതെന്നും ഉദ്യോഗസ്ഥർ പറയുന്നു.

അതേസമയം തമിഴ്നാട്ടിലെ മൂന്നു ഡയറക്ടർമാർ കേരളത്തിലെ വ്യവസായിയുടെ ഏതാനും കമ്പനികളിൽ പങ്കാളികളാണ്. ഇവരിൽ ഒരാളോ മറ്റൊരാളോ ഡയറക്ടറായ തമിഴ്നാട്ടിലെ 15 ലേറെ കമ്പനികളിലും ഈ വ്യവസായിയും പങ്കാളിയാണ്. അതിൽ ചിലത് ഇപ്പോൾ പ്രവർത്തിക്കുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com