ADVERTISEMENT

കവളപ്പാറ (മലപ്പുറം) ∙ മണ്ണിനടിയിൽപെട്ടു കാണാതായ പ്രിയപ്പെട്ടവരെക്കുറിച്ചു പറഞ്ഞ് ഉറ്റവർ കരയുമ്പോൾ കേട്ടുനിന്ന രാഹുൽ ഗാന്ധിയുടെ കണ്ണുകൾ നിറഞ്ഞു. വാക്കുകൾ ഇടറിയപ്പോൾ അദ്ദേഹം അൽപനേരം നിശ്ശബ്ദനായി. നിങ്ങൾക്കൊപ്പം ഞാനുണ്ടാകുമെന്നു പറയാതെ പറഞ്ഞ് ക്യാംപിലെ ഓരോരുത്തരെയും ആശ്വസിപ്പിച്ച് അദ്ദേഹം അവർക്കിടയിലൂടെ നടന്നു. കവളപ്പാറ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിലെ ദുരിതാശ്വാസ ക്യാംപിൽ എത്തിയതായിരുന്നു സ്ഥലം എംപി കൂടിയായ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. 

ആശ്വാസത്തിന്റെ കൈത്താങ്ങായി എത്തിയ നേതാവിനു മുന്നിൽ അവർക്കു പറയാനുണ്ടായിരുന്നതു മുഴുവൻ സങ്കടങ്ങളായിരുന്നു. മണ്ണിനടിയിൽ മറഞ്ഞ മുഴുവൻ പേരെയും കണ്ടെത്തണമെന്ന് അവർ അഭ്യർഥിച്ചു. ഇനിയും കണ്ടെത്താനാകാത്ത ഉറ്റവർക്കായുള്ള കാത്തിരിപ്പ്, തിരിച്ചുപോകാൻ വീടില്ലാത്ത അവസ്ഥ, പുതിയ വീട് വയ്ക്കാൻ മണ്ണുപോലും ഇല്ലാതായത്, മണ്ണിടിച്ചിൽ ഇപ്പോഴും തുടരുന്നത്, പുസ്തകങ്ങളും സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും നശിച്ചുപോയത്... ഓരോരുത്തർക്കും പറയാൻ ഏറെയായിരുന്നു. 

Rahul-kavalappara
ഉരുൾപൊട്ടലുണ്ടായ നിലമ്പൂർ ഭൂദാനം കവളപ്പാറയിൽ വയനാട് എംപി രാഹുൽ ഗാന്ധി എത്തിയപ്പോൾ.

പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും സംസാരിച്ചിട്ടുണ്ടെന്നും ദുരിതാശ്വാസ പ്രവർത്തനത്തിന് എല്ലാം ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനൽകി. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശം നൽകും. എംപി എന്ന നിലയിൽ ആശ്വാസപ്രവർത്തനങ്ങൾക്കു വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ആര്യാടൻ മുഹമ്മദ്, എ.പി.അനിൽകുമാർ എംഎൽഎ, ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ്, ആര്യാടൻ ഷൗക്കത്ത്, വി.എ.കരീം, റഷീദ് പറമ്പൻ തുടങ്ങിയവർ അനുഗമിച്ചു.

രാഹുൽ ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളിലെ ദുരിത മേഖലകളും ദുരിതാശ്വാസ ക്യാംപുകളും സന്ദർശിക്കും. രാവിലെ 9.45 ന് കോഴിക്കോട്  നിന്നു റോഡ് മാർഗം പുറപ്പെടും. 10.30ന് കൈതപ്പൊയിൽ എംഇഎസ് സ്കൂളിലെ ക്യാംപ് സന്ദർശിച്ച ശേഷം വയനാട്ടിലേക്ക്. പുത്തുമലയും ആനക്കയത്തെയും മേപ്പാടിയിലെയും ക്യാംപുകളും സന്ദർശിക്കും. 3.30 ന് വയനാട് കലക്ടറേറ്റിലെ  അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷം പനമരം, മാനന്തവാടി, മീനങ്ങാടി, സുൽത്താൻ ബത്തേരി, മുണ്ടേരി  ക്യാംപുകൾ സന്ദർശിക്കും. രാത്രി കൽപറ്റ ഗവ.ഗെസ്റ്റ് ഹൗസിൽ താമസിച്ചു  നാളെ മടങ്ങും. 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com