ADVERTISEMENT

വെള്ളാങ്ങല്ലൂർ (തൃശൂർ) ∙ പുല്ലൂറ്റ് കോഴികുളങ്ങര സ്വദേശി കുണ്ടുപറമ്പിൽ പരേതനായ രാമന്റെ മകൻ സുനേഷിനെ(32) കടലായി പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. ശനി വൈകിട്ട് കാണാതായ സുനേഷിന്റെ മൃതദേഹം ഇന്നലെ രാവിലെ പത്തോടെയാണ് കണ്ടെത്തിയത്.

സുനേഷിനെ കാണാനില്ലെന്നു കാണിച്ച് വീട്ടുകാർ  പൊലീസിൽ പരാതി നൽകിയിരുന്നു. ഇയാൾക്ക് കടുത്ത മദ്യാസക്തി ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അമ്മ: ദേവയാനി. ഏക സഹോദരൻ സുമേഷ് 10 വർഷം മുൻപ് പുഴയിൽ വീണ് മരിച്ചിരുന്നു.

മദ്യം ലഭിച്ചില്ല; വെച്ചൂ‍ർ സ്വദേശി കുഴഞ്ഞുവീണു  മരിച്ചു

വൈക്കം ∙ മദ്യം ലഭിക്കാതിരുന്നതിനെ തുടർന്ന് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന വെച്ചൂർ സ്വദേശി കുഴഞ്ഞു വീണു മരിച്ചു.  തനിച്ചു താമസിക്കുകയായിരുന്ന ഇയാൾ ലോക്ഡൗണിനെ തുടർന്ന് മദ്യം ലഭിക്കാതായതോടെ രണ്ടു ദിവസമായി കടുത്ത മാനസികാസ്വാസ്ഥ്യത്തിലായിരുന്നെന്നു നാട്ടുകാർ പറയുന്നു. 

ഇന്നലെ രാവിലെ അവശനിലയിൽ കണ്ടെത്തിയ ഇയാളെ ആരോഗ്യപ്രവർത്തകരും നാട്ടുകാരും ചേർന്ന് സമീപത്തെ ഹെൽത്ത് സെന്ററിലും താലൂക്ക് ആശുപത്രിയിലും എത്തിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

പതിവായി മദ്യം കഴിച്ചിരുന്ന ഇയാൾക്ക് മതിയായ അളവിൽ മദ്യം ലഭിക്കാതെ വന്നതാണ് മരണകാരണമെന്നു ഡോക്ടർ അറിയിച്ചതായി വൈക്കം സിഐ എസ്.പ്രദീപ് പറഞ്ഞു.

കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമം

ചങ്ങനാശേരി ∙ ലോക്ഡൗൺ ഏർപ്പെടുത്തിയതിനെ തുടർന്ന് മദ്യം ലഭിക്കാതെ വന്ന യുവാവ് ഇരുനില കെട്ടിടത്തിനു മുകളിൽ നിന്നു ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. വാഴപ്പള്ളി സ്വദേശിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. 

ഞായറാഴ്ച രാവിലെ എട്ടിന് ഒന്നാം നമ്പർ വാഴൂർ ബസ് സ്റ്റാൻഡിനു സമീപത്തുള്ള കെട്ടിടത്തിൽ നിന്നാണ് ചാടിയത്. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ഒരാൾ നിൽക്കുന്നതു കണ്ട സുരക്ഷാ ജീവനക്കാർ യുവാവിനോട് താഴെയിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല.

ഇതോടെ പൊലീസിൽ വിവരം അറിയിച്ചു. പൊലീസും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാതെ ചാടുകയായിരുന്നു. പരുക്കേറ്റ ഇയാളെ ചങ്ങനാശേരി ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

English summary: Kerala lockdown; liquor unavailability suicide cases

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com