ADVERTISEMENT

കൊച്ചി ∙ ഈ വർഷം നടക്കുന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന് 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കാനുള്ള സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്റെ വിജ്ഞാപനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. 2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിലെ വോട്ടർപട്ടിക അടിസ്ഥാനമാക്കണമെന്നും ഈ പട്ടിക ഫെബ്രുവരി 7 വരെ ആളെ ചേർത്തു പുതുക്കിയതിന്റെ അടിസ്ഥാനത്തിൽ കരടു പട്ടിക പ്രസിദ്ധപ്പെടുത്തണമെന്നും ഉത്തരവിട്ടു. ഇതിൽ ഉൾപ്പെടാത്തവർക്കു പേരു ചേർക്കാൻ അവസരമുണ്ടാകും.  

2015 ലെ പട്ടികയിൽ പുതുതായി പേരു ചേർക്കാൻ ഇന്നുവരെ സമയം അനുവദിച്ചുള്ള കമ്മിഷൻ വിജ്ഞാപനം ഫലത്തിൽ റദ്ദായി. 2015 ലെ പട്ടിക ആധാരമാക്കാനുള്ള കമ്മിഷന്റെ തീരുമാനം നേരത്തേ സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു. ഇതിനെതിരെ കോൺഗ്രസ് നേതാവ് എൻ. വേണുഗോപാൽ, മുസ്‌ലിം ലീഗ് നേ‍താവ് സൂപ്പി നരിക്കാട്ടേരി തുടങ്ങിയവർ സമർപ്പിച്ച അപ്പീലുകൾ പരിഗണിച്ചാണു ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. 

കുറച്ച് ഉദ്യോഗസ്ഥരുടെ സൗകര്യത്തിനു വേണ്ടി ലക്ഷക്കണക്കിനാളുകളെ വീണ്ടും ബുദ്ധിമുട്ടിക്കണോ എന്നു കഴിഞ്ഞ ദിവസം വാദത്തിനിടെ കോടതി ചോദിച്ചിരുന്നു. വോട്ടർ പട്ടികയിൽ ഒരിക്കൽ പേരു ചേർത്തവരോടു വീണ്ടും റജിസ്റ്റർ ചെയ്യാൻ എങ്ങനെ പറയുമെന്നും കോടതി ചോദിച്ചു. 

∙വോട്ടർമാർ 10.43 ലക്ഷം കൂടും

∙2015ലെ വോട്ടർ പട്ടികയിലുള്ളവർ: 2,51,08,536 (സ്ത്രീകൾ: 1,30,50,163, പുരുഷന്മാർ: 1,20,58,262, ട്രാൻസ്ജെൻഡർ: 111) 

∙2019ലെ വോട്ടർ പട്ടികയിലുള്ളവർ: 2,61,51,534 (സ്ത്രീകൾ: 1,34,66,521, പുരുഷന്മാർ: 1,26,84,839, ട്രാൻസ്ജെൻഡർ: 174) 

∙2015നെ അപേക്ഷിച്ച് 2019 വോട്ടർ പട്ടികയിൽ അധികമുള്ളവർ: 10,42,998

പട്ടിക പുതുക്കൽ നിർത്തി; തിരഞ്ഞെടുപ്പ് നീളില്ലെന്ന് കമ്മിഷൻ

തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക പുതുക്കൽ നടപടികൾ തൽക്കാലം നിർത്തിവച്ചെന്നു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. വിധി തിരിച്ചടിയല്ലെന്നും തിരഞ്ഞെടുപ്പ് നീണ്ടുപോകില്ലെന്നും കമ്മിഷണർ വി.ഭാസ്കരൻ പറഞ്ഞു. വിധി പഠിച്ച ശേഷം ആവശ്യമെങ്കിൽ മാത്രം അപ്പീൽ നൽകും. 

അപ്പീൽ നൽകിയാൽ  തിരഞ്ഞെടുപ്പ് നീളാം

തിരുവനന്തപുരം ∙ വോട്ടർ പട്ടികയെ ചൊല്ലിയുള്ള തർക്കം സുപ്രീം കോടതിയിലേക്കു നീണ്ടാൽ തദ്ദേശ തിരഞ്ഞെടുപ്പു തന്നെ നീട്ടിവയ്ക്കേണ്ടി വരാം. 2019 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കുന്നതിന്റെ സാങ്കേതിക ബുദ്ധിമുട്ടും 2015 ലെ പട്ടിക കരടായി സ്വീകരിച്ചുള്ള നടപടികളും ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കാനാണു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ആലോചിക്കുന്നത്. 

വിധിപ്പകർപ്പ് കിട്ടിയശേഷം തിരുമാനിക്കുമെന്നാണു കമ്മിഷൻ പറയുന്നതെങ്കിലും അപ്പീൽ പോകാൻ തന്നെയാണ് ആലോചന. ബൂത്ത് അടിസ്ഥാനത്തിലുള്ള 2019 ലെ വോട്ടർ പട്ടിക തദ്ദേശ തിരഞ്ഞെടുപ്പിനായി വാർഡ് അടിസ്ഥാനത്തിലാക്കുന്നത് എളുപ്പമല്ലെന്നു സ്ഥാപിക്കാനാകും ശ്രമം. 2015 ലെ പട്ടികയിൽ പുതുതായി പേരു ചേർക്കുന്ന നടപടി അന്തിമഘട്ടത്തിലാണെന്നും 14.5 ലക്ഷം അപേക്ഷ കിട്ടിയെന്നും ചൂണ്ടിക്കാട്ടും. നിയമയുദ്ധം തുടർന്നാൽ ഒക്ടോബറിലെ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ടിവരാം.

ഹൈക്കോടതി ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ പോലും പട്ടിക പുതുക്കൽ നീളാൻ സാധ്യതയുണ്ടായിരുന്നു. വാർഡ് പുനർവിഭജനം പൂർത്തിയാക്കുമ്പോൾ അതിന് അനുസൃതമായി പട്ടിക പുതുക്കേണ്ടതിനാലാണിത്.

അപ്പീൽ നൽകിയില്ലെങ്കിലും കമ്മിഷന് ജോലികളേറെ

റോസമ്മ ചാക്കോ

കൊച്ചി ∙ ഹൈക്കോടതി ഉത്തരവു നടപ്പാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനു മുന്നിലുള്ളതു പുതിയ വിജ്ഞാപനം ഉൾപ്പെടെ സങ്കീർണമായ നടപടികൾ. സുപ്രീം കോടതിയിൽ അപ്പീൽ നൽകേണ്ടതില്ലെന്നു തീരുമാനിച്ചാൽ, പുതിയ ഷെഡ്യൂൾ ഉൾപ്പെടുത്തിയുള്ള വിജ്ഞാപനവും അതുപ്രകാരം കരടു പ്രസിദ്ധപ്പെടുത്തലും പേരുചേർക്കലുമൊക്കെ നടത്തണം. നിലവിലുള്ള തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെ കാലാവധി ഈ വർഷം നവംബർ 12നു കഴിയുന്നതിനാൽ നവംബർ 11നകം പുതിയ അംഗങ്ങൾ സ്ഥാനമേൽക്കണം. 

കരട് പ്രസിദ്ധപ്പെടുത്തും മുൻപ്, ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ബൂത്ത് അടിസ്ഥാനത്തിലുള്ള പട്ടിക തദ്ദേശ തിരഞ്ഞെടുപ്പിനായി വാർഡ് അടിസ്ഥാനത്തിലാക്കുകയെന്ന പ്രധാന ജോലിയുണ്ട്. വാർഡുകളുടെ ഭാഗങ്ങൾ വിവിധ പോളിങ് ബൂത്തുകളിൽ ഉൾപ്പെടുമെന്നതിനാൽ വാർഡ് നമ്പരും വീട്ടു നമ്പരും പരിശോധിച്ച് വീടുകയറിയുള്ള പരിശോധന വേണ്ടി വരും. വീണ്ടും ഫീൽഡ് പരിശോധന വേണ്ടിവരുന്നതു ക്ലേശകരമാണെന്ന വാദം കമ്മിഷൻ ഉന്നയിക്കുകയും ചെയ്തിരുന്നു. 

‘വിധിയിൽ നടപടി സ്വീകരിക്കേണ്ടത് തിരഞ്ഞെടുപ്പു കമ്മിഷനാണ്. സർക്കാർ അതനുസരിച്ചു മുന്നോട്ടുപോകും. വോട്ടർപട്ടികയുടെ പേരിൽ തിരഞ്ഞെടുപ്പ് വൈകിക്കില്ല.’ '

തദ്ദേശ ഭരണ മന്ത്രി എ.സി.മൊയ്തീൻ

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com