ADVERTISEMENT

തിരുവനന്തപുരം ∙ തന്റെ മരണശേഷം ആചാരവെടി ഉൾപ്പെടെയുള്ള ഔദ്യോഗിക ബഹുമതിയും പുഷ്പചക്രവും പൂക്കളർപ്പിക്കലും അനുശോചന യോഗവുമെല്ലാം ഒഴിവാക്കണമെന്നു സുഗതകുമാരി ഒസ്യത്തിൽ എഴുതി പരസ്യപ്പെടുത്തിയെങ്കിലും അതെല്ലാം അവഗണിക്കപ്പെട്ടു.

ഔദ്യോഗിക ബഹുമതികളോടെ ആചാരവെടി മുഴക്കിയായിരുന്നു തൈക്കാട് ശാന്തികവാടത്തിലെ സംസ്കാരം. മെഡിക്കൽ കോളജിൽനിന്നു മൃതദേഹം എത്തിച്ചപ്പോൾ മന്ത്രിയും ജനപ്രതിനിധികളുമടക്കം പുഷ്പചക്രം സമർപ്പിച്ചു.

കോവിഡ് ബാധിച്ചു മരിച്ചതിനാൽ പൊതുദർശനമടക്കമുള്ള കാര്യങ്ങൾ ഒഴിവായെങ്കിലും കവി വെറുത്തിരുന്ന ‘പതിവ് ചടങ്ങുകളും ആചാരങ്ങളും’ വേണ്ടെന്നു വയ്ക്കാൻ സർക്കാർ തയാറായില്ല.

അയ്യങ്കാളി ഹാളിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സുഗതകുമാരിയുടെ ചിത്രം വച്ചതുതന്നെ പുഷ്പമഞ്ചം ഒരുക്കിയായിരുന്നു. ഇവിടെ എത്തിയവർക്കു അർപ്പിക്കാൻ പൂക്കളും ഒരുക്കി. റീത്തുകളും സമർപ്പിക്കപ്പെട്ടു. 

തന്റെ ചിത്രത്തിനു മുന്നിൽ പൂക്കൾ കുമിയുന്നതു കവിയുടെ ആത്മാവിനെ നൊമ്പരപ്പെടുത്തിയിട്ടുണ്ടാകുമെന്നു സൂര്യ കൃഷ്ണമൂർത്തിയടക്കമുള്ളവർ ചൂണ്ടിക്കാട്ടി. 

സംസ്കാര ശേഷം ഇതേ ഹാളിൽ സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ അനുശോചന യോഗം ചേർന്നതും അതു വിലക്കിയ കവിയോടുള്ള അനാദരമായി. സുഗതകുമാരി ആദ്യ അധ്യക്ഷയായ വനിതാ കമ്മിഷൻ ഓഫിസിലും ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന സംഘടിപ്പിച്ചു. അതേസമയം, കവി ആഗ്രഹിച്ചതുപോലെ മതപരമായ ചടങ്ങുകളൊന്നുമില്ലാതെയായിരുന്നു സംസ്കാരം. 

ഒന്നര വർഷം മുൻപ്, രണ്ടാമതും ഹൃദയാഘാതം വന്ന് അവശയായപ്പോഴായിരുന്നു മരണാനന്തര നടപടികൾ എങ്ങനെയായിരിക്കണമെന്നു സുഗതകുമാരി വ്യക്തമാക്കിയത്. നിർദേശങ്ങൾ ഇങ്ങനെ: 

‘എനിക്കായി പൂക്കൾ വാടി വീഴരുത്. ഒരു പൂവും റീത്തും എന്റെ ദേഹത്തു വയ്ക്കരുത്. ശവപുഷ്പങ്ങൾ വേണ്ട. ജീവിച്ചിരിക്കുമ്പോൾ അൽപം സ്നേഹം തന്നാൽ മതി.  ആശുപത്രിയിലാണു മരിക്കുന്നതെങ്കിൽ എത്രയും വേഗം വീട്ടിൽ കൊണ്ടുവരണം. തൈക്കാട് ശാന്തികവാടത്തിൽ ആദ്യം ലഭ്യമായ സമയത്തു ദഹിപ്പിക്കണം. ആരെയും കാത്തിരിക്കരുത്. സർക്കാരിന്റെ ഔദ്യോഗിക ബഹുമതിയും വേണ്ട. പൊലീസുകാർ ചുറ്റിലുംനിന്ന് ആചാരവെടി മുഴക്കരുത്. മതപരമായ വലിയ ചടങ്ങുകളും വേണ്ട. ശാന്തികവാടത്തിൽനിന്നു ലഭിക്കുന്ന ചിതാഭസ്മം ശംഖുമുഖത്ത് കടലിലൊഴുക്കണം. സഞ്ചയനവും വേണ്ട; പതിനാറും വേണ്ട. സദ്യയും കാപ്പിയും ഒന്നും വേണ്ട. കുറച്ചു പാവപ്പെട്ടവർക്ക് ആഹാരം കൊടുക്കാൻ ഞാൻ ഏർപ്പാടു ചെയ്തിട്ടുണ്ട്. അതുമതി. അനുശോചനയോഗമോ സ്മാരക പ്രഭാഷണങ്ങളോ പാടില്ല. പേയാട്ട് ‘അഭയ’യുടെ പിൻഭാഗത്തു പാറക്കെട്ടുകൾ‌ക്കു നടുവിൽ എനിക്കായി ഒരു ആൽ നട്ടുവളർത്തിയാൽ മതി. കിളികൾ അവിടെ കൂടൊരുക്കും. ജീവികൾ അതിലെ പഴങ്ങൾ കഴിക്കും. അതൊരു തണലാകും.’

English Summary: Sugathakumari last rites

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com